24 മണിക്കൂറിനിടെ 38,902 രോഗികൾ, രാജ്യത്ത് കൊവിഡ് രോഗികളിൽ വൻ വര്‍ദ്ധന
543 പേര്‍ കൂടി മരിച്ചതോടെ 26,816 പേരാണ് രാജ്യത്ത് കൊവിഡ് ബാധിതരായി മരിച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് 6,77,423 പേരാണ് രോഗമുക്തി നേടിയത്.
ദില്ലി: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം റെക്കോഡിൽ. 24 മണിക്കൂറുകള്‍ക്കിടെ 38,902 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ റിപ്പോര്‍ട്ട്. ഇതുവരെ 10,77,618 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 543 പേര്‍ കൂടി മരിച്ചതോടെ 26,816 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് കാരണം ജീവന്‍ നഷ്ടപ്പെട്ടതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് 6,77,423 പേരാണ് രോഗമുക്തി നേടിയത്.
മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതർ മൂന്ന് ലക്ഷം കടന്നു. മുംബൈയിൽ മാത്രം ഒരു ലക്ഷം കൊവിഡ് കേസുകളായി. തമിഴ്നാട്ടിലും കർണ്ണാടകയിലും തുടർച്ചയായി നാലായിരത്തിലേറെ കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. ആന്ധ്രപ്രദേശിലും രോഗികളുടെ എണ്ണത്തിൽ വൻവർദ്ധനയാണുണ്ടായത്. മൂവായിരത്തി തൊള്ളായിരം കേസുകളാണ് 24 മണിക്കൂറിനിടയിൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. പശ്ചിമ ബംഗാളിൽ പ്രതിദിന രോഗബാധ രണ്ടായിരം കടന്നു. രണ്ടായിരത്തിനടുത്ത് കേസുകൾ റിപ്പോർട്ട് ചെയ്ത ബിഹാറിലും ഉത്തർപ്രദേശിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. അതേസമയം ദില്ലിയിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം ആയിരത്തി അഞ്ഞൂറിൽ താഴെയെത്തിയത് ആശ്വാസകരമാണ്.
ബംഗളുരുവിൽ കാര്യമായ രോഗലക്ഷണങ്ങളുള്ള കൊവിഡ് ബാധിതരെ മാത്രം കിടത്തി ചികിത്സിച്ചാൽ മതിയെന്ന് ആശുപത്രികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ലക്ഷണങ്ങളില്ലാതെയും നേരിയ രോഗലക്ഷണങ്ങളോടെ എത്തുന്നവരെയും കൊവിഡ് കെയർ കേന്ദ്രങ്ങളിലേക്കയക്കണമെന്ന് കർണാടക സർക്കാർ നിർദേശം നൽകി.
ആശുപത്രികളിൽ തിരക്കേറുകയും ഗുരുതരലക്ഷണങ്ങളുള്ളവർക്ക് ചികിത്സ നിഷേധിക്കപ്പെടുകയും ചെയ്യുന്ന സംഭവങ്ങൾ വ്യാപകമാവുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് പുതിയ ഉത്തരവ്. ലക്ഷണങ്ങളില്ലാത്തവർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയാനാണ് നിർദേശം. രോഗബാധിതരുടെ എണ്ണത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്തുള്ള ബ്രസീലിലെ പ്രതിദിന വര്‍ദ്ധനയ്ക്ക് സമാനമാണ് ഇപ്പോൾ ഇന്ത്യയിലെ കണക്ക്.