കണ്ടെയ്ൻമെന്റ് സോണുകളിലുള്ള എല്ലാവർക്കും ആന്റിജൻ പരിശോധന നടത്തണം: ഐസിഎംആര്‍
ആന്റിജൻ പരിശോധനയിൽ നെഗറ്റീവായ ആൾ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചാൽ ആർടി-പിസിആർ പരിശോധന നടത്തണം.
ദില്ലി: കണ്ടെയ്ൻമെന്റ് സോണുകളിലുള്ള എല്ലാവർക്കും ആന്റിജൻ പരിശോധന നിർബന്ധമായും നടത്തണമെന്ന് ഐസിഎംആർ. പുതിയ മാർഗനിർദേശത്തിലാണ് ഐസിഎംആർ ഇക്കാര്യം നിർദേശിച്ചിരിക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളിലെ കണ്ടെയ്ൻമെന്റ് സോണുകളിലുള്ള എല്ലാവർക്കും ദ്രുത ആന്റിജൻ പരിശോധന നടത്തണമെന്നാണ് നിർദേശം.
എന്നാൽ സംസ്ഥാനങ്ങൾക്ക് അവരുടെ വിവേചനാധികാരം ഉപയോഗിച്ച് ഈ നിർദേശത്തിൽ മാറ്റംവരുത്താമെന്നും ഐസിഎംആർ പറയുന്നു. ആന്റിജൻ പരിശോധനയിൽ നെഗറ്റീവായ ആൾ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചാൽ ആർടി-പിസിആർ പരിശോധന നടത്തണം.
കണ്ടെയ്ൻമെന്റ് സോണുകളിൽ താമസിക്കുന്ന 100 ശതമാനം ആളുകളെയും റാപ്പിഡ് ആന്റിജൻ പരിശോധനയ്ക്കു വിധേയമാക്കണം, പ്രത്യേകിച്ചും അണുബാധ പടരുന്ന നഗരങ്ങളിൽ ഇത് അതാത് സംസ്ഥാനങ്ങള്‍ ഏറ്റെടുത്ത് ചെയ്യണമെന്നാണ് ഐസിഎംആര്‍ പറയുന്നത്.
പ്രസവം പോലുള്ള അടിയന്തര സ്വഭാവമുള്ള കേസുകളിൽ ചികിത്സ, പരിശോധന സൗകര്യത്തിന്റെ അഭാവത്തിൽ വൈകരുത്. കൂടാതെ ഗർഭിണികളെ പരിശോധനാ സൗകര്യത്തിന്റെ അഭാവത്തിൽ റഫർ ചെയ്യരുതെന്നും മാർഗനിർദേശത്തിൽ ഊന്നിപ്പറയുന്നു. ആശുപത്രികളിൽ ആർടി-പിസിആർ പരിശോധനകൾക്ക് മുൻഗണന നൽകണമെന്നും മാർഗനിർദേശം പറയുന്നു.