ജില്ലകൾ തോറും കൊവിഡ് പ്രതിരോധ പ്രവർത്തന സംഘത്തെ വിന്യസിക്കണം; കളക്ടർമാരോട് ആവശ്യപ്പെട്ട് ഉദ്ധവ് താക്കറേ

കൂടാതെ കോവിഡ് പരിശോധനാ റിപ്പോർട്ട് സമർപ്പിക്കുന്ന കാര്യത്തിൽ സ്വകാര്യ ലബോറട്ടറികൾ അലസത പ്രകടിപ്പിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

covid task force in each districts says Thackeray

മുംബൈ: സംസ്ഥാനത്തെ ഓരോ ജില്ലകളിലും വിദ​ഗ്ധരായ ഡോക്ടേഴ്സിനെ ഉൾപ്പെടുത്തി കൊവിഡ്  പ്രതിരോധ പ്രവർത്തന സംഘത്തെ വിന്യസിക്കാൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേ കളക്ടർമാരോട് ആവശ്യപ്പെട്ടു. 36 ജില്ലകളിലും ഈ സംവിധാനം ഏർപ്പെടുത്താനാണ് നിർദ്ദേശം. കൊവിഡ് രോ​ഗികളെ കൃത്യസമയത്ത് തന്നെ കണ്ടെത്തി ആവശ്യമായ ചികിത്സ ലഭ്യമാക്കുന്നതിന് വേണ്ടിയാണിത്. കൊറോണ വൈറസിനെതിരെ സ്വീകരിച്ച നടപടികൾ വിലയിരുത്താൻ കളക്ടർമാർ, റവന്യൂ കമ്മീഷണേഴ്സ്, മുനിസിപ്പൽ കമ്മീഷണർമാർ എന്നിവരുമായി താക്കറേ വീഡിയോ കോൺഫറൻസിം​ഗ് നടത്തിയിരുന്നു. 

കൊവിഡ് രോ​ഗികളെ ചികിത്സിക്കുന്ന കാര്യത്തിൽ സംസ്ഥാനതല പ്രതിരോധ സംഘം വിജയിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കൃത്യസമയത്ത് കണ്ടെത്തി ചികിത്സിക്കുകയാണെങ്കിൽ കൊറോണ രോ​ഗികൾക്ക് പൂർണ്ണ സൗഖ്യം നേടാൻ സാധിക്കുമെന്നും ഉദ്ധവ് താക്കറേ ഉറപ്പ് നൽകി. പ്രായാധിക്യം മൂലമോ ആരോ​ഗ്യ പ്രശ്നങ്ങൾ മൂലമോ രോ​ഗികൾക്ക് ചികിത്സ നൽകാൻ മുതിർന്ന ഡോക്ടേഴ്സിന് സാധിക്കാത്ത പക്ഷം ജൂനിയറായ ഡോക്ടേഴ്സിനെ ചികിത്സയ്ക്കായി നിയോ​ഗിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവർക്ക് ആവശ്യമായി മാർ​ഗനിർദ്ദേശങ്ങൾ നൽകുകയും വേണം. 

കൂടാതെ കോവിഡ് പരിശോധനാ റിപ്പോർട്ട് സമർപ്പിക്കുന്ന കാര്യത്തിൽ സ്വകാര്യ ലബോറട്ടറികൾ അലസത പ്രകടിപ്പിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. 24 മണിക്കൂറിനകം പരിശോധനാ റിപ്പോർട്ടുകൾ സമർപ്പിക്കണം. കാലതാമസം വന്നാൽ ​ക്ഷമിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Latest Videos
Follow Us:
Download App:
  • android
  • ios