ദില്ലിയിൽ കൊവിഡ് നിയന്ത്രണവിധേയം, രോഗബാധിതരുടെ എണ്ണത്തിൽ കുറവെന്ന് അരവിന്ദ് കെജ്‌രിവാൾ
രോഗമുക്തി നിരക്ക് 66.79 ആയി ഉയർന്നു. തലസ്ഥാനത്തെ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും ആവശ്യത്തിന് ബെഡുകൾ സജ്ജമാണെന്നും കെജ്‍രിവാൾ
ദില്ലി: ദില്ലിയിൽ ഒരാഴ്ച്ചയായി പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണത്തിൽ കുറവുണ്ടെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ. ജൂൺ മുപ്പതോടെ ഒരു ലക്ഷം കൊവിഡ് കേസുകളായിരുന്നു ദില്ലിയിൽ പ്രതീക്ഷിച്ചത്. ഇത് എൺപത്തിയേഴായിരത്തിലേക്ക് ചുരുക്കാനായെന്നും കെജ്‍രിവാൾ പറഞ്ഞു. ഒരാഴ്ച്ച കൊണ്ട് രോഗം ഭേദമാകുന്നവരുടെ എണ്ണം വർദ്ധിച്ചത് നേട്ടമായി. രോഗമുക്തി നിരക്കും 66.79 ആയി ഉയർന്നു.
തലസ്ഥാനത്തെ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും ആവശ്യത്തിന് ബെഡുകൾ സജ്ജമാണെന്നും കെജ്‍രിവാൾ വ്യക്തമാക്കി. 26,270 പേരാണ് ദില്ലിയിൽ നിലവിൽ ചികിത്സയിൽ ഉള്ളത്. ദില്ലിയിൽ കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകള്‍ 3000 ത്തിന് മുകളിലായിരുന്നുവെങ്കിൽ കഴിഞ്ഞ രണ്ട് ദിവസമായി രണ്ടായിരത്തി ഇരുന്നൂറിനടത്തു കേസുകൾ മാത്രമാണുള്ളത്.