ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സ്ഥിതി സങ്കീർണ്ണം; ഓക്സിജന്‍റെയും മരുന്നുകളുടെയും ലഭ്യതക്കുറവും വെല്ലുവിളി
ആശുപത്രികളിൽ കിടക്കൾ കിട്ടാത്തത് മാത്രമല്ല ഗുജറാത്തിലും, ചത്തീസ്ഗഢിലും, മധ്യപ്രദേശിലും ഓക്സിജൻ സിലണ്ടറുകൾ ലഭ്യമല്ലെന്ന പരാതിയും വ്യാപകമാണ്. മധ്യപ്രദേശിൽ 12 രോഗികൾ ഓക്സിജൻ കിട്ടാതെ മരിച്ചെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു.
ദില്ലി: കൊവിഡ് രണ്ടാം തരംഗം അതിതീവ്രമായതോടെ ദില്ലി ഉൾപ്പെടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സ്ഥിതി സങ്കീർണ്ണം. ഓക്സിജന്റെയും കൊവിഡ് ചികിത്സ മരുന്നുകളുടെയും ലഭ്യത കുറയുന്നത് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ജീവൻ രക്ഷാ മരുന്നായ റെംദിവിറിന്റെ ഉത്പാദനം കൂട്ടാൻ ഇരുപത് പുതിയ പ്ലാന്റുകൾ കേന്ദ്രസർക്കാർ സ്ഥാപിക്കും.
ഏറെ ഗുരുതരസാഹചര്യത്തിലൂടെയാണ് രാജൃതലസ്ഥാനമായ ദില്ലിയിൽ ഉൾപ്പടെ ഉത്തരന്ത്യേൻ സംസ്ഥാനങ്ങൾ കടന്നുപോകുന്നത്. ആശുപത്രികളിൽ കിടക്കൾ കിട്ടാത്തത് മാത്രമല്ല ഗുജറാത്തിലും, ചത്തീസ്ഗഢിലും, മധ്യപ്രദേശിലും ഓക്സിജൻ സിലണ്ടറുകൾ ലഭ്യമല്ലെന്ന പരാതിയും വ്യാപകമാണ്. മധ്യപ്രദേശിൽ 12 രോഗികൾ ഓക്സിജൻ കിട്ടാതെ മരിച്ചെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. എന്നാൽ മരണം ഓക്സിജൻ ലഭ്യമാകാത്തത് കൊണ്ടല്ലെന്നാണ് സർക്കാർ വിശദീകരണം. ഓക്സിജൻ സിലണ്ടറുകളുടെ കരിഞ്ചന്തകളിൽ വിൽപന തടയാൻ കടുത്ത നടപടികളിലേക്ക് കടക്കുകയാണ് സർക്കാരുകൾ. ഇതിനിടെ കൊവിഡ് ചികിത്സ മരുന്നുകളുടെ ക്ഷാമം ഉത്തരേന്ത്യയെ പ്രതിസന്ധിയിലാക്കുന്നു.
ജീവൻരക്ഷ മരുന്നായ റെംദിവിറിന്റെ 90000ഡോസ് ചത്തീസ്ഗഢിന് കേന്ദ്രം നൽകും. കൂടാതെ പുതിയ 20 പ്ലാന്റുകൾ വഴി പ്രതിദിനം ഒന്നര ലക്ഷം മുതൽ മൂന്ന് ലക്ഷം വരെ കുപ്പി മരുന്ന് ഉത്പാദിപ്പിക്കാനാണ് കേന്ദ്രസർക്കാർ തീരുമാനം. മധ്യപ്രദേശ്, യുപി, ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ ടെസ്റ്റ് പോസ്റ്റിവിറ്റി ഉയരുകയാണ്. രോഗികളുടെ പ്രതിദിന വർധനവ് കുറവാണെങ്കിലും ബീഹാർ, പശ്ചിമബംഗാൾ, പഞ്ചാബ് എന്നിവിടങ്ങളിൽ മരണനിരക്ക് കൂടുതലാണ്. പല സംസ്ഥാനങ്ങൾ താൽകാലിക ആശുപത്രികൾ തയ്യാറാക്കി ചികിത്സരംഗ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുകയാണ്.