രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ കുറവ്; 24 മണിക്കൂറിനിടെ 1.86 ലക്ഷം രോഗികൾ; മരണനിരക്കിലും കുറവ്
24 മണിക്കൂറിനിടെ 1.86 ലക്ഷം പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസം വരെ രണ്ട് ലക്ഷത്തിന് മുകളിലായിരുന്നു പ്രതിദിന രോഗികളുടെ എണ്ണം. കൊവിഡ് ബാധിച്ച് ഒരു ദിവസം മരിക്കുന്നവരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്
ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ കുറവുണ്ടായെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. 24 മണിക്കൂറിനിടെ 1.86 ലക്ഷം പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസം വരെ രണ്ട് ലക്ഷത്തിന് മുകളിലായിരുന്നു പ്രതിദിന രോഗികളുടെ എണ്ണം. കൊവിഡ് ബാധിച്ച് ഒരു ദിവസം മരിക്കുന്നവരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ 3660 പേർ മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 23, 43,152 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.
അതേസമയം, ഇന്ത്യയിൽ ആദ്യം കണ്ടെത്തിയ കൊവിഡിന്റെ ബി. 1.617 വകഭേദം കുറഞ്ഞത് 53 രാജ്യങ്ങളിലെങ്കിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ഏഴു ദിവസങ്ങളിൽ പുതിയ കേസുകളുടെ എണ്ണത്തിൽ 23 ശതമാനം കുറവ് ഇന്ത്യ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അവ ഇപ്പോഴും ലോകത്തിലെ ഏറ്റവും ഉയർന്ന കേസുകളാണെന്നും ഡബ്ല്യൂഎച്ച്ഒ പറയുന്നു.
മുൻ വകഭേദങ്ങളെ അപേക്ഷിച്ച് ബി. 1.617ന് വ്യാപന ശേഷി കൂടുതലാണെന്ന് ഡബ്ല്യൂഎച്ച്ഒ പറയുന്നു. എന്നാൽ ഇതുണ്ടാക്കുന്ന രോഗതീവ്രതയെയും അണുബാധ സാധ്യതയെയും കുറിച്ച് പഠനങ്ങൾ നടക്കുന്നതേയുള്ളൂ. ബി 1.617 വകഭേദത്തിന് മൂന്ന് ഉപവിഭാഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടനാ വക്താവ് പ്രതിവാര വിശദീകരണത്തില്‍ അറിയിച്ചു. ഇതില്‍ ബി 1.617.1 നാല്‍പ്പത്തിയൊന്നു രാജ്യങ്ങളിലാണ് കണ്ടെത്തിയിട്ടുള്ളത്.
ബി 617.2 അന്‍പത്തിനാലു രാജ്യങ്ങളിലുണ്ട്. മൂന്നാമത്തെ ഉപവിഭാഗമായ ബി 1. 617.3 ആറു രാജ്യങ്ങളിലാണ് കണ്ടെത്തിയിട്ടുള്ളതെന്നും ഡബ്ല്യൂഎച്ച്ഒ വ്യക്തമാക്കുന്നു. ഈ വകഭേദം അതിവേഗം പടരുന്നതാണെന്നും വാക്‌സിനെ പ്രതിരോധിക്കുന്നുണ്ടോയെന്നു പരിശോധിക്കുകയാണെന്നും ഡബ്ല്യൂഎച്ച്ഒ പറഞ്ഞു.
ആഗോളതലത്തിൽ കഴിഞ്ഞയാഴ്ച പുതിയ കൊവിഡ് കേസുകളും മരണങ്ങളും കുറഞ്ഞുവരികയാണെന്ന് ഡബ്ല്യൂഎച്ച്ഒ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. 4.1 ദശലക്ഷം പുതിയ കൊവിഡ് കേസുകളും 84000 പുതിയ മരണങ്ങളും ആണ് കഴിഞ്ഞാഴ്ച്ച റിപ്പോർട്ട് ചെയ്യപ്പെട്ടത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona