കൊവിഡിനോട് പൊരുതുന്ന യുവതി ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി
അമ്മയും കുഞ്ഞുങ്ങളും തമ്മിൽ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാതിരിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഏർപ്പെടുത്തി ആയിരുന്നു പ്രസവം.
ഹൈദരാബാദ്: കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന യുവതി ഇരട്ട പെൺ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയിലായിരുന്നു പ്രസവം. ഇരുപത് വയസുകാരിയായ അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
തെലങ്കാനയിലെ മേച്ചലിൽ നിന്നുള്ള യുവതിയ്ക്ക് സിസേറിയൻ നടത്തിയാണ് കുഞ്ഞുങ്ങളെ പുറത്തെടുത്തത്. നവജാതശിശുക്കളുടെ സാമ്പിളുകൾ കൊവിഡ് പരിശോധിക്കുന്നതിനായി ശേഖരിച്ചുവെന്നും ഫലങ്ങൾ ബുധനാഴ്ച വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതർ അറിയിച്ചു. 2.5, 2 കിലോഗ്രാം വീതം ഭാരമുണ്ട് കുഞ്ഞുങ്ങൾക്ക്.
അമ്മയും കുഞ്ഞുങ്ങളും തമ്മിൽ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാതിരിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഏർപ്പെടുത്തി ആയിരുന്നു പ്രസവം. കുഞ്ഞുങ്ങളുടെ ജനനം കുടുംബത്തിന് മാത്രമല്ല, കൊറോണ വൈറസ് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ ജീവൻ രക്ഷിക്കാൻ പരിശ്രമിക്കുന്ന ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും സന്തോഷം പകരുന്ന വാർത്തയായി മാറി.