യുപിയില്‍ കൊവിഡ് ബാധിതന്‍റെ മൃതദേഹം പുഴയില്‍ തള്ളുന്നതിന്റെ ദൃശ്യം പുറത്ത്

നേരത്തേ കൊവിഡ് ബാധിച്ച് മരിച്ചവരുടെ നൂറുകണക്കിന് മൃതദേഹങ്ങള്‍ ബീഹാറിലും ഉത്തര്‍ പ്രദേശിലുമായി ഗംഗാനദിയില്‍ കണ്ടെത്തിയ സംഭവം ഏറെ വിവാദങ്ങള്‍ വഴിയൊരുക്കിയിരുന്നു. ഗംഗാതീരത്ത് നൂറുകണക്കിന് മൃതദേഹങ്ങള്‍ കുഴിച്ചിട്ടതായും കണ്ടെത്തിയിരുന്നു. ഈ സംഭവങ്ങള്‍ ഏറെ ഭീതി സൃഷ്ടിച്ചതിന് പിന്നാലെയാണ് തിരക്കുള്ള നിരത്തില്‍ നിന്ന് കൊവിഡ് ബാധിതന്റെ മൃതദേഹം പുഴയിലേക്ക് തള്ളുന്ന ദൃശ്യം പുറത്തുവന്നിരിക്കുന്നത്

covid patients body being thrown in river video goes viral

ബല്‍റാംപൂര്‍: ഉത്തര്‍പ്രദേശിലെ ബല്‍റാംപൂരില്‍ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം പുഴയില്‍ തള്ളുന്നതിന്റെ ദൃശ്യം പുറത്ത്. രണ്ട് പേര്‍ ചേര്‍ന്ന് പാലത്തില്‍ നിന്ന് മൃതദേഹം താഴെ പുഴയിലേക്ക് തള്ളിയിടുന്നതിന്റെ വിശദമായ ദൃശ്യമാണ് ഇന്ന് പുറത്തുവന്നിരിക്കുന്നത്. 

മെയ് 28ന് നടന്ന സംഭവം വാഹനയാത്രക്കാരായ ചിലരാണ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്. നിര്‍ത്താതെ വാഹനങ്ങള്‍ പൊയ്‌ക്കൊണ്ടിരിക്കുന്ന സാമാന്യം തിരക്കുള്ള പ്രദേശത്താണ് സംഭവം നടന്നിരിക്കുന്നതെന്ന് വലിയ നടുക്കമുണ്ടാക്കുന്നതാണ്. 

രണ്ട് പേരില്‍ ഒരാള്‍ പിപിഇ സ്യൂട്ട് ധരിച്ചിട്ടുണ്ടായിരുന്നു. അതിനാല്‍ തന്നെ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹമാണ് അലക്ഷ്യമായി പുഴയില്‍ ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നതെന്ന് വ്യക്തമായി. ദൃശ്യം വൈറലായതോടെ മൃതദേഹം പുഴയില്‍ തള്ളിയ രണ്ട് പേരെയും പൊലീസ് പിടികൂടിയിട്ടുണ്ട്. മരിച്ച വ്യക്തിയുടെ ബന്ധുക്കള്‍ തന്നെയാണ് ഇരുവരുമെന്ന് പൊലീസ് അറിയിച്ചു. 

ഒപ്പം തന്നെ മരിച്ചയാള്‍ കൊവിഡ് ബാധിതനായിരുന്നുവെന്ന് ബല്‍റാംപൂര്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ സ്ഥിരീകരിക്കുകയും ചെയ്തു. 

'പ്രാഥമിക പരിശോധനയില്‍ മെയ് 25ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട കൊവിഡ് രോഗിയാണ് മരിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. മാര്‍ച്ച 28നാണ് മരണം നടന്നത്. പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് ആശുപത്രി മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറിയതാണ്. അവരാണ് മൃതദേഹം പുഴയിലുപേക്ഷിച്ചത്. ഇവര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. നടപടിയുമായി മുന്നോട്ട് പോവുകയും ചെയ്യും..'- മെഡിക്കല്‍ ഓഫീസര്‍ വി ബി സിംഗ് അറിയിച്ചു. 

നേരത്തേ കൊവിഡ് ബാധിച്ച് മരിച്ചവരുടെ നൂറുകണക്കിന് മൃതദേഹങ്ങള്‍ ബീഹാറിലും ഉത്തര്‍ പ്രദേശിലുമായി ഗംഗാനദിയില്‍ കണ്ടെത്തിയ സംഭവം ഏറെ വിവാദങ്ങള്‍ വഴിയൊരുക്കിയിരുന്നു. ഗംഗാതീരത്ത് നൂറുകണക്കിന് മൃതദേഹങ്ങള്‍ കുഴിച്ചിട്ടതായും കണ്ടെത്തിയിരുന്നു. ഈ സംഭവങ്ങള്‍ ഏറെ ഭീതി സൃഷ്ടിച്ചതിന് പിന്നാലെയാണ് തിരക്കുള്ള നിരത്തില്‍ നിന്ന് കൊവിഡ് ബാധിതന്റെ മൃതദേഹം പുഴയിലേക്ക് തള്ളുന്ന ദൃശ്യം പുറത്തുവന്നിരിക്കുന്നത്. 

വീഡിയോ കാണാം...
 

Also Read:- ഗംഗയില്‍ മൃതദേഹങ്ങള്‍ ഒഴുകിയെത്തിയ സംഭവം; വെള്ളത്തിലൂടെ കൊറോണ വൈറസ് പടരുമോയെന്ന് ആശങ്ക...

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios