2500 രൂപയ്ക്ക് കൊവിഡ് നെഗറ്റീവ് റിപ്പോർട്ട് നൽകാമെന്ന് പ്രചരണം; ആശുപത്രിയുടെ ലൈസൻസ് റദ്ദ് ചെയ്തു
വലിയൊരു പ്രതിസന്ധി നേരിടുന്ന കാലത്ത് ഇത്തരം പ്രവർത്തികൾ ചെയ്യുന്നവർ ആരായാലും അവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കും.
ലക്നൗ: 2500 രൂപയ്ക്ക് കൊവിഡ് നെഗറ്റീവ് റിപ്പോർട്ട് നൽകാമെന്ന് വീഡിയോയിലൂടെ പ്രചരിപ്പിച്ച വ്യക്തിക്കെതിരെ കേസ്. ആശുപത്രി ജീവനക്കാരനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ആശുപത്രിയുടെ ലൈസൻസ് റദ്ദ് ചെയ്തു. ഉത്തർപ്രദേശിലെ മീററ്റിൽ പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രിയുടെ ലൈസൻസാണ് റദ്ദാക്കിയത്. ഇതേ ആശുപത്രിയിലെ ജീവനക്കാരനാണ് വീഡിയോയിലൂടെ കോവിഡ് നെഗറ്റീവ് റിപ്പോർട്ട് നൽകാമെന്ന് പറയുന്നത്. വീഡിയോ വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് ആശുപത്രിക്കെതിരെ നടപടി.
'മീററ്റിൽ ഒരു വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ്. ഒപ്പം നഴ്സിംഗ് ഹോമിന്റെ ലൈസൻസും റദ്ദ് ചെയ്തു. അടച്ചുപൂട്ടി മുദ്ര വെക്കാനാണ് തീരുമാനം. വലിയൊരു പ്രതിസന്ധി നേരിടുന്ന കാലത്ത് ഇത്തരം പ്രവർത്തികൾ ചെയ്യുന്നവർ ആരായാലും അവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കും.' മീററ്റിലെ ജില്ലാ മജിസ്ട്രേറ്റ് അനിൽ ദിംഗ്ര വ്യക്തമാക്കി.
2500 രൂപയ്ക്ക് കൊവിഡ് 18 നെഗറ്റീവ് നൽകാമെന്നാണ് വീഡിയോയിൽ ഉള്ള വ്യക്തി പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഹോസ്പിറ്റലിന്റെ ലൈസൻസ് റദ്ദ് ചെയ്ത് കേസെടുത്തതായും മീററ്റ് സിഎംഒ രാജ് കുമാർ പറഞ്ഞു.