കൊട്ടിഘോഷിച്ച് കൊണ്ടുവന്ന വെന്‍റിലേറ്ററുകൾ വ്യാജം, നാണം കെട്ട് ഗുജറാത്ത് സർക്കാർ

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലുണ്ടായ വീഴ്ചകൾ ഗുജറാത്ത് മോഡലെന്ന അവകാശ വാദങ്ങളുടെ വായടപ്പിക്കുന്നതിനിടെയാണ് പുതിയ വിവാദവും. 

covid fake ventilator hospital mismanagement gujarat faces series crisis

ഗുജറാത്ത്: കൊവിഡ് രോഗികൾക്കായി സ‍ർക്കാർ ആശുപത്രികളിൽ വ്യാജ വെന്‍റിലേറ്റർ സ്ഥാപിച്ച സംഭവം പുറത്തായതോടെ നാണക്കേടിലായി ഗുജറാത്ത് സർക്കാർ. വെന്‍റിലേറ്ററുകൾക്ക് ലൈസൻസ് ഇല്ലെന്നും ആവശ്യമായ പരിശോധനകൾ നടത്തിയിട്ടില്ലെന്നും വിവരങ്ങൾ പുറത്ത് വന്നതോടെയാണ് സർക്കാർ വെട്ടിലായത്. അതേസമയം, മുഖ്യമന്ത്രി വിജയ് രൂപാണിയുടെ സുഹൃത്തിന്‍റെ കമ്പനിയുടേതാണ് വെന്‍റിലേറ്ററുകളെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. 

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലുണ്ടായ വീഴ്ചകൾ ഗുജറാത്ത് മോഡലെന്ന അവകാശ വാദങ്ങളുടെ വായടപ്പിക്കുന്നതിനിടെയാണ് പുതിയ വിവാദവും. രാജ്കോട്ടിലെ ജ്യോതി സിഎൻസി എന്ന കമ്പനിയാണ് ധാമൻ വൺ എന്ന പേരിൽ വെന്‍റിലേറ്ററുകൾ നിർമ്മിച്ചത്. രോഗവ്യാപന തോത് കൂടിയ അഹമ്മദാഹാദിലെ സിവിൽ ആശുപത്രിയടക്കം ഗുജറാത്തിലെ സർക്കാർ ആശുപത്രികളിൽ ഇവരുടെ 900 വെന്‍റിലേറ്ററുകൾ സ്ഥാപിക്കുകയും ചെയ്തു. വെന്‍റിലേറ്ററുകൾക്ക് ക്ഷാമം നേരിട്ട സമയത്ത് വലിയ നേട്ടമായാണ് സർക്കാർ ഇത് അവതരിപ്പിച്ചത്. പക്ഷെ ഇവ പ്രവർത്തിപ്പിച്ച് തുടങ്ങിയതോടെയാണ് കള്ളിപുറത്തായത്. 

വെന്‍റിലേറ്റർ പോലെ കാണുമ്പോൾ തോന്നുമെങ്കിലും വ്യാജനാണെന്ന് ഡോക്ടർമാർ പരാതിയുമായി രം​ഗത്തെത്തി. ഇന്നലെ അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിൽ നടന്ന പരിശോധനയിൽ ഇവ വ്യാജ വെന്‍റിലേറ്ററുകളാണെന്ന് വിദഗ്ധർ സ്ഥിരീകരിച്ചു. ഡ്രഗ് കൺട്രോള‍ർ ജനറൽ ഓഫ് ഇന്ത്യയുടെ ലൈസൻസ് വെന്‍റിലേറ്ററുകൾക്കില്ല. ഒരു രോഗിയിൽ മാത്രമാണ് ഉപകരണത്തിന്‍റെ ഗുണമേന്മ പരിശോധന നടത്തിയത്. പരിശോധന ഒരു എത്തിക്സ് കമ്മിറ്റിക്ക് മുന്നിൽ വച്ച ശേഷം വേണം എന്നാണ് 2017ലെ  മെഡിക്കൽ ഡിവൈസസ് റൂളിലെ ചട്ടം . ഇതും പാലിച്ചില്ല. 

എന്നാൽ ഗുജറാത്ത് സർക്കാരിന്‍റെ ഇലക്ട്രോണിക്സ് ആന്‍റ് ക്വാളിറ്റി ഡെവലപ്മെന്‍റ് സെന്‍ററിന്‍റെ ലൈസൻസ് വെന്‍റിലേറ്ററുകൾക്കുണ്ടായിരുന്നെന്നാണ് ഗുജറാത്ത് സർക്കാരിന്‍റെ വാദം. ജനങ്ങളുടെ ജീവൻ വച്ചാണ് സർക്കാർ കളിച്ചതെന്ന് സ്വതന്ത്ര എംഎൽഎ ജിഗ്നേഷ് മേവാനി പറഞ്ഞു. മുഖ്യമന്ത്രിയും സുഹൃത്തും ചേർന്ന് നടത്തിയ തട്ടിപ്പാണ് പുറത്തായതെന്നും ക്രിമിനൽ നടപടി നേരിടണമെന്നും കോൺഗ്രസും ആവശ്യപ്പെട്ടു.

Latest Videos
Follow Us:
Download App:
  • android
  • ios