കൊവിഡ് നഷ്ടപരിഹാരം: ഏകീകൃത പദ്ധതി ഉണ്ടാകണമെന്ന് സുപ്രീംകോടതി പരാമർശം

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് 4 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിൽ വാദം കേൾക്കുമ്പോഴായിരുന്നു കോടതി പരാമര്‍ശങ്ങൾ നടത്തിയത്. 

covid ex gratia compensation amount supreme court

ദില്ലി: കൊവിഡ് ബാധിച്ചവര്‍ക്കും മരിച്ചവരുടെ കുടുംബത്തിനും നഷ്ടപരിഹാരം നൽകുന്നകാര്യത്തിൽ ദേശീയ തലത്തിൽ ഏകീകൃത സംവിധാനം ഉണ്ടാകേണ്ടതാണെന്ന് സുപ്രീംകോടതിയുടെ പരാമര്‍ശം. ദുരന്ത നിവാരണ നിയമപ്രകാരം അതിനുള്ള തീരുമാനം ഉണ്ടാകേണ്ടതാണ്. ഇതിന്‍റെ സാധ്യത കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. 

മരണ സര്‍ട്ടിഫിക്കറ്റുകളിൽ കൊവിഡ് മൂലമാണ് മരിച്ചതെന്ന് രേഖപ്പെടുത്തുന്നതിന് കൃത്യമായ നിര്‍ദ്ദേശം നൽകണം. മരണ സര്‍ട്ടിഫിക്കറ്റുകളുടെ പേരിൽ മരിച്ചവരുടെ കുടുംബത്തിന് അനുകൂല്യം നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്നും കോടതി ആവശ്യപ്പെട്ടു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് 4 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിൽ വാദം കേൾക്കുമ്പോഴായിരുന്നു കോടതി പരാമര്‍ശങ്ങൾ നടത്തിയത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നതടക്കം ആവശ്യങ്ങളുന്നയിച്ച് അഭിഭാഷകനായ ഗൗരവ് കുമാർ ബൻസലാണ് പൊതുതാൽപര്യഹർജി നൽകിയത്.

നഷ്ടപരിഹാരം നൽകാനാകില്ലെന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാട്. ഇത് നേരത്തെ കോടതിയെ അറിയിച്ചിരുന്നു.ആരോഗ്യമേഖലയിൽ ചിലവ് വർധിക്കുകയും നികുതി വരുമാനം കുറയുകയും ചെയ്ത സാഹചര്യത്തിൽ നഷ്ടപരിഹാരം നൽകുന്നത് സാധ്യമല്ലെന്നാണ് കേന്ദ്രസർക്കാർ വാദം. നയപരമായ വിഷയമായതിനാൽ കോടതി ഇടപെടരുതെന്നും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

Latest Videos
Follow Us:
Download App:
  • android
  • ios