രാജ്യത്ത് ഒരാഴ്ച്ചക്കിടെ 61000 രോ​ഗികൾ; കൊവിഡ് കേസുകളുടെ എണ്ണം രണ്ടേകാൽ ലക്ഷം കടന്നു

ഇന്ന് മാത്രം 273 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 6348 ആയി. 

covid death toll rise to 6348 in country

ദില്ലി: 24 മണിക്കൂറിനിടെ 9851 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ രോ​ഗബാധിതരുടെ എണ്ണം 2,26,770 ആയി. ഇന്ന് മാത്രം 273 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 6348 ആയി. ഒരാഴ്ച്ചക്കിടെ 61,000 പേർക്കാണ് രോ​ഗം ബാധിച്ചത്.

മഹാരാഷ്ട്രയിൽ രോ​ഗികളുടെ എണ്ണം 80,000 കടന്നു. 80229 പേർക്കാണ് ഇതുവരെ രോ​ഗം സ്ഥിരീകരിച്ചത്.  2436 പേർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് മാത്രം 139 പേർ മരിച്ചു. ഒരു ദിവസത്തെ ഏറ്റവും  ഉയർന്ന കണക്കാണിത്. ആകെ 2849 പേരാണ് രോ​ഗം ബാധിച്ച് ഇവിടെ മരിച്ചത്. 1475 പേർ ഇന്ന് രോഗമുക്തി നേടി. 42215 പേരാണ് നിലവിൽ ചികിത്സയിൽ ഉള്ളത്.

ദില്ലിയിൽ ഇന്ന് 1330 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രോ​ഗബാധിതരുടെ എണ്ണം  26334 ആയി. ഇന്ന് മാത്രം 25 പേർ രോ​ഗം ബാധിച്ച് മരിച്ചു. ആകെ 708 പേരാണ് കൊവിഡ് ബാധിച്ച് ദില്ലിയിൽ മരിച്ചത്. ​ഗുജറാത്തിൽ രോ​ഗബാധിതരുടെ എണ്ണം 19119 ആയി. 1190 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 

തമിഴ്നാട്ടിൽ 24 മണിക്കൂറിനിടെ 1438 പേർക്ക്  കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് മാത്രം 12 മരണം ഉണ്ടായി. ചെന്നൈയിലാണ് സ്ഥിതി ഏറ്റവും ​ഗുരുതരം. ഇന്ന് രോ​ഗം സ്ഥിരീകരിച്ചവരിൽ 1116 പേരും ചെന്നൈയിൽ ആണ്. സംസ്ഥാനത്തുള്ള ആകെ 28694 രോഗബാധിതരിൽ 19809 പേരും ചെന്നൈയിലാണ്. സംസ്ഥാനത്ത് ആകെ കൊവിഡ് മരണസംഖ്യ 232 ആയി. 

 

Latest Videos
Follow Us:
Download App:
  • android
  • ios