കൊവിഡ് ബാധിച്ച് മലയാളി നഴ്സിന്റെ മരണം: തിരിഞ്ഞു നോക്കാതെ ദില്ലി സർക്കാർ
കൊവിഡ് ബാധിച്ച് അംബിക മരിച്ച് ഒരു ആഴ്ച്ച പിന്നിട്ടിടും നടപടി ക്രമങ്ങൾ തുടങ്ങിയിട്ടില്ല. ജോലി ചെയ്തിരുന്ന സ്വകാര്യ ആശുപത്രിയും അംബികയുടെ കുടുംബത്തെ ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് പരാതിയുണ്ട്.
ദില്ലി: കൊവിഡ് പ്രതിരോധപ്രവർത്തനത്തിനിടെ രോഗം വന്നു മരിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ സഹായധനം നൽകുമെന്ന ദില്ലി സർക്കാർ പ്രഖ്യാപനം മലയാളി നഴ്സ് അംബികയുടെ കാര്യത്തിൽ പാഴ്വാക്കാകുന്നു. കൊവിഡ് ബാധിച്ച് അംബിക മരിച്ച് ഒരു ആഴ്ച്ച പിന്നിട്ടിടും നടപടി ക്രമങ്ങൾ തുടങ്ങിയിട്ടില്ല. ജോലി ചെയ്തിരുന്ന സ്വകാര്യ ആശുപത്രിയും അംബികയുടെ കുടുംബത്തെ ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് പരാതിയുണ്ട്.
കൊവിഡ് പോരാട്ടത്തിനിടെ മരിക്കുന്ന ആരോഗ്യപ്രവർത്തകർ, പൊലീസുകാർ, ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്ക് ഒരു കോടി രൂപ സഹായം ധനം നൽകുമെന്നാണ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രഖ്യാപിച്ചത്. എത്രയും വേഗം ഈ തുക കൈമാറുമെന്നും സർക്കാർ അറിയിച്ചിരുന്നു. കഴിഞ്ഞ മാസം കൊവിഡ് ബാധിച്ച് മരിച്ച മുൻസിപ്പൽ സ്കൂൾ അധ്യാപികയുടെ കുടുംബത്തിന് ഒരു കോടി നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ അംബികയുടെ കാര്യത്തിൽ ദില്ലി സർക്കാർ നിശബ്ദത തുടരുകയാണ്.
കുടുംബത്തിന് സഹായധനം ആവശ്യപ്പെട്ട് എം പിമാരായ അൽഫോൺസ് കണ്ണന്താനം, ആന്റോ ആന്റണി, കെ.കെ.രാഗേഷ് എന്നിവർ ദില്ലി മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഭർത്താവ് മലേഷ്യയിൽ കുടുങ്ങിയപ്പോയതിനാൽ അംബികയുടെ വിദ്യാർത്ഥികളായ രണ്ട് മക്കൾ മാത്രമാണ് ദില്ലിയിലുള്ളത്. നീരീക്ഷണത്തിലായതിനാൽ ഇവർക്ക് നേരിട്ട് കാര്യങ്ങൾ ചെയ്യാൻ കഴിയില്ല. അംബിക ജോലി ചെയ്തിരുന്ന കൽറ ആശുപത്രിയും മുഖം തിരിച്ചിരിക്കുകയാണ്. അടിയന്തര സഹായം ആവശ്യപ്പെട്ട ദില്ലി മലയാളി അസോസിയേഷന്‍ ആശുപത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്.