രോഗം പടരുമെന്ന് ആരോപിച്ച് കൊവിഡ് ബാധിച്ച് മരിച്ച നഴ്‌സിന്റെ സംസ്‌കാരം തടഞ്ഞു
റാണിപ്പേട്ടിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ കൊവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് എന്‍ അര്‍ച്ചന ഞയറാഴ്ചയാണ് മരിച്ചത്. 34 കാരിയായ നഴ്സിന് കൊവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല
ചെന്നൈ: തമിഴ്നാട്ടില്‍ കൊവിഡ് ബാധിച്ച് മരിച്ച നഴ്സിന്‍റെ മൃതദേഹം സംസ്കരിക്കുന്നത് തടഞ്ഞു. കൊവിഡ് പടരുമെന്ന് ആരോപിച്ചായിരുന്നു പ്രദേശവാസികളുടെ പ്രതിഷേധം. റാണിപ്പേട്ട് ജില്ലാ കളക്ടര്‍ നേരിട്ടെത്തി മണിക്കൂറുകളോളം ജനങ്ങളെ ബോധവത്കരിച്ചതിന് ശേഷമാണ് ശവസംസ്കാരം നടന്നത്. പ്രതിഷേധം നടത്തിയ എഴുപതോളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
റാണിപ്പേട്ടിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ കൊവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് എന്‍ അര്‍ച്ചന ഞയറാഴ്ചയാണ് മരിച്ചത്. 34 കാരിയായ നഴ്സിന് കൊവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. പ്രോട്ടോക്കോള്‍ പാലിച്ച് റാണിപ്പേട്ട് നവല്‍പൂര്‍ ശമ്ശാനത്തിലേക്ക് മൃതദേഹം എത്തിച്ചപ്പോഴാണ് നാട്ടുകാര്‍ തടഞ്ഞത്. ശ്മശാനത്തിലേക്കുള്ള വഴികെട്ടിയടക്കാന്‍ ശ്രമിച്ച പ്രദേശവാസികള്‍ കൊവിഡ് പടരുമെന്ന് ആരോപിച്ച് പ്രതിഷേധിച്ചു. പന്ത്രണ്ട് അടി താഴ്ചയില്‍ കുഴിയെടുത്താണ് സംസ്കരിക്കുന്നതെന്ന് പൊലീസ് പ്രദേശവാസികളെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പിന്‍തിരിഞ്ഞില്ല.
ഒടുവില്‍ റാണിപ്പേട്ട് ജില്ലാകളക്ടര്‍ ദിവ്യ ദര്‍ശിനി സ്ഥലത്തെത്തി മണിക്കൂറുകളോളം സംസാരിച്ചാണ് പ്രതിഷേധക്കാരെ അനുനയിപ്പിച്ചത്. റാണിപ്പേട്ട് ജില്ലയിലെ അമ്പതാമത്തെ കൊവിഡ് മരണമാണിത്. നവല്‍പൂരിലെ ആദ്യ കൊവിഡ് മരണവും. നവല്‍പ്പൂര്‍ മുന്‍ ചെയര്‍മാന്‍ അടക്കം മുഴുവന്‍ പ്രതിഷേധക്കാര്‍ക്ക് എതിരെയും കേസ് എടുത്തു. നേരത്തെ ചെന്നൈയില്‍ കൊവിഡ് ബാധിച്ച് മരിച്ച ഡോക്ടറുടെ മൃതദേഹം സംസ്കരിക്കുന്നത് നാട്ടുകാര്‍ തടഞ്ഞതത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്കാരം തടയുന്നവര്‍ക്ക് എതിരെ കര്‍ശന നടപടിയുണ്ടാകണമെന്ന് മദ്രാസ് ഹൈക്കോടതി പൊലീസിനോട് നിര്‍ദേശിച്ചിട്ടുണ്ട്.