കൊവിഡ്; കോവാക്സിൻ ടിഎം മനുഷ്യരിൽ പരീക്ഷിക്കാൻ അനുമതി ലഭിച്ചെന്ന് ഭാരത് ബയോടെക്
ഒന്നും രണ്ടും ഘട്ടങ്ങളിലായാണ് ഈ വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കുക. ജൂലൈ മുതൽ തന്നെ വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കുമെന്നാണ് റിപ്പോർട്ട്.
ദില്ലി: കൊവിഡ് 19 പ്രതിരോധത്തിനായുള്ള ഭാരത് ബയോടെക്കിന്റെ കോവാക്സിൻ ടിഎം(COVAXIN™️) മനുഷ്യരിൽ പരീക്ഷിക്കുന്നതിനുള്ള അനുമതി ഡിസിജിഐ നൽകിയതായി കമ്പനി അറിയിച്ചു. ഒന്നും രണ്ടും ഘട്ടങ്ങളിലായാണ് ഈ വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കുക. ജൂലൈ മുതൽ തന്നെ വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കുമെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ കൌൺസിൽ ഫോർ മെഡിക്കൽ റിസർച്ച്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി പൂനെ എന്നിവയുമായി സഹകരിച്ചാണ് ഭാരത് ബയോടെക്ക് വാക്സിൻ വികസിപ്പിച്ചെടുത്തത്.
അതേസമയം, ലോകത്തെ തന്നെ ഏറ്റവും വലിയ പ്ലാസ്മാ തെറാപ്പി ട്രയൽ മഹാരാഷ്ട്രയിൽ തുടങ്ങി. പ്രൊജക്ട് പ്ലാറ്റിന എന്ന പേരിൽ ഗുരുതരാവസ്ഥയിലുള്ള 500ലേറെ രോഗികൾക്കാണ് ബ്ലഡ് പ്ലാസ്മ നൽകുക. 17 മെഡിക്കൽ കോളേജുകളിലായാണ് ചികിത്സ. രണ്ട് ഡോസ് വീതം 200 മില്ലി പ്ലാസ്മ വീതമാണ് രോഗികൾക്ക് നൽകുക. പത്തിൽ ഒമ്പത് പേർക്ക് എന്ന തോതിൽ പ്ലാസ്മാ തെറാപ്പി വിജയകരമായ സാഹചര്യത്തിലാണ് ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് പ്ലാസ്മ തെറാപ്പി നൽകാൻ തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 17 കോടി രൂപ ഇതിനായി വകയിരുത്തിയിട്ടുണ്ട്.
Read Also: അൺലോക്ക് രണ്ടാം ഘട്ടത്തിലേക്ക് ഇന്ത്യ: പ്രധാനമന്ത്രി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും...