ഉംപുൺ രക്ഷാപ്രവർത്തനത്തിന് പോയ ഉദ്യോഗസ്ഥന് കൊവിഡ്; 200ലേറെ എൻഡിആർഎഫ് ഉദ്യോഗസ്ഥർ ക്വാറന്റൈനിൽ
എൻഡിആർഎഫിന്റെ ഒഡിഷയിൽ നിന്നുള്ള മൂന്നാം ബറ്റാലിയനിലെ ഉദ്യോഗസ്ഥനാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാൾ ഇപ്പോൾ കട്ടക്കിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
മുംബൈ: ഉംപുൺ രക്ഷാപ്രവർത്തനങ്ങൾക്കായി പശ്ചിമബംഗാളിൽ പോയി തിരികെയെത്തിയ എൻഡിആർഎഫ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രക്ഷാപ്രവർത്തനങ്ങൾക്കായി ബംഗാളിലേക്ക് പോയിരുന്ന ഇരുനൂറിലേറെ എൻഡിആർഎഫ് ഉദ്യോഗസ്ഥരെ ക്വാറന്റൈനിലാക്കി.
എൻഡിആർഎഫിന്റെ ഒഡിഷയിൽ നിന്നുള്ള മൂന്നാം ബറ്റാലിയനിലെ ഉദ്യോഗസ്ഥനാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാൾ ഇപ്പോൾ കട്ടക്കിലെ ആശുപത്രിയിൽ ചികിത്സയിലാണ്. രോഗലക്ഷണങ്ങൾ കണ്ടതോടെ ബറ്റാലിയനിലെ ആറ് പേർക്ക് സ്രവപരിശോധന നടത്തുകയായിരുന്നു.
ഉംപുൺ രക്ഷാപ്രവർത്തനത്തിനായി ബംഗാളിലേക്ക് പോയി മടങ്ങിവന്ന പുനെയിലെ അഞ്ചാം ബറ്റാലിയനിയെ രണ്ട് ടീമുകൾ, ആരക്കോണത്തെ നാലാം ബറ്റാലിയനിലെ രണ്ട് ടീമുകൾ, ഒഡിഷയിലെ മൂന്നാം ബറ്റാലിയനിലെ രണ്ട് ടീമുകൾ എന്നിവരെല്ലാം ക്വാറന്റൈനിലാണ്. ബംഗാളിലെ എൻഡിആർഎഫ് സംഘത്തെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. രക്ഷാപ്രവർത്തനം കഴിഞ്ഞ് മടങ്ങിയെത്തിയവർ അവരവരുടെ ക്യാമ്പുകളിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്.
Read Also: ഉംപുൺ ചുഴലിക്കാറ്റ്; ബംഗാളിൽ 1,02,442 കോടിയുടെ നാശ നഷ്ടമെന്ന് കേന്ദ്ര റിപ്പോർട്ട്...