ഉത്തരേന്ത്യയെയും മധ്യേന്ത്യയെയും വിറപ്പിച്ച് വീണ്ടും കൊവിഡ്; കടുത്ത നടപടിയുമായി സംസ്ഥാനങ്ങള്‍
മധ്യപ്രദേശിലെ അഞ്ച് ജില്ലകളില്‍ രാത്രി നിരോധനമേര്‍പ്പെടുത്തി. ഗുജറാത്തില്‍ അഹമ്മദാബാദ്, സൂറത്ത്, വഡോദര, രാജ്‌കോട്ട് എന്നിവിടങ്ങളില്‍ അനിശ്ചിത കാലത്തേക്ക് രാത്രി നിരോധനം ഏര്‍പ്പെടുത്തി.
ദില്ലി: ഇടവേളക്ക് ശേഷം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും മധ്യേന്ത്യന്‍ സംസ്ഥാനങ്ങളിലും വീണ്ടും കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു. ഹരിയാനയില്‍ 3104 കൊവിഡ് കേസുകള്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് ആദ്യമായാണ് കൊവിഡ് കേസുകള്‍ 3000 കടക്കുന്നത്. രാജസ്ഥാനില്‍ വെള്ളിയാഴ്ച 2762 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ പുതിയ നിയന്ത്രണങ്ങള്‍ സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തി.
ഹരിയാനയില്‍ നവംബര്‍ 30വരെ സ്‌കൂളുകള്‍ തുറക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. മധ്യപ്രദേശിലെ അഞ്ച് ജില്ലകളില്‍ രാത്രി നിരോധനമേര്‍പ്പെടുത്തി. ഗുജറാത്തില്‍ അഹമ്മദാബാദ്, സൂറത്ത്, വഡോദര, രാജ്‌കോട്ട് എന്നിവിടങ്ങളില്‍ അനിശ്ചിത കാലത്തേക്ക് രാത്രി നിരോധനം ഏര്‍പ്പെടുത്തി. രാജസ്ഥാനില്‍ 33 ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശില്‍ കൊവിഡ് രണ്ടാം വ്യാപനത്തിന് സാധ്യതയുണ്ടെന്ന് ആരോഗ്യവിഭാഗം മുന്നറിയിപ്പ് നല്‍കി. കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആളുകളോട് പുറത്തിറങ്ങരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു.
മഹാരാഷ്ട്രയില്‍ ഒമ്പത് മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ നവംബര്‍ 23 മുതല്‍ ആരംഭിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും താനെ, നവി മുംബൈ, പന്‍വേല്‍ എന്നിവിടങ്ങളില്‍ രണ്ടാം വ്യാപനത്തിന് സാധ്യതയുണ്ടെന്നും ഈ വര്‍ഷം അവസാനം വരെ സ്‌കൂളുകള്‍ തുറക്കരുതെന്നും അധികൃതര്‍ അറിയിച്ചു. ദില്ലിയില്‍ നിന്ന് വരുന്ന ട്രെയിനുകള്‍ക്കും വിമാനങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്താനും ആലോചനയുണ്ട്.