അകലാതെ കൊവിഡ് ആശങ്ക: ദില്ലിയില്‍ റെക്കോർഡ് വർധന; തമിഴ്നാട്ടിൽ പുതുതായി 2174 രോഗികൾ
കൊവിഡ് കേസുകളിൽ രാജ്യ തലസ്ഥാനത്ത് ഇന്ന് റെക്കോർഡ് വർധനവാണ് ഉണ്ടായത്. 2414 പേര്‍ക്കാണ് ദില്ലിയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്.
ദില്ലി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം മൂന്നര ലക്ഷം കടന്നു. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ പതിനായിരത്തി തൊള്ളായിരത്തി എഴുപത്തിനാല് പേര്‍ രോഗ ബാധിതരായി. മരണം പതിനൊന്നായിരത്തി തൊള്ളായിരത്തി മൂന്നായി ഉയര്‍ന്നു. ഒരു ദിവസത്തിനുള്ളില്‍ രണ്ടായിരത്തി മൂന്ന് പേര്‍ മരിച്ചതായാണ് കണക്ക്. മഹാരാഷ്ട്ര, ദില്ലി സംസ്ഥാനങ്ങള്‍ നേരത്തെ പുറത്തുവിടാതിരുന്ന കണക്കുകള്‍ പുറത്തുവിട്ടതാണ് മരണ നിരക്ക് കുത്തനെ ഉയരാന്‍ കാരണം. മഹാരാഷ്ട്ര 1328 പേരുടെ മരണവും ദില്ലി 437 പേരുടെ മരണവുമാണ് ഇന്ന് കൂട്ടിച്ചേര്‍ത്തത്.
രാജ്യത്ത് ചികിത്സയിലുള്ളവര്‍ ഒരു ലക്ഷത്തി അമ്പത്തി അയ്യായിരത്തി ഇരുനൂറ്റി ഇരുപത്തിയേഴ് പേരാണ്. ഒരുലക്ഷത്തി എണ്‍പത്തിയാറായിരത്തി തൊള്ളായിരത്തി മുപ്പത്തിയഞ്ച് പേര്‍ രാജ്യത്ത് രോഗ മുക്തി നേടി. 52.79 ശതമാനമാണ് ഇന്നത്തെ രോഗ മുക്തി നിരക്ക്. കൊവിഡ് കേസുകളിൽ രാജ്യ തലസ്ഥാനത്ത് ഇന്ന് റെക്കോർഡ് വർധനവാണ് ഉണ്ടായത്. 2414 പേര്‍ക്കാണ് ദില്ലിയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ, ആകെ കൊവിഡ് രോഗികളുടെ എണ്ണം 47102 ആയി. ഇന്ന് 67 പേരാണ് സംസ്ഥാനത്ത് മരിച്ചത്. ഇതോടെ, സംസ്ഥാനത്തെ കൊവിഡ് മരണം 1904 ആയി. നിലവിൽ 27741 പേരാണ് ദില്ലിയില്‍ ചികിത്സയിലുള്ളത്.
അതിനിടെ, ദില്ലി ആരോഗ്യമന്ത്രി സത്യേന്ദർ ജയിനും ആം ആദ്മി എംഎല്‍എ അതിഷി മർലെനയ്ക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ലക്ഷണങ്ങളെ തുടർന്ന് ഇന്നലെ നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവ് ആയിരുന്നെങ്കിലും ഇന്ന് വീണ്ടും പരിശോധന നടത്തിയതോടെയാണ് ഫലം പോസിറ്റീവായത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ജയിൻ രണ്ട് ദിവസങ്ങൾക്ക് മുൻപ് പങ്കെടുത്തിരുന്നു.
അതേസമയം, തമിഴ്നാട്ടിൽ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വൻ വർധനവാണ് അനുദിനം റിപ്പോര്‍ട്ട് ചെയ്യുന്നത്. 2174 പേർക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ, രോഗബാധിതരുടെ എണ്ണം 50193 ആയി. ചെന്നൈയിൽ മാത്രം 35556 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 48 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 576 ആയി. ഇന്ന് മരിച്ചവരില്‍ 40 മരണവും ചെന്നൈയിലാണ്.
തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ പ്രൈവറ്റ് സെക്രട്ടറി ദാമോദരനും ഒരു പൊലീസ് ഓഫീസറും ഒരു പൊലീസ് ഓഫീസറും ഇന്ന് മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ചെന്നൈ മാമ്പലം സ്റ്റേഷനിലെ ഇൻസ്പെക്ടർ ബാലമുരളിയാണ് മരിച്ച പൊലീസ് ഓഫീസര്‍. കണ്ടെയൻമെൻ്റ് സോണിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ. തമിഴ്നാട്ടിൽ കൊവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ പൊലീസുകാരനാണ് ഇയാള്‍.
അതേസമയം, കർണാടകയിൽ കൊവിഡ് മരണം 100 കടന്നു. ഇന്ന് 204 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ, ആകെ രോഗികൾ എണ്ണം 7734 ആയി. എട്ട് പേരാണ് കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ഇന്ന് മരിച്ചത്. നിലവില്‍ 2824 പേരാണ് കര്‍ണാടകയില്‍ ചികിത്സയിലുള്ളത്. അതേസമയം, കർണാടക ഹുബ്ബള്ളിയിൽ പ്ലാസ്മ ചികിത്സ നൽകിയ രോഗി കോവിഡ് മുക്തനായി. 65 കാരനായ രോഗി ഇന്ന് ആശുപത്രി വിട്ടെന്ന് കർണാടക ആരോഗ്യ വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.