വാക്സീൻ ലഭ്യത എങ്ങനെ കൂട്ടാം? പ്രധാനമന്ത്രി യോഗം വിളിച്ചു, വിദേശ വാക്സീൻ പ്രതിനിധികളെ കാണും
പതിനെട്ട് വയസ്സിനു മുകളിലുള്ള എല്ലാവർക്കും വാക്സീൻ എന്ന തീരുമാനം വാക്സീൻ വിതരണത്തിൽ കേന്ദ്ര സർക്കാരിന്‍റെ കുത്തക അവസാനിപ്പിക്കും. പൊതുവിപണിയിൽ വാക്സീൻ വിറ്റഴിക്കാം. കേന്ദ്ര സർക്കാരിന്‍റെ ഈ പുതിയ നയത്തിന്‍റെ അടിസ്ഥാനത്തിലുള്ള നടപടികൾ പ്രധാനമന്ത്രി വിളിച്ച യോഗം ചർച്ച ചെയ്യും.
ദില്ലി: വാക്സീൻ ലഭ്യത ഉറപ്പാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച യോഗം ഇന്ന്. വാക്സീൻ വിതരണത്തിൽ ആർക്ക് മുൻഗണന നല്കണം എന്ന തീരുമാനം സംസ്ഥാനങ്ങൾക്ക് വിട്ടതായി കേന്ദ്രം വ്യക്തമാക്കി. വിദേശ വാക്സീനുകളുടെ ഇറക്കുമതി തീരുവ എടുത്തു കളയുന്നതിലും തീരുമാനം വന്നേക്കും. എന്നാൽ വാക്സീൻ വിതരണം ഇടനിലക്കാരെ ഏല്പിക്കുന്നതാണ് പുതിയ നയമെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.
പതിനെട്ട് വയസ്സിനു മുകളിലുള്ള എല്ലാവർക്കും വാക്സീൻ എന്ന തീരുമാനം വാക്സീൻ വിതരണത്തിൽ കേന്ദ്ര സർക്കാരിന്‍റെ കുത്തക അവസാനിപ്പിക്കും. പൊതുവിപണിയിൽ വാക്സീൻ വിറ്റഴിക്കാം. കേന്ദ്ര സർക്കാരിന്‍റെ ഈ പുതിയ നയത്തിന്‍റെ അടിസ്ഥാനത്തിലുള്ള നടപടികൾ പ്രധാനമന്ത്രി വിളിച്ച യോഗം ചർച്ച ചെയ്യും.
റഷ്യയിൽ നിന്നുള്ള സ്പുട്നിക് വാക്സീനു പുറമെ മോഡേണ, ഫൈസർ, ജോൺസൺ ആൻഡ് ജോൺസൺ വാക്സീൻ എന്നിവയുടെ ഇറക്കുമതി ആലോചിക്കും. ജൂലൈ ആകുന്നതോടെ മുപ്പത് കോടി വാക്സീൻ ഡോസ് എങ്കിലും ഉറപ്പാക്കുകയാണ് ലക്ഷ്യം. വിദേശ വാക്സീനുകളുടെ 16 ശതമാനം വരെയുള്ള ഇറക്കുമതി തീരുവ എടുത്തു കളയാനാണ് സാധ്യത.
അസംസ്കൃത വസ്തുക്കളുടെ കയറ്റുമതിക്ക് അമേരിക്ക ഏർപ്പെടുത്തിയ വിലക്ക് നീക്കാൻ നാളെ യുഎസ് പ്രസിഡന്‍റ് ജോ ബൈഡനുമായി പ്രധാനമന്ത്രി സംസാരിച്ചേക്കും. പതിനെട്ട് വയസ്സിനു മുകളിലുള്ളവർക്കെല്ലാം വാക്സിനേഷൻ പ്രഖ്യാപിച്ചെങ്കിലും ഇത് എപ്പോൾ പൂർത്തിയാക്കാനും എന്ന് വ്യക്തമല്ല. പതിനെട്ട് വയസ്സിന് മുകളിലുള്ള ആർക്കൊക്കെ മുൻഗണന നല്കണം എന്ന കാര്യം സംസ്ഥാനങ്ങൾക്കു വിടാനാണ് കേന്ദ്ര തീരുമാനം.
എന്നാൽ മരുന്നിന് തോന്നുന്ന വില നിശ്ചയിച്ച് ഇടനിലക്കാർക്ക് ലാഭം കൊയ്യാൻ അവസരം ഉണ്ടാക്കുന്നു എന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. മൻമോഹൻസിംഗിന്‍റെ കത്ത് പരിഗണിച്ചു എന്ന് സർക്കാർ പറയുമ്പോഴാണ് രാഹുലിൻറെ ഈ വിമർശനം. 18 വയസ്സിന് മുകളിലുള്ളവർക്ക് കുത്തിവയ്പ് എപ്പോൾ പൂർത്തിയാക്കുമെന്ന് വിശദീകരിക്കണമെന്ന് സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.
ഇതിനിടെ പ്രധാനമന്ത്രിയുടെ ഫ്രാൻസ്, പോർച്ചുഗൽ സന്ദർശനം പുതിയ സാഹചര്യത്തിൽ റദ്ദാക്കി. ഇതിനിടെ ഇന്ത്യ - യൂറോപ്യൻ യൂണിയൻ നേതാക്കളുടെ ഉച്ചകോടിയിൽ പങ്കെടുക്കാനായി മെയ് 8-നാണ് മോദി പുറപ്പെടാനിരുന്നത്. ഉച്ചകോടിയിൽ മോദി വിർച്വലായി പങ്കെടുക്കും. നേരത്തേ യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ത്യ സന്ദർശിക്കാനിരുന്നത് റദ്ദാക്കിയിരുന്നു. ഈ ചർച്ചകളും വിർച്വലായിത്തന്നെയാകും നടത്തുക.