വാക്സീൻ വരുന്നു, കേരളത്തിന് മുഖ്യപരിഗണന, നാളെ മോദി മുഖ്യമന്ത്രിമാരെ കാണും
ലോകത്തെ തന്നെ ഏറ്റവും ബൃഹത്തായ വാക്സീൻ വിതരണ പദ്ധതി നടക്കാൻ പോകുന്നു. ആദ്യ പരിഗണന ആർക്ക്. എത്ര പേർക്ക് വാക്സീൻ. ഒപ്പം കേരളത്തിൽ കുത്തിവയ്പ്പ് എങ്ങനെ? വായിക്കാം.
തിരുവനന്തപുരം: അടുത്ത ശനിയാഴ്ച, അതായത് ജനുവരി 16 മുതൽ രാജ്യത്ത് കൊവിഡ് വാക്സീൻ കുത്തിവയ്പ്പ് തുടങ്ങാനിരിക്കുകയാണ്. ലോകത്തെ തന്നെ ഏറ്റവും ബൃഹത്തായ വാക്സീൻ വിതരണ പദ്ധതി നടക്കാൻ പോകുന്നു. ലോകം തന്നെ ഇന്ത്യയെ ഉറ്റുനോക്കുകയാണ് വാക്സീൻ വിതരണത്തിൽ. കൊവിഡ് ബാധിച്ച് രാജ്യത്ത് ഇതുവരെ ഒന്നരലക്ഷത്തോളം പേരാണ് മരിച്ചത്. ഒരു കോടിയോളം പേർക്ക് രോഗം കണ്ടെത്തി. രോഗവ്യാപനം ഫലപ്രദമായി തടയാൻ എത്രയും പെട്ടെന്ന് വാക്സീൻ വിതരണം നടത്തുക തന്നെയാണ് പോംവഴിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം തീരുമാനിക്കുകയായിരുന്നു. ഓക്സ്ഫഡ് സർവകലാശാലയും ആസ്ട്രാസെനകയും ചേർന്ന് വികസിപ്പിച്ച്, പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിച്ച കൊവിഷീൽഡ് വാക്സിനും ഭാരത് ബയോടെക്കിന്‍റെ കൊവാക്സിനുമാണ് വിതരണം ചെയ്യുക.
മകരസംക്രാന്തി, ലോഹ്‍രി, പൊങ്കൽ, മാഖ് ബിഹു എന്നീ ആഘോഷങ്ങൾ വരാനിരിക്കുന്ന പശ്ചാത്തലത്തിൽ ജനുവരി 16 മുതൽത്തന്നെ വാക്സിൻ വിതരണം തുടങ്ങാൻ തീരുമാനിക്കുകയായിരുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
വാക്സീൻ വിതരണത്തിൽ പ്രഥമപരിഗണന 3 കോടിയോളം വരുന്ന ആരോഗ്യപ്രവർത്തകർക്കാണ്. ഇവർ പ്രത്യേകം റജിസ്റ്റർ ചെയ്യേണ്ടതില്ല. ഇവരുടെ വിവരങ്ങൾ നേരത്തേതന്നെ കൊവിൻ എന്ന ആപ്ലിക്കേഷനിലേക്ക് വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യവകുപ്പുകൾ അപ്‍ലോഡ് ചെയ്തിട്ടുള്ളതാണ്. വാക്സീൻ സ്റ്റോക്കുകളെക്കുറിച്ചും, എത്ര പേർ ഇതുവരെ വാക്സീൻ സ്വീകരിച്ചു എന്നതിനെക്കുറിച്ചും തത്സമയം, റിയൽടൈമായി, വിവരങ്ങൾ നൽകാൻ ഈ കൊവിൻ ആപ്ലിക്കേഷന് കഴിയും.
ആരോഗ്യപ്രവർത്തകർ കഴിഞ്ഞാൽ പിന്നെ പരിഗണിക്കുന്നത് 50 വയസ്സിന് മുകളിലുള്ളവരെയാണ്. അമ്പത് വയസ്സിന് താഴെയുള്ള, മരണകാരണമായേക്കാവുന്ന രോഗങ്ങളുള്ള, അവശതകളുള്ള, ശാരീരികവിഷമതകളുള്ള, പ്രത്യേകപരിചരണം ആവശ്യമുള്ളവരെയും ഇക്കൂട്ടത്തിൽ പരിഗണിക്കും. രാജ്യത്തെമ്പാടുമായി ഏതാണ്ട് 27 കോടിയോളം ആളുകൾ ഇങ്ങനെയുണ്ട് എന്നാണ് കണക്കുകൂട്ടൽ.
വാക്സീൻ വിതരണം ചെയ്യേണ്ട എല്ലാവരും കൊവിൻ ആപ്ലിക്കേഷനിൽ റജിസ്റ്റർ ചെയ്യണമെന്നത് നിർബന്ധമാണ്. അതിനാൽ, ഏറ്റവും പുതിയ വോട്ടർപട്ടിക നോക്കിയാണ് 50 വയസ്സിന് മുകളിൽ ഉള്ളവരെ കണ്ടെത്തുന്നതും വാക്സീൻ വിതരണത്തിൽ മുൻഗണനാക്രമം നിശ്ചയിക്കുന്നതും.
വിതരണം എങ്ങനെ?
കൊവിഡ് 19 വിതരണസംവിധാനം മൂന്ന് അടിസ്ഥാനതത്വങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് തീരുമാനിച്ചിരിക്കുന്നത്. ഒന്ന്, തെരഞ്ഞെടുപ്പ് നടത്തിയുള്ള പരിചയം (ബൂത്ത് സംവിധാനം), സാർവത്രിക വാക്സീനേഷൻ പദ്ധതി (Universal Immunisation Programme), ജനകീയപങ്കാളിത്തം (People's participation).
ഒരു ജില്ലയാണ് വാക്സീൻ വിതരണത്തിലെ അടിസ്ഥാനയൂണിറ്റ്. ജില്ലാ മജിസ്ട്രേറ്റ്, അല്ലെങ്കിൽ കളക്ടറാണ് മുൻഗണനാക്രമം നിശ്ചയിച്ച്, വാക്സീൻ വിതരണത്തിനുള്ള അന്തിമപ്പട്ടിക തയ്യാറാക്കുന്നതിന് നേതൃത്വം നൽകുക. ഇതിന് കളക്ടറെ സഹായിക്കാൻ ജില്ലാ ഇമ്മ്യൂണൈസേഷൻ ഓഫീസർ ഉണ്ടാകും. എവിടെയെല്ലാം വാക്സീൻ വിതരണകേന്ദ്രങ്ങൾ വേണം, ആര് വാക്സീനേഷന് നേതൃത്വം നൽകും, സൂപ്പർവൈസിംഗ് ആര് നിർവഹിക്കും, ആർക്കൊക്കെ വാക്സീൻ നൽകും, എങ്ങനെ ഏത് ദിവസം, ഏത് സമയം വാക്സീൻ നൽകുമെന്നതൊക്കെ ഇങ്ങനെ തീരുമാനിക്കപ്പെടും.
ഒരു ദിവസം ഒരു ബൂത്തിൽ 100 പേർക്ക് വാക്സീൻ നൽകാൻ കഴിയുന്ന തരത്തിൽ വാക്സിനേഷൻ കേന്ദ്രങ്ങൾ തയ്യാറാക്കാനുള്ള പദ്ധതി രൂപീകരിക്കേണ്ടത് ജില്ലാ കളക്ടർ/ മജിസ്ട്രേറ്റ് ആണ്. അതാത് സംസ്ഥാനങ്ങളിലെ ബ്ലോക്ക് ടാക്സ് ഫോഴ്സും, ജില്ലാ ടാസ്ക് ഫോഴ്സും വാക്സീനേഷൻ കേന്ദ്രങ്ങൾ പരിശോധിക്കും. ക്രമീകരണങ്ങൾ തയ്യാറാണെന്ന് ഉറപ്പുവരുത്തും.
അതാത് വാക്സീനേഷൻ കേന്ദ്രങ്ങളിലേക്ക് വാക്സീൻ വിതരണം ചെയ്യേണ്ട ദിവസം മാത്രമേ വാക്സീനുകൾ എത്തിക്കൂ. ഇതോടൊപ്പം ഐസ് പാക്കുകൾ അടങ്ങിയ ഒരു അധിക ക്യാരിയർ കൂടിയുണ്ടാകും. റജിസ്റ്റർ ചെയ്ത വാക്സീൻ സ്വീകർത്താക്കളുടെ ഒരു ലിസ്റ്റ്, 3 കോപ്പികളോടുകൂടി അതാത് ബൂത്തുകളിൽ എത്തിക്കും. തെരഞ്ഞെടുപ്പിന് സമാനമായ ഒരുക്കങ്ങൾ തന്നെയാണ് നടക്കുന്നതെന്നർത്ഥം.
കേരളത്തിന് മുഖ്യപരിഗണന
രോഗം കൂടുതലുള്ള ഇടങ്ങളിലേക്ക് കൂടുതൽ വാക്സീൻ എത്തിക്കാനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ തീരുമാനം. ഈ മൂന്ന് മുൻഗണനാഗ്രൂപ്പുകൾക്കും, യഥാക്രമം വാക്സീൻ എത്തിക്കാൻ കഴിയുന്ന തരത്തിലാകും സ്റ്റോക്കുകൾ വേർതിരിക്കുക. രോഗവ്യാപനം നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. മറ്റൊന്ന് മഹാരാഷ്ട്രയും. അതിനാൽ കേരളത്തിന് വാക്സീൻ വിതരണത്തിൽ പ്രഥമപരിഗണന കിട്ടിയേക്കും. കൂടുതൽ സ്റ്റോക്കുകൾ കേരളത്തിലേക്ക് എത്താൻ സാധ്യതയുണ്ട്.
കേരളത്തിൽ ആകെ എത്ര പേർ?
കൊവിൻ ആപ്ലിക്കേഷനിൽ കേരളത്തിൽ നിന്ന് ഇതുവരെ 3.7 ലക്ഷം ആരോഗ്യപ്രവർത്തകരുടെ പേരാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഡ്രൈറൺ വഴി ഇവരിൽ പലർക്കും വാക്സീൻ വിതരണത്തിന് പരിശീലനവും ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആകെ 133 വാക്സീൻ കുത്തിവയ്പ്പ് കേന്ദ്രങ്ങളാണുള്ളത്. ആദ്യദിനം 13,300 പേർക്കാണ് വാക്സീൻ നൽകുക. ഏറ്റവും കൂടുതൽ കുത്തിവയ്പ്പ് കേന്ദ്രങ്ങൾ എറണാകുളത്താണ് സജ്ജീകരിക്കുക. പിന്നെ ഏറ്റവുമധികം കുത്തിവയ്പ്പ് കേന്ദ്രങ്ങളുള്ളത് തിരുവനന്തപുരത്തും കോഴിക്കോട്ടുമാണ്. 11 കേന്ദ്രങ്ങൾ വീതം. മറ്റെല്ലാ ജില്ലകളിലും 9 കേന്ദ്രങ്ങൾ വീതവും സജ്ജീകരിച്ചിട്ടുണ്ട്.
- Coronavirus Vaccine
- Coronavirus crisis
- Covaccine
- Covaxin
- Covid 19
- Covid 19 India
- Covid 19 Kerala
- Covid 19 Live Updates
- Covid 19 Pandemic
- Covid Vaccine
- Covid Vaccine DGCI Press Meet
- Covishield Vaccine
- Genetic Mutant Covid 19 Virus
- Pfizer Vaccine
- കൊറോണ ജാഗ്രത
- കൊറോണവൈറസ്
- കൊറോണവൈറസ് തത്സമയം
- കൊറോണവൈറസ് വാർത്തകൾ
- കൊവിഡ് 19
- കൊവിഡ് 19 ഇന്ത്യ
- കൊവിഡ് 19 കേരളം
- കൊവിഡ് 19 തത്സമയം
- കൊവിഡ് 19 മഹാമാരി
- കൊവിഡ് ജാഗ്രത
- ജനിതകമാറ്റം വന്ന കൊവിഡ് 19 വൈറസ്