രാജ്യത്ത് കൊവിഡ് ബാധിതര്‍ നാലു ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 15,413 പേര്‍ക്ക് കൂടി രോഗം
ഇന്നലെ മാത്രം 306 പേരാണ് രോഗബാധിതരായി മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 13254 ആയി ഉയര്‍ന്നു
ദില്ലി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം നാലു ലക്ഷം കടന്നു. പ്രതിദിന വർദ്ധന പതിനയ്യായിരം കടന്നു. 24 മണിക്കൂറിനിടെ രോഗം ബാധിച്ചവരുടെ എണ്ണം 15,413 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം 306 പേരാണ് രോഗബാധിതരായി മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 13254 ആയി. രാജ്യത്ത് ഇതുവരെ 4,10,461 പേര്‍ക്കാണ് രോഗം സ്ഥിരാകരിച്ചിട്ടുള്ളത്. ഇതില്‍ 1,69,451 പേരാണ് ചികിത്സയിൽ ഉള്ളത്. രോഗ വ്യാപനം വേഗത്തിലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. രണ്ടു ലക്ഷത്തില്‍ നിന്ന് മൂന്നു ലക്ഷമാകാന്‍ പത്തു ദിവസമെടുത്തപ്പോള്‍ മൂന്നു ലക്ഷത്തില്‍ നിന്ന് നാലു ലക്ഷമാകാനെടുത്തത് എടുത്തത് എട്ടു ദിവസം മാത്രം. അതേസമയം രോഗ മുക്തി നിരക്ക് ഉയരുന്നത് ആശ്വാസമാണ്.
ദില്ലിയിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. സർക്കാർ പുറത്ത് വിട്ട കണക്കുകൾ പ്രകാരം ദില്ലിയിൽ ഇന്നലെ 3630 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 56,746 ആയി. തുടർച്ച യായി രണ്ടാം ദിവസവും രോഗികളുടെ എണ്ണം മൂവായിരം കടന്ന സാഹചര്യമാണ്. ഇന്നലെ മാത്രം 77 പേർ മരിച്ചു. ഇതു വരെ 2112 പേരാണ് ദില്ലിയിൽ മരിച്ചത്. 17533 പരിശോധനകളാണ് ഇന്നലെ മാത്രം നടത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഇടപെടലിനെ തുടർന്നാണ് ദില്ലിയിൽ പരിശോധനകൾ കൂട്ടിയത്.
അതെ സമയം സ്വകാര്യ ആശുപത്രിയിലെ കൊവിഡ് ചികിത്സ ചെലവ് മൂന്നിലൊന്നായി കുറക്കാനുള്ള ആഭ്യന്തര മന്ത്രാലയ സമിതിയുടെ ശുപാർശക്ക് ലഫ്റ്റനന്റ് ഗവർണർ അംഗീകാരം നൽകിയിട്ടുണ്ട്. ദില്ലിയില്‍ ജലവിഭവ മന്ത്രി രാജേന്ദ്ര ഗൗതമിന്റെ ഓഫീസിലെ ജീവനക്കാരൻ കൊവിഡ് ബാധിച്ച് മരിച്ചു. സ്റ്റെനോഗ്രാഫറായ കുമാർ ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ സഹോദരനും കൊവിഡ‍് ബാധിച്ച് മരിച്ചിരുന്നു.