കൊവിഡ് കണക്കിൽ പകച്ച് രാജ്യം; രോഗബാധിതരുടെ എണ്ണം 12 ലക്ഷം കടന്നു, ആയിരം മരണങ്ങൾ കൂടി സ്ഥിരീകരിച്ചു
മഹാരാഷ്ട്ര, ആന്ധപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ സ്ഥിതി അതീവ ഗുരുതരമാണ്. പ്രതിദിന രോഗബാധ മഹാരാഷ്ട്രയിൽ പതിനായിരവും ആന്ധ്രപ്രദേശിൽ ആറായിരവും തമിഴ്നാട്ടിൽ അയ്യായിരവും കടന്നു.
ദില്ലി: കൊവിഡ് കണക്കിൽ പകച്ച് രാജ്യം. ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 12 ലക്ഷം കടന്നു. പുതിയ കേസുകളുടെ എണ്ണത്തിലും മരണസംഖ്യയിലും ഇത് വരെയുള്ള എറ്റവും ഉയർന്ന പ്രതിദിന വർധനവാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത്. 45,720 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചപ്പോൾ. മരണ സംഖ്യ 1000 കടന്നു. 1129 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചുവെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്ക്. 12,38,635 പേർക്ക് ഇത് വരെ രോഗം സ്ഥീരികരിച്ചു. രാജ്യത്ത് ആകെ മരണം 29,861.
7,82,606 പേർ ഇത് വരെ രോഗമുക്തി നേടി. നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത് 4,26,167 പേരാണ്.
മഹാരാഷ്ട്ര, ആന്ധപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ സ്ഥിതി അതീവ ഗുരുതരമാണ്. പ്രതിദിന രോഗബാധ മഹാരാഷ്ട്രയിൽ പതിനായിരവും ആന്ധ്രപ്രദേശിൽ ആറായിരവും തമിഴ്നാട്ടിൽ അയ്യായിരവും കടന്നു. ആകെ രോഗികൾ എഴുപത്തിഅയ്യായിരം കടന്ന കർണ്ണാടകത്തിൽ മരണം ആയിരത്തിഅഞ്ഞൂറ് പിന്നിട്ടു. ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ രണ്ടായിരത്തിലേറെ കേസുകളാണ് തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്നത്.
കേരളത്തോടൊപ്പം ഒഡീഷയിലും ഇന്നലെ പ്രതിദിന രോഗികബാധിതരുടെ എണ്ണം ആയിരം കടന്നിരുന്നു. ഇതോടെ പ്രതിദിനം ആയിരത്തിന് മുകളിൽ കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങളുടെ എണ്ണം പതിമൂന്നായി. രോഗബാധിതർ കുത്തനെ ഉയരുമ്പോഴും സാമൂഹിക വ്യാപനമില്ലെന്നാണ് കേന്ദ്ര നിലപാട്.
രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലെ കൊവിഡ് കണക്കുകളറിയാം, ഇൻ്ററാക്ടീവ് മാപ്പ്