കൊവിഡ് നിരക്ക് ഉയരുന്നു: തമിഴ്നാട് സമ്പൂര്‍ണ്ണ ലോക്ക് ഡൗണിലേക്കോ ? തീരുമാനം ഇന്ന്
ഇന്നലെ മാത്രം 38 പേരാണ് കൊവിഡ് ബാധിച്ചു മരിച്ചത്. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം നാല്പത്തിനാലായിരം കടന്നു. ഇന്നലെ മാത്രം 1974 പേർക്ക് രോഗം സ്ഥിരീകരിച്ചു.
ചെന്നൈ: തമിഴ്നാട്ടിൽ കൊവിഡ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കാനുറച്ച് സംസ്ഥാന സര്‍ക്കാര്‍ . നാൾക്കുനാൾ കൂടി വരുന്ന രോഗ നിരക്കാണ് ഇപ്പോൾ തമിഴ്നാട്ടിൽ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇന്നലെ മാത്രം 38 പേരാണ് കൊവിഡ് ബാധിച്ചു മരിച്ചത്. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം നാല്പത്തിനാലായിരം കടന്നു. ഇന്നലെ മാത്രം 1974 പേർക്ക് രോഗം സ്ഥിരീകരിച്ചു.
സമ്പൂര്‍ണ്ണ ലോക്ക് ഡൗണിലേക്ക് കാര്യങ്ങൾ എത്തുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഉച്ചക്ക് പന്ത്രണ്ടരയ്ക്ക് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിൽ ചേരുന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിൽ തീരുമാനം ഉണ്ടാകും. ആരോഗ്യ പ്രവര്‍ത്തകരും ഡോക്ടര്‍മാരുടെ സംഘടനാ പ്രതിനിധികളും എല്ലാം യോഗം ചേര്‍ന്ന ശേഷമാണ് സ്ഥിതി വിലയിരുത്തുന്നത്.
ചെന്നൈയിൽ നിന്ന് മറ്റ് ജില്ലകളിലേക്ക് കൂടി രോഗ നിരക്ക് അതിവേഗം വ്യാപിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. യാത്രക്കാര്‍ക്ക് പാസ് നൽകുന്നതിന് അടക്കം നിയന്ത്രണം വന്നേക്കും എന്നാണ് സൂചന. ലോക്ക് ഡൗൺ ഇളവുകൾക്ക് ശേഷമാണ് രോഗ വ്യാപന നിരക്ക് കുതിച്ചുയര്‍ന്നത് എന്നാണ് വിലയിരുത്തുന്നത്.