ഇരട്ട ജനിതക വ്യതിയാനം വന്ന B1617 വൈറസ് ഇന്ത്യയിൽ, യാത്രാനിരോധനം വരുമോ? ആശങ്ക
ഇരട്ട ജനിതകവ്യതിയാനം വന്ന വൈറസ് കണ്ടെത്തിയതിൽ കടുത്ത ആശങ്കയാണ് രാജ്യത്ത് നിലനിൽക്കുന്നത്. ശക്തമായ വ്യാപനശേഷിയുള്ള വൈറസാണിത്. നിലവിലുള്ള പല വാക്സീനുകളെയും ഇത് മറികടന്നേക്കാമെന്നും വിലയിരുത്തലുണ്ട്.
തിരുവനന്തപുരം/ ദില്ലി: ഇന്ത്യയിൽ കണ്ടെത്തിയ ഇരട്ടജനിതകവ്യതിയാനം വന്ന വൈറസ് കടുത്ത ആശങ്കയാകുന്നു. ശക്തമായ വ്യാപനശേഷിയുള്ള ഈ വൈറസാണ് കൊവിഡിന്‍റെ രണ്ടാം തരംഗത്തിൽ രാജ്യത്ത് രോഗവ്യാപനം വേഗത്തിലാക്കിയതെന്ന വിലയിരുത്തലിലാണ് ആരോഗ്യവിദഗ്ധർ. B1617 എന്നറിയപ്പെടുന്ന ഈ വൈറസ് നിലവിലുള്ള വാക്സീനുകളെയും മറികടക്കുമോ എന്ന് പരിശോധനകൾ നടന്നു വരികയാണ്.
ഇന്ത്യയിൽ കണ്ടെത്തിയതാണ് ഈ വൈറസ് എന്നിരിക്കേ, ഇവിടെ നിന്ന് മറ്റ് വിവിധ രാജ്യങ്ങളിലേക്ക് യാത്രാനിരോധനം വരുമോ എന്ന ആശങ്കയിലാണ് രാജ്യം. ഗൾഫടക്കമുള്ള രാജ്യങ്ങളിലേക്ക് ഇന്ത്യയിൽ നിന്ന് യാത്രാനിരോധനം പ്രഖ്യാപിച്ചാൽ നിരവധി പ്രവാസികളടക്കം കടുത്ത പ്രതിസന്ധിയിലാകും.
E484Q, L452R എന്നീ രണ്ട് വ്യതിയാനങ്ങൾ സംഭവിച്ച വൈറസാണ് B1617. ഇതിനെക്കുറിച്ച് ലോകാരോഗ്യസംഘടനയടക്കം കൂടുതൽ പരിശോധനകൾ നടത്തുകയാണ്.
രാജ്യത്ത് നിന്ന് പുറത്തേക്ക് പോയ പലരിലും ഈ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. യുകെ, യുഎസ് അടക്കം ഉള്ള രാജ്യങ്ങളിൽ ഈ വൈറസ് കണ്ടെത്തിയ സാഹചര്യത്തിൽ കനത്ത ജാഗ്രതയാണ് പുലർത്തുന്നത്. ഇന്ത്യയിൽ നിന്ന് തിരികെ വരുന്ന എല്ലാവർക്കും 10 ദിവസം ഹോട്ടൽ ക്വാറന്‍റീനാണ് യുകെ നിർദേശിച്ചിരിക്കുന്നത്. യുകെയിൽ ഓരോ ആഴ്ചയും പുതിയ വൈറസ് സാന്നിധ്യം കണ്ടെത്തുന്നവരുടെ എണ്ണം ഇരട്ടിക്കുന്നുവെന്നാണ് കണക്കുകൾ. ഇന്ത്യയെ റെഡ് ലിസ്റ്റിലാണ് യുകെ പെടുത്തിയിരിക്കുന്നത്.
യുകെയിൽ കണ്ടെത്തിയ B117 എന്ന ജനിതകവ്യതിയാനം വന്ന വൈറസ് രാജ്യത്തെ സ്ഥിതി അതീവഗുരുതരമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ വ്യതിയാനം വന്ന വൈറസുകളെ പരമാവധി പ്രതിരോധിക്കാനുള്ള നടപടികളിലാണ് യുകെ.
10 രാജ്യങ്ങളിലെങ്കിലും B1617 വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയെന്നാണ് റിപ്പോർട്ടുകൾ. ഇതിന്‍റെ കൂടി ഭാഗമായാണ് അമേരിക്ക ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരൻമാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
രണ്ട് ഡോസ് വാക്സീൻ സ്വീകരിച്ചവരാണെങ്കിലും ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നാണ് നിർദേശം. ഇനി യാത്ര അത്യാവശ്യമാണെങ്കിൽ രണ്ട് ഡോസ് വാക്സീനും നിർബന്ധമായും എടുത്തിരിക്കണമെന്നാണ് അമേരിക്ക നിർദേശിച്ചിരിക്കുന്നത്.
ഇന്ത്യയെ അമേരിക്ക ലെവൽ നാല് കാറ്റഗറിയിലാണ് പെടുത്തിയിരിക്കുന്നത്. കൊവിഡ് വ്യാപനം അതിരൂക്ഷമായ രാജ്യങ്ങളെയാണ് ലെവൽ നാല് കാറ്റഗറിയിൽ ഉൾപ്പെടുത്തുന്നത്.
''ഇന്ത്യയിലെ രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ അവിടെപ്പോയി യാത്ര ചെയ്ത് തിരികെ വരുന്നവർക്ക് ജനിതകവ്യതിയാനം വന്ന പല തരം വൈറസ് ബാധയേൽക്കാനും, ഇവിടെയും വ്യാപിപ്പിക്കാനും സാധ്യതയുണ്ട്. അതിനാൽ യാത്ര ഒഴിവാക്കണം'', എന്നാണ് അമേരിക്കയിലെ ഉന്നത മെഡിക്കൽ സ്ഥാപനമായ സിഡിസി (സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ആന്‍റ് പ്രിവൻഷൻ) നൽകിയിരിക്കുന്ന മുന്നറിയിപ്പ്.
B1351 എന്ന സൗത്ത് ആഫ്രിക്കയിൽ നിന്ന് പടർന്ന ജനിതകവ്യതിയാനം വന്ന വൈറസിനെയും, P1 എന്ന ബ്രസീലിൽ നിന്ന് പടർന്ന വൈറസിനെയും കരുതിയിരിക്കണമെന്ന് നേരത്തേ ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകിയിരുന്നതാണ്.
അതേസമയം, കൊവിഡ് രണ്ടാം തരംഗം ഈ വർഷം മുഴുവൻ വെല്ലുവിളിയാകാമെന്ന് എയിംസ് ഡയറക്ടറും, കൊവിഡ് ദൗത്യസംഘാംഗവുമായ ഡോ.രൺദീപ് ഗുലേറിയ വ്യക്തമാക്കുന്നു. അടുത്ത വർഷം പകുതിയോടെ മാത്രമേ കാര്യങ്ങൾ സാധാരണ നിലയിലെത്തുയെന്നും രൺദീപ് ഗുലേറിയ പറയുന്നു.