തെക്കെ ഇന്ത്യയിൽ കൊവിഡ് വ്യാപന നിരക്ക് ഉയരുന്നു; 5 സംസ്ഥാനങ്ങളിലായി 25.85 ശതമാനം കേസ്
രാജ്യത്തെ ആകെ കൊവിഡ് പരിശോധന ഒരു കോടി കടന്നു. രാജ്യത്താകെ 1100 പരിശോധന ലാബുകൾ.
ദില്ലി: കൊവിഡ് വ്യാപന നിരക്ക് കുതിച്ചുയരുന്ന ഇന്ത്യയിൽ രോഗ നിരക്ക് കൂടുതൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെന്ന് കണക്ക്. തെക്കെ ഇന്ത്യയിൽ കൊവിഡ് വ്യാപന നിരക്ക് ഉയരുന്നു എന്നാണ് സ്ഥിതിവിവര കണക്കുകൾ നൽകുന്ന വിവരം. രാജ്യത്തെ ആകെ കൊവിഡ് കേസുകളിൽ 25.85 ശതമാനം കേസും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നാണ്.
അതേസമയം രാജ്യത്തെ ആകെ കൊവിഡ് പരിശോധന ഒരു കോടി കടന്നു. രാജ്യത്താകെ 1100 പരിശോധന ലാബുകളാണ് സജ്ജമാക്കിയിട്ടുള്ളത്. വേൾഡോ മീറ്ററിന്റെ കണക്ക് പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ ഉള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മൂന്നാമതാണ്.ഇന്നലെ മഹാരാഷ്ട്രയിൽ 6555 കേസുകളും 151 മരണവും റിപ്പോർട്ട് ചെയ്തു. കർണാടകയിലും കൊവിഡ് കേസുകൾ അനിയന്ത്രിതമായി ഉയരുകയാണ്. ഇന്നലെ മാത്രം 1925 പേർക്ക് രോഗം സ്ഥിരീകരിച്ചു.