ശുഭവാർത്ത; കൊവിഡിനോട് പോരാടുന്ന ഗർഭിണി ആൺകുഞ്ഞിന് ജന്മം നൽകി
അമ്മയും കുഞ്ഞും തമ്മിൽ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാതിരിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഏർപ്പെടുത്തി ആയിരുന്നു പ്രസവം.
ഭുവനേശ്വർ: കൊവിഡ് ബാധിച്ച് ചകിത്സയിൽ കഴിയുന്ന യുവതി ആൺകുഞ്ഞിന് ജന്മം നൽകി. ഒഡീഷയിലെ കിംസ് കൊവിഡ് ആശുപത്രിയിലായിരുന്നു പ്രസവം. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് കുഞ്ഞിന് ജന്മം നൽകിയത്. മറ്റൊരു സംസ്ഥാനത്ത് നിന്ന് മടങ്ങിയെത്തിയ ഗർഭിണി കൊവിഡ് പൊസിറ്റീവ് ആയതിനെ തുടർന്ന് ഭുവനേശ്വറിനെ ഒരു താൽക്കാലിക മെഡിക്കൽ ക്യാമ്പിൽ (ടിഎംസി) ക്വാറന്റീനിൽ കഴിയുകയായിരുന്നു. പിന്നീട് മെയ് 30ന് കിംസ് കൊവിഡ് -19 ആശുപത്രിയിലേക്ക് മാറ്റി. ജൂൺ 21നാണ് പ്രസവ സമയം നൽകിയിരുന്നതെങ്കിലും വ്യാഴാഴ്ച യുവതി കുഞ്ഞിന് ജന്മം നൽകുകയായിരുന്നു.
അമ്മയും കുഞ്ഞും തമ്മിൽ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാതിരിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഏർപ്പെടുത്തി ആയിരുന്നു പ്രസവം. കുഞ്ഞുങ്ങളുടെ ജനനം കുടുംബത്തിന് മാത്രമല്ല, കൊറോണ വൈറസ് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ ജീവൻ രക്ഷിക്കാൻ പരിശ്രമിക്കുന്ന ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും സന്തോഷം പകരുന്ന വാർത്തയായി മാറി.
Read Also: കൊവിഡിനോട് പൊരുതുന്ന യുവതി ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി