രാജ്യത്ത് കൊവിഡ് കണക്ക് വീണ്ടും ഉയരുന്നു; 35,871 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു
കൊവിഡിൻ്റെ രണ്ടാം തരംഗമെന്ന ആശങ്ക കനക്കുന്നതിനിടയിലാണ് ഇന്ന് രാജ്യത്ത് 35,871 പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഡിസംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്
ദില്ലി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു. ഇന്ന് 35,871 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാൾ 7000 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 70 ജില്ലകളിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ 150 ശതമാനം വർധനയെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.
കൊവിഡിൻ്റെ രണ്ടാം തരംഗമെന്ന ആശങ്ക കനക്കുന്നതിനിടയിലാണ് ഇന്ന് രാജ്യത്ത് 35,871 പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഡിസംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. നൂറ് ദിവസത്തിന് ശേഷമാദ്യമായാണ് പ്രതിദിന കണക്കിൽ ഈ കുതിച്ചു കയറ്റം. മഹാരാഷ്ട്രയിൽ മാത്രം പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് ഇരുപത്തിമൂവായിരത്തിലധികം പേർക്കാണ്. രാജ്യത്തെ കൊവിഡ് മരണങ്ങളിൽ 40 ശതമനാത്തിലേറെ മഹാരാഷ്ട്രയിലാണ്. രാജ്യത്താകെ 24 മണിക്കൂറിനിടെ 177 പേർ കൊവിഡ് ബാധിച്ചു മരിച്ചു.
മഹാരാഷ്ട്രയ്ക്ക് ശേഷം ഏറ്റവും കൂടുതൽ കൊവിഡ് കേസുകളുള്ളത് പഞ്ചാബിലാണ്. കേരളം, കർണാടക, തമിഴ്നാട്, എന്നിവയ്ക്ക് പിന്നാലെ ദില്ലിയിലും പ്രതിദിന കൊവിഡ് കേസുകൾ ഉയർന്നു. ജനുവരിക്ക് ശേഷം ആദ്യമായാണ് ദില്ലിയിൽ 500 ലധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഹോളിയും ഈസ്റ്ററും ഉൾപ്പടെയുള്ള ആഘോഷങ്ങൾ വരാനിരിക്കെ നിയന്ത്രണങ്ങൾ കടുപ്പിക്കാനാണ് സംസ്ഥാനങ്ങളുടെ നീക്കം. പരിശോധനയും, മൂന്ന് കോടി 60 ലക്ഷത്തിലധികം പേർ ഇത് വരെ വാക്സീൻ സ്വീകരിച്ചു കഴിഞ്ഞു. വാക്സീൻ ലഭ്യത കൂട്ടണമെന്ന് മഹാരാഷ്ട്ര ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ ഇന്നലെ പ്രധാനമന്ത്രി വിളിച്ച യോഗത്തിൽ ആവശ്യപ്പെട്ടു.