രാജ്യത്ത് കൊവിഡ് കണക്കുകൾ വീണ്ടും ഉയരുന്നു; ദില്ലിയിൽ ആശങ്ക

രാജ്യതലസ്ഥാനമായ ദില്ലിയില്‍ സ്ഥിതി ഗുരുതരമായി തുടരുകയാണ്. പരിശോധന അറുപതിനായിരം കടന്നതോടെ പ്രതിദിന രോഗികളുടെ എണ്ണം 7486 ആയി ഉയര്‍ന്നു.

covid 19 number of cases rising in India Delhi in bad situation

ദില്ലി: നാല് ദിവസത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്തെ കൊവിഡ് രോഗികളുടെ പ്രതിദിന വര്‍ധന നാല്പതിനായിരത്തിന് മുകളിലെത്തി. ഇന്നലെ  45,576 പേര്‍ രോഗ ബാധിതരായതോടെ ആകെ രോഗികളുടെ എണ്ണം 89,58,484 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 585 പേര്‍ മരണം കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ മരണം 1,31,578 ആയി. 

4,43,303 പേരാണ് നിലവിൽ രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇന്നലെ 48,493 പേര്‍ കൂടി രോഗമുക്തരായതോടെ ആകെ രോഗമുക്തരുടെ എണ്ണം 83,83,603 ആയി. പ്രതിദിന സാംപിള്‍ പരിശോധനയും ഉയര്‍ത്തിയിട്ടുണ്ട്. ഇന്നലെ 10,28,203 സാംപിള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു. 

രാജ്യതലസ്ഥാനമായ ദില്ലിയില്‍ സ്ഥിതി ഗുരുതരമായി തുടരുകയാണ്. പരിശോധന അറുപതിനായിരം കടന്നതോടെ പ്രതിദിന രോഗികളുടെ എണ്ണം 7486 ആയി ഉയര്‍ന്നു. 131 പേരാണ് ഇന്നലെ മരിച്ചത്. മഹാരാഷ്ട്രയിൽ 5011 പേർക്കും, പശ്ചിമ ബംഗാളിൽ 3668 പേർക്കും രോഗം സ്ഥിരീകരിച്ചു, കര്‍ണാടകയിലും, തമിഴ്നാട്ടിലും, ആന്ധ്രപ്രദേശിലും ആയിരത്തിനും മുകളിലാണ് പ്രതിദിന രോഗബാധ.

Latest Videos
Follow Us:
Download App:
  • android
  • ios