24 മണിക്കൂറിനിടെ 396 മരണം, 10956 പുതിയ രോഗികൾ; കൊവിഡ് കണക്കുകളിൽ ആശങ്ക
നിലവിലെ രീതിയിലെ രോഗബാധ ആരോഗ്യസംവിധാനത്തിന് വെല്ലുവിളിയാണെന്ന് ദില്ലി ,മഹാരാഷ്ട്ര, തമിഴ്നാട് ,ഗുജറാത്ത് ,ഉത്തർ പ്രദേശ് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
ദില്ലി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തി തൊണ്ണൂറ്റി ഏഴായിരം കവിഞ്ഞു. 24 മണിക്കൂറിനിടെ 10956 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഔദ്യോഗിക കണക്കനുസരിച്ച് ഇതാദ്യമായാണ് പ്രതിദിന വർധന പതിനായിരം കടക്കുന്നത്. നിലവിൽ 2,97,535 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 396 പേരാണ് രാജ്യത്ത് മരിച്ചത്. ഇത് വരെ 1,47,194 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്.
ഓരോ സംസ്ഥാനത്തെയും കണക്കുകൾ കാണാം...( 8315 രോഗികൾ ഏത് സംസ്ഥാനത്താണെന്ന് കേന്ദ്ര പട്ടികയിൽ വ്യക്തമാക്കിയിട്ടില്ല)
നിലവിലെ രീതിയിലെ രോഗബാധ ആരോഗ്യസംവിധാനത്തിന് വെല്ലുവിളിയാണെന്ന് ദില്ലി ,മഹാരാഷ്ട്ര, തമിഴ്നാട് ,ഗുജറാത്ത് ,ഉത്തർ പ്രദേശ് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. കൊവിഡ് കേസുകൾ ഈ വിധം ഉയർന്നാൽ മെഡിക്കൽ സംവിധാനത്തിന് കൂടുതൽ വെല്ലുവിളിയാകുമെന്ന മുന്നറിയിപ്പാണ് കേന്ദ്രം നൽകുന്നത്. ഓഗസ്റ്റിന് മുൻപേ വെൻറിലേറ്ററുകളും ,തീവ്രപരിചരണ വിഭാഗവും നിറയുമെന്ന് കേന്ദ്രം ആശങ്കപ്പെടുന്നു.
മഹാരാഷ്ട്രയിൽ എൻസിപി നേതാവും സാമൂഹ്യനീതി വകുപ്പ് മന്ത്രിയുമായ ധനഞ്ജയ് മുണ്ഡെയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് ഇദ്ദേഹം.
രാജ്യത്ത് സമൂഹവ്യാപനമില്ലെന്ന് ആവർത്തിക്കുകയും, കൂടുതൽ ഇളവുകളുമായി മുന്നോട്ട് പോകുകയും ചെയ്യുന്നതിനിടെയാണ് രോഗികളുടെ എണ്ണത്തിലെ വൻ വർധന. മഹാരാഷ്ട്ര, ദില്ലി, ഗുജറാത്ത്, തമിഴ്നാട് എന്നീ നാല് സംസ്ഥാനങ്ങളിലാണ് രാജ്യത്തെ കൊവിഡ് രോഗികളുടെ എഴുപത് ശതമാനവും ഉള്ളത്.