തൊഴിലുറപ്പിന് 40,000 കോടി, സ്വകാര്യമേഖലയ്ക്ക് ഊന്നൽ, സംസ്ഥാന വായ്പാപരിധി കൂട്ടി, സുപ്രധാന പ്രഖ്യാപനങ്ങൾ

സ്വകാര്യ മേഖലക്ക് മുന്നിൽ വാതിലുകൾ കൂടുതൽ തുറന്ന് വരുമാനം കൂട്ടുക എന്ന അവകാശവാദത്തോടെയായിരുന്നു ധനമന്ത്രി നിര്‍മല സീതാരാമന്‍റെ നാലാം പ്രഖ്യാപനം. ഇന്ന് എന്തെല്ലാം?

covid 19 nirmala sitharaman press meet on special covid package as on 17 may 2020

ദില്ലി: ദേശീയ തൊഴിലുറപ്പ് പദ്ധതിയ്ക്ക് 40,000 കോടി രൂപ കൂടി വകയിരുത്തി കേന്ദ്രസർക്കാ‍ർ. നേരത്തേ ബജറ്റിൽ 69,000 കോടി രൂപയാണ് തൊഴിലുറപ്പ് പദ്ധതിയ്ക്ക് വകയിരുത്തിയിരുന്നത്. അതിനൊപ്പം 40,000 കോടി രൂപ കൂടി വകയിരുത്തുന്നു. 300 കോടി തൊഴിൽ ദിനങ്ങൾ ഇത് വഴി അധികമായി സൃഷ്ടിക്കപ്പെടുമെന്നും തൊഴിലവസരം കൂട്ടുമെന്നും ധനമന്ത്രി വ്യക്തമാക്കുന്നു. ലോകത്തെ വിപണികളിൽ വരുന്ന മാറ്റങ്ങളനുസരിച്ച് ഇന്ത്യയും മാറേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ധനമന്ത്രി നിർമലാ സീതാരാമൻ, രാജ്യത്തെ എല്ലാ മേഖലകളെയും സ്വകാര്യമേഖലയ്ക്ക് തുറന്ന് കൊടുക്കുമെന്ന നിർണായക പ്രഖ്യാപനം നടത്തി. കേരളമുൾപ്പടെയുള്ള സംസ്ഥാനങ്ങളുടെ ആവശ്യം അംഗീകരിച്ച് വായ്പാ പരിധി (ജിഎസ്‍ഡിപിയുടെ) മൂന്നിൽ നിന്ന് 5 ശതമാനമാക്കി ഒരു വർഷത്തേക്ക് വർദ്ധിപ്പിച്ചതായും ധനമന്ത്രി അറിയിച്ചു. 

വരുന്ന മഴക്കാലത്തും ഗ്രാമങ്ങളിലേക്കും സ്വദേശങ്ങളിലേക്കും തിരികെ വന്ന കുടിയേറ്റത്തൊഴിലാളികൾക്കായി തൊഴിൽ ഉറപ്പാക്കുമെന്നും കേന്ദ്രസർക്കാർ അറിയിക്കുന്നു. 

എല്ലാ മേഖലകളും സ്വകാര്യമേഖലയ്ക്ക്

ഏതൊക്കെ മേഖലകളിൽ പൊതുമേഖലാസ്ഥാപനങ്ങൾ വേണമെന്നതിൽ പ്രത്യേക പ്രഖ്യാപനം വരുമെന്നാണ് അവർ വ്യക്തമാക്കിയത്. തന്ത്രപ്രധാനമേഖലകളിൽ ഒരു പൊതുമേഖലാ സ്ഥാപനം വേണമെന്നതാണ് സർക്കാരിന്‍റെ പുതിയ നയം. അതിൽ പൊതുമേഖലാ സ്ഥാപനത്തിനൊപ്പം സ്വകാര്യമേഖലയും ഉണ്ടാകും.

തന്ത്രപ്രധാനമേഖലയിൽ പരമാവധി നാല് പൊതുമേഖലാ സ്ഥാപനം മാത്രമേ ഉണ്ടാവുകയുള്ളൂ. അതിൽക്കൂടുതൽ പൊതുമേഖലാ സ്ഥാപനങ്ങൾ ഉണ്ടെങ്കിൽ അവ തമ്മിൽ ലയിപ്പിക്കുകയോ അല്ലെങ്കിൽ സ്വകാര്യമേഖലയ്ക്ക് കൈമാറുകയോ ചെയ്യും. ഉദാഹരണത്തിന് പെട്രോളിയം മേഖലയിൽ നാലിലധികം പൊതുമേഖലാ സ്ഥാപനങ്ങളുണ്ടെങ്കിൽ അവയുടെ എണ്ണം കുറയ്ക്കും. ഇതിനായി ഏതെല്ലാമാണ് തന്ത്രപ്രധാനമേഖലകൾ, ഏതെല്ലാമാണ് അവ അല്ലാത്തത് എന്ന് വിഭജിക്കും. 

സംസ്ഥാനങ്ങൾക്ക് ആശ്വാസം, വായ്പാ പരിധി കൂട്ടി

വായ്പാപരിധി വർദ്ധിപ്പിച്ചതിനൊപ്പം തന്നെ സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തുകയും ചെയ്തു ധനമന്ത്രി. മിക്ക സംസ്ഥാനങ്ങളും കടമെടുക്കാനുള്ള പരിധിയിൽ പകുതി പോലും എടുത്തിട്ടില്ല. സംസ്ഥാനങ്ങൾ ഇതുവരെ അവർക്ക് അനുവദിച്ചതിൽ 16 ശതമാനം മാത്രമാണ് വായ്പ എടുത്തിട്ടുള്ളത്. സാമ്പത്തിക വർഷത്തിന്‍റെ ആദ്യപാദത്തിൽ 50 ശതമാനം വരെ അവ‍ർക്ക് വായ്പ എടുക്കാവുന്നതാണ്. എന്നിട്ടും, പല സംസ്ഥാനങ്ങളും ആ വായ്പ എടുത്തിട്ടില്ല. എങ്കിലും ഇത് അസാധാരണമായ പ്രതിസന്ധിയാണെന്നും, ഗുരുതര സ്ഥിതിവിശേഷമാണെന്നും കണക്കിലെടുത്ത് വായ്പാ പരിധി ജിഎസ്‍ഡിപിയുടെ മൂന്ന് ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമാക്കി വ‍ർദ്ധിപ്പിക്കുന്നു എന്നും ധനമന്ത്രി അറിയിച്ചു. കേരളമുൾപ്പടെയുള്ള സംസ്ഥാനങ്ങൾ കഴിഞ്ഞ പ്രളയകാലം മുതൽ ആവശ്യപ്പെടുന്നതാണിത്. 

അതേസമയം, കടമെടുക്കുന്നതിന് കേന്ദ്രസർക്കാർ ഒരു ഉപാധി കൂടി മുന്നോട്ട് വയ്ക്കുന്നുണ്ട്. എന്തിന് കടമെടുക്കുന്നു എന്നതിനൊരു ഉപാധിയാണ് മുന്നോട്ടുവയ്ക്കുന്നത്. ചില പ്രത്യേകമേഖലകൾക്കായി മാത്രമേ ഇത് ഉപയോഗിക്കാവൂ. കുടിയേറ്റത്തൊഴിലാളികളുടെ ക്ഷേമം, തൊഴിൽ കൂട്ടൽ, ഭക്ഷ്യധാന്യം വിതരണം ചെയ്യൽ, ഊർജമേഖല, ആരോഗ്യ, ശുചിത്വ മേഖലകളിലേക്കായി മാത്രമേ ഇത് ഉപയോഗിക്കാവൂ. പക്ഷേ, മൂന്നര ശതമാനം വരെ കടമെടുപ്പ് നടത്തിയാൽ അതിന് ഈ ഉപാധികൾ ബാധകമല്ല. അതിന് മുകളിൽ കടമെടുത്താൽ അത് എന്തൊക്കെ മേഖലകളിലാണ് ഉപയോഗിച്ചതെന്ന് കൃത്യമായി വ്യക്തമാക്കിയേ തീരൂ. അത് അനുവദിക്കപ്പെട്ട മേഖലകളിലേ നടത്താവൂ. 

ഇന്നത്തെ മറ്റ് പ്രഖ്യാപനങ്ങൾ ഇങ്ങനെ

'ആത്മനിർഭർ ഭാരത് അഭിയാൻ' എന്ന പ്രധാനമന്ത്രിയുടെ പ്രത്യേക കൊവിഡ് സാമ്പത്തിക പാക്കേജിന്‍റെ ഭാഗമായി നിർണായകമായ ഏഴ് മേഖലകളുമായി ബന്ധപ്പെട്ട പ്രഖ്യാപനമാണ് ഉണ്ടാകുക എന്ന് കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ വ്യക്തമാക്കുന്നു. തൊഴിലുറപ്പ്, ആരോഗ്യം (ഗ്രാമീണ, നഗരമേഖലകളിൽ), ബിസിനസ്, കമ്പനനിയമത്തിലെ ഡീക്രിമിനലൈസേഷൻ, ബിസിനസ് തുടങ്ങുന്നതിന് വേണ്ട ചട്ടങ്ങൾ ലളിതമാക്കൽ (ease of doing business), പൊതുമേഖലാ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ, സംസ്ഥാനസർക്കാരുകൾക്ക് വേണ്ട സഹായം എന്നീ മേഖലകളിലാകും ഇന്നത്തെ പ്രഖ്യാപനം. ഏറ്റവുമൊടുവിൽ 20 ലക്ഷം കോടിയുടെ വിശദമായ വിഭജനം എങ്ങനെ എന്നും അവർ ഇന്ന് വിശദീകരിക്കും. 

പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ ചില ഭാഗങ്ങൾ ഉദ്ധരിച്ചാണ് ധനമന്ത്രി നിർമലാ സീതാരാമൻ വാർത്താസമ്മേളനം തുടങ്ങിയത്. സാധാരണക്കാരന് അന്ത്യോദയ അന്ന യോജന വഴി ഭക്ഷ്യധാന്യങ്ങൾ എത്തിച്ചത് ധനമന്ത്രി ചൂണ്ടിക്കാട്ടി. സ്വയം പര്യാപ്ത ഇന്ത്യയാണ് ലക്ഷ്യമിടുന്നതെന്നും, ഇതിനായി പ്രധാനമന്ത്രിയുടെ ഭൂമി, തൊഴിൽ, പണലഭ്യത, നിയമം (Land, Labour, Liquidity And Law) എന്നീ മേഖലകളിൽ മാറ്റങ്ങൾ വരേണ്ടതുണ്ടെന്ന പരാമർശവും ധനമന്ത്രി ഊന്നിപ്പറഞ്ഞു. 

കുടിയേറ്റത്തൊഴിലാളികൾക്ക് രാജ്യത്ത് ബുദ്ധിമുട്ട് നേരിടേണ്ടി വന്നെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. അവർക്കായി പദ്ധതികൾ ആവശ്യമുണ്ട്. ഇതുവരെ അന്ത്യോദയ അന്ന യോജന, കിസാൻ കല്യാൺ യോജന, ജൻധൻ യോജന, ഉജ്വല യോജന എന്നീ പദ്ധതികൾ വഴി എത്തിച്ച പണത്തിന്‍റെ കണക്കുകളും ധനമന്ത്രി എടുത്തുപറഞ്ഞു. 8.19 കോടി കർഷകർക്ക് 2000 രൂപ വീതം 16900 കോടി വിതരണം ചെയ്തു. ജൻധൻ അക്കൗണ്ടുള്ള 20 കോടി സ്ത്രീകൾക്ക് 25000 കോടി നൽകി. ഉജ്വല പദ്ധതി വഴി 6.81 കോടി സൗജന്യ ഗ്യാസ് സിലിണ്ടർ നൽകി. കുടിയേറ്റത്തൊഴിലാളികളുടെ മടക്കത്തിൽ 85% തുകയും കേന്ദ്രസർക്കാരാണ് വഹിച്ചത്. ജീവനുണ്ടെങ്കിലേ ജീവിതമുള്ളൂ എന്നത് ഓർക്കണം. അതിനാലാണ് ഈ പദ്ധതി പ്രഖ്യാപിച്ചതെന്നും നിർമലാ സീതാരാമൻ.

തൊഴിലുറപ്പ് പദ്ധതി

അധിക തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കപ്പെടുന്നതിലൂടെ ഗ്രാമീണമേഖല ശക്തിപ്പെടുമെന്ന് ധനമന്ത്രി അവകാശപ്പെടുന്നു. ജലസ്രോതസ്സുകൾ മെച്ചപ്പെടുത്തുന്നതുൾപ്പടെയുള്ള പ്രവർത്തികൾ ഇത് വഴി ഊർജിതമാക്കും. ഗ്രാമീണസാമ്പത്തികമേഖല മെച്ചപ്പെടുമെന്നും നിർമലാ സീതാരാമൻ.

പൊതുജനാരോഗ്യമേഖലയിൽ നിക്ഷേപം

പൊതുജനാരോഗ്യമേഖലയിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കും. ഗ്രാമീണ, നഗരമേഖലകളിൽ കൂടുതൽ ആരോഗ്യ, ക്ഷേമകേന്ദ്രങ്ങൾ തുടങ്ങും. എല്ലാ ജില്ലകളിലും പകർച്ചവ്യാധികൾ ചികിത്സിക്കാൻ ആശുപത്രികളിൽ പ്രത്യേക ബ്ലോക്കുസൾ തുടങ്ങും. ലാബ് നെറ്റ്‍വർക്ക് സുശക്തമാക്കും. എല്ലാ ജില്ലകളിലും സമഗ്ര പൊതുആരോഗ്യലാബുകൾ തുങ്ങും. ബ്ലോക്ക് തലത്തിൽ പൊതുജനാരോഗ്യയൂണിറ്റുകൾ തുടങ്ങും. പകർച്ചവ്യാധികളെ നേരിടാൻ ഗവേഷണം ശക്തിപ്പെടുത്തും. ദേശീയ ഡിജിറ്റൽ ഹെൽത്ത് ബ്ലൂപ്രിന്‍റ് തയ്യാറാക്കും.

ഓരോ ക്ലാസിനും ഓരോ ടിവി ചാനൽ

പുതുതായി 12 ടിവി ചാനലുകൾ തുടങ്ങുമെന്ന് ധനമന്ത്രി വ്യക്തമാക്കുന്നു.  ഒന്ന് പന്ത്രണ്ട് വരെയുള്ള ക്ലാസുകൾക്കായി ഓരോ ടിവി ചാനലുകൾ തുടങ്ങും. പ്രധാനമന്ത്രി ഇ വിദ്യാ പദ്ധതി പ്രകാരം ക്യു ആർ കോഡ് വഴി സ്കാൻ ചെയ്താൽ ടെക്സ്റ്റ് പുസ്തകങ്ങൾ കിട്ടുന്നതടക്കമുള്ള ദിക്ഷ പദ്ധതി വരും. കൂടുതൽ റേഡിയോ, കമ്മ്യൂണിറ്റി റേഡിയോ, പോഡ്കാസ്റ്റുകൾ എന്നിവ പാഠഭാഗങ്ങളുമായി ബന്ധപ്പെടുത്തി പുറത്തിറക്കും. രാജ്യത്തെ ഏറ്റവും മുന്നിലുള്ള 100 സർവകലാശാലകൾക്ക് മറ്റ് അനുമതികളുടെ നൂലാമാലയൊന്നുമില്ലാതെ മെയ് 30 മുതൽ ഓൺലൈൻ കോഴ്സുകൾ തുടങ്ങാം. 

വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കൗൺസലിംഗിനായി മനോദർപ്പൺ പദ്ധതിയും സർക്കാർ പ്രഖ്യാപിച്ചു. 

ഓരോ മേഖലയ്ക്കും നൽകിയ സഹായങ്ങൾ ഇങ്ങനെ

ഇതുവരെ കൊവിഡുമായി ബന്ധപ്പെട്ട് ഓരോ മേഖലയ്ക്കും നൽകിയ തുകയുടെ വിശദാംശങ്ങൾ അവർ ആദ്യം വിശദീകരിച്ചു.

ഇതുവരെ 15,000 കോടി രൂപയാണ് പ്രഖ്യാപിച്ചത്. ഇതിൽ 4113 കോടി വിവിധ സംസ്ഥാനങ്ങൾക്ക് നൽകിക്കഴിഞ്ഞു. അവശ്യവസ്തുക്കൾ വാങ്ങാൻ 3750 കോടി രൂപയും ടെസ്റ്റിംഗ് ലാബുകൾ സജ്ജീകരിക്കാനും, കിറ്റുകൾ വാങ്ങാനും 550 കോടിയും പ്രധാൻമന്ത്രി ഗരീബ് കല്യാൺ യോജന  വഴി 50 ലക്ഷം വീതം ഓരോ ആരോഗ്യപ്രവർത്തകർക്കും ഇൻഷൂറൻസ് നൽകാനും ഉപയോഗിച്ചു. ഇ - സഞ്ജീവനി ടെലി കൺസൽട്ടേഷൻ സേവനങ്ങൾ തുടങ്ങി. ആരോഗ്യസേതു ആപ്പ് പുറത്തിറക്കി. പകർച്ചവ്യാധി നിയമത്തിൽ ഭേദഗതി വരുത്തി. പിപിഇ നിർമാണത്തിന് 300 ആഭ്യന്തർ നിർമാതാക്കളെ കണ്ടെത്തി. 51 ലക്ഷം പിപിഇ കിറ്റുകളും 87 ലക്ഷം എൻ-95 മാസ്കുകകളും വിതരണം ചെയ്തു. ഹൈഡ്രോക്സി ക്ലോറോക്വിൻ ടാബ്‍ലറ്റുകൾ 11.08 കോടി വിതരണം ചെയ്തുവെന്നും അവർ വ്യക്തമാക്കി.

കോർപ്പറേറ്റ് നിയമത്തിൽ ചില മേഖലകളിൽ ചില കുറ്റങ്ങൾ ക്രിമിനൽ കുറ്റങ്ങളല്ലാതാക്കിയ നടപടികളും, വീട്ടിലിരുന്ന് കുട്ടികൾക്ക് പഠിക്കാൻ സ്വകാര്യ ഡിടിഎച്ച് ചാനലുകളായ ടാറ്റാ സ്കൈ, എയർടെൽ എന്നിവ വഴി സ്വയംപ്രഭ ചാനലിലൂടെ പാഠഭാഗങ്ങൾ എത്തിച്ചെന്നും ധനമന്ത്രി. 

20 ലക്ഷം കോടിയുടെ വിഭജനം എങ്ങനെ?

20 ലക്ഷം കോടിയുടെ വിഭജനം എങ്ങനെ

നേരത്തേ കേന്ദ്രസർക്കാർ പൂർണമായും 20 ലക്ഷം രൂപ പുതുതായി വിപണിയിൽ ഇറക്കുന്നില്ല എന്ന ആക്ഷേപം ഉയർന്നിരുന്നു. 

  • 22 മാർച്ച് മുതൽ നൽകിയ നികുതി ഇളവുകൾ - 7800 കോടി
  • പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന - 1,70,000 കോടി 
  • ആരോഗ്യമേഖല - 15,000 കോടി രൂപ
  • ചെറുകിട വ്യവസായികൾക്ക് ഉൾപ്പടെയുള്ള വായ്പാപദ്ധതി - 3 ലക്ഷം കോടി
  • പ്രതിസന്ധിയിലായ ചെറുകിട വ്യവസായങ്ങൾക്ക് - 20,000 കോടി
  • Fund of Funds, ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്ക് - 50,000 കോടി
  • ബിസിനസ്സുകൾക്കും തൊഴിലാളികൾക്കും ഇപിഎഫ് - 2800 കോടി
  • ഇപിഎഫ് നിരക്കിലെ കുറവ് - 6750 കോടി രൂപ
  • NBFC/HFC/MFIs - പ്രത്യേക ലിക്വിഡിറ്റ് പദ്ധതി - 30,000 കോടി
  • DISCOM-ൾക്ക് ലിക്വിഡിറ്റി സഹായം - 90,000 കോടി
  • ആദായനികുതി നിരക്കുകളിലെ മാറ്റം (TDS/TCS) - 50,000 കോടി
  • കുടിയേറ്റത്തൊഴിലാളികൾക്ക് സൗജന്യധാന്യം, ഭക്ഷണം 2 മാസത്തേക്ക് - 3500 കോടി രൂപ
  • മുദ്ര ശിശു വായ്പയ്ക്കുള്ള പലിശ - 1500 കോടി
  • തെരുവുകച്ചവടക്കാർക്ക് പ്രത്യേക വായ്പാ പദ്ധതി - 5000 കോടി
  • CLSS/MIG ഭവനപദ്ധതി - 70,000 കോടി
  • നബാർഡ് വഴി പ്രത്യേക അടിയന്തരവായ്പാ പദ്ധതി - 30,000 കോടി
  • KCC വഴി അധിക വായ്പ - 2 ലക്ഷം കോടി
  • ഫുഡ്, മൈക്രോ പദ്ധതികൾ - 10,000 കോടി
  • പ്രധാനമന്ത്രി മത്സ്യസംപദ യോജന - 20,000 കോടി
  • ടോപ് ടു ടോട്ടൽ, ഓപ്പറേഷൻ ഗ്രീൻസ് - 500 കോടി
  • അഗ്രി ഇൻഫ്രാസ്ട്രച്ർ ഫണ്ട് - 1 ലക്ഷം കോടി 
  • ആനിമൽ ഹസ്ബൻഡറി - 15,000 കോടി
  • ഹെർബൽ കൃഷി - 4000 കോടി
  • തേനീച്ചകൃഷിക്ക് - 500 കോടി
  • വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ് - 8100 കോടി
  • തൊഴിലുറപ്പ് പദ്ധതി - 40,000 കോടി

ഇവയെല്ലാം ചേർത്തും, റിസർവ് ബാങ്ക് ചെലവഴിച്ച 8 ലക്ഷം കോടി (8,01,603 കോടി) രൂപയും കൂടി കൂട്ടിയാൽ ആകെ 20 ലക്ഷത്തി തൊണ്ണൂറ്റിയേഴായിരം (20,97,053) കോടി രൂപയുടെ പദ്ധതിയാണ് ആകെയുള്ളത് എന്ന് ധനമന്ത്രി വ്യക്തമാക്കുന്നു. അതായത് സർക്കാരിന്‍റെ കയ്യിൽ നിന്ന് ഏതാണ്ട് 11 ലക്ഷം കോടിയോളം രൂപ വരുമെന്ന് കണക്കാക്കാം.

ഇതുവരെ പ്രഖ്യാപിച്ചത്

പാക്കേജിൽ മുപ്പത്തിമൂന്ന് പ്രഖ്യാപനങ്ങളും 11 സാമ്പത്തിക പരിഷ്കാര നടപടികളുമാണ് ഇതുവരെ ഉണ്ടായത്. സാമ്പത്തിക പരിഷ്കാരമല്ല, സഹായമാണ് ഈ ഘട്ടത്തിൽ ആവശ്യമെന്ന് പ്രതിപക്ഷം പ്രതികരിച്ചു. നേരിട്ട് ധനസഹായം എത്തിക്കുന്നതിനുള്ള പ്രഖ്യാപനങ്ങൾ ഇന്നുണ്ടാവുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

സ്വകാര്യ മേഖലക്ക് മുന്നിൽ വാതിലുകൾ കൂടുതൽ തുറന്ന് വരുമാനം കൂട്ടുക എന്ന അവകാശവാദത്തോടെയായിരുന്നു ധനമന്ത്രി നിര്‍മല സീതാരാമന്‍റെ നാലാം പ്രഖ്യാപനം. പ്രതിരോധ, ബഹിരാകാശ രംഗത്തെ സ്വകാര്യ പങ്കാളിത്തം ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന വിമര്‍ശനവും ഉയരുന്നു.

സംസ്ഥാനങ്ങൾക്ക് അടിയന്തിര സാമ്പത്തിക സഹായം, തൊഴിലാളികൾക്കും കര്‍ഷകര്‍ക്കും ലോക് ഡൗണ്‍ മറികടക്കാനുള്ള പ്രതിമാസ സഹായം തുടങ്ങിയ പ്രഖ്യാപനങ്ങളായിരുന്നു പ്രതീക്ഷിച്ചത്. അതിന് പകരം ദേശീയ സമ്പത്ത് പലതും വിറ്റഴിക്കുന്ന സ്വകാര്യ-ഉദാരവത്കരണ നയങ്ങളുടെ പ്രഖ്യാപനമാണ് ധനമന്ത്രി നടത്തിയതെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രതിരോധ മേഖലയിലെ വിദേശ നിക്ഷേപ പരിധി ഉയര്‍ത്താനുള്ള തീരുമാനം ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ആയുധ നിര്‍മ്മാണ മേഖലയിലെ വാണിജ്യവത്കരണവും ബഹിരാകാശ-ആണവ രംഗത്ത് സ്വകാര്യവത്കരണവും ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നും പ്രതിപക്ഷം ആരോപിച്ചു.

100 കോടി ടണ്‍ കൽക്കരി ഉല്പാദനം എന്ന ലക്ഷ്യത്തോടെയാണ് കൽക്കരി മേഖലയിലേക്കുള്ള സ്വകാര്യ പങ്കാളിത്തം കൂട്ടുന്നത്. സര്‍ക്കാരിന്‍റെ കുത്തകയായിരുന്ന മേഖലകൾ കൂടി ഇനി സ്വകാര്യ കമ്പനികൾ നിയന്ത്രിക്കും. തൊഴിലവസരങ്ങൾ കൂടുമെന്നാണ് സര്‍ക്കാരിന്‍റെ അവകാശവാദം. ആദ്യ നരേന്ദ്രമോദി സർക്കാരിന്‍റെ കാലത്ത് പകുതി വഴിയിൽ ഉപേക്ഷിച്ച പരിഷ്ക്കാര നടപടികൾക്കാണ് ഈ പ്രതിസന്ധി കാലത്ത് തുടക്കം കുറിക്കുന്നത്. 

തത്സമയസംപ്രേഷണം:

Latest Videos
Follow Us:
Download App:
  • android
  • ios