കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു; ഭോപ്പാലിലും ഇന്‍ഡോറിലും രാത്രി കര്‍ഫ്യു
കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന മഹാരാഷ്ട്രയില്‍ നിന്ന് ആളുകള്‍ സംസ്ഥാനത്തേക്ക് എത്തുന്ന സാഹചര്യമൊഴിവാക്കാനാണ് നടപടി. മഹാരാഷ്ട്രയില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്ക് തെര്‍മല്‍ സ്‌കാനിങ് പരിശോധനയും ഏഴ് ദിവസത്തെ ഹോം ക്വാറന്റൈനും നിര്‍ബന്ധമാക്കും.
ഭോപ്പാല്‍: മധ്യപ്രദേശില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ തലസ്ഥാന നഗരമായ ഭോപ്പാല്‍, വാണിജ്യ നഗരമായ ഇന്‍ഡോര്‍ എന്നിവിടങ്ങളില്‍ ബുധനാഴ്ച മുതല്‍ രാത്രി നിരോധനം ഏര്‍പ്പെടുത്തി. കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മറ്റ് എട്ട് നഗരങ്ങളില്‍ രാത്രി 10ന് വാണിജ്യ സ്ഥാപനങ്ങള്‍ അടക്കും. കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന മഹാരാഷ്ട്രയില്‍ നിന്ന് ആളുകള്‍ സംസ്ഥാനത്തേക്ക് എത്തുന്ന സാഹചര്യമൊഴിവാക്കാനാണ് നടപടി.
മഹാരാഷ്ട്രയില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്ക് തെര്‍മല്‍ സ്‌കാനിങ് പരിശോധനയും ഏഴ് ദിവസത്തെ ഹോം ക്വാറന്റൈനും നിര്‍ബന്ധമാക്കും. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
ജബല്‍പുര്‍, ഗ്വാളിയോര്‍, ഉജ്ജൈന്‍, രത്‌ലം, ഛിന്‍ദ്വാര, ബുര്‍ഹന്‍പുര്‍, ബേതുല്‍, ഖര്‍ഗോണ്‍ എന്നീ നഗരങ്ങളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. അടുത്ത മൂന്ന് ദിവസം കൂടി കൊവിഡ് കേസുകള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ട്. അഞ്ച് എംഎല്‍എമാര്‍ക്കും ചില ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മാര്‍ച്ച് 26ന് തുടങ്ങേണ്ട നിയമസഭ ബജറ്റ് സമ്മേളനവും മാറ്റിവെച്ചു. കഴിഞ്ഞ ദിവസം എണ്ണൂറോളം പേര്‍ക്കാണ് മധ്യപ്രദേശില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ജനങ്ങള്‍ മുന്‍കരുതല്‍ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.