ആരോഗ്യപ്രവർത്തകർക്കുള്ള 50 ലക്ഷം രൂപയുടെ കൊവിഡ് ഇൻഷൂറൻസ് നിർത്തി കേന്ദ്രം

കൊവിഡിന്‍റെ രണ്ടാം തരംഗത്തിന്‍റെ വ്യാപനത്തിൽ രാജ്യം വിറങ്ങലിച്ച് നിൽക്കുമ്പോഴാണ് കൊവിഡ് ഇൻഷൂറൻസ് നിർത്തിവയ്ക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്. മാർച്ച് 24 വരെ മാത്രമേ കൊവിഡ് ഇൻഷൂറൻസ് ലഭ്യമാകൂ. 

covid 19 insurance of covid frontline health workers stopped by centre

ദില്ലി: കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കിടെ ജീവൻ നഷ്ടമാകുന്ന ആരോഗ്യപ്രവർത്തകർക്കുള്ള 50 ലക്ഷം രൂപയുടെ ഇൻഷൂറൻസ് പദ്ധതി കേന്ദ്രസർക്കാർ നിർത്തലാക്കി. കൊവിഡിന്‍റെ രണ്ടാം തരംഗത്തിന്‍റെ വ്യാപനത്തിൽ രാജ്യം വിറങ്ങലിച്ച് നിൽക്കുമ്പോഴാണ് കൊവിഡ് ഇൻഷൂറൻസ് നിർത്തിവയ്ക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്. മാർച്ച് 24 വരെ മാത്രമേ കൊവിഡ് ഇൻഷൂറൻസ് ലഭ്യമാകൂ. 

അതായത്, കഴിഞ്ഞ മാസം 24 വരെ മരിച്ച ആരോഗ്യപ്രവർത്തകർക്ക് മാത്രമേ ഇനി ഇൻഷൂറൻസ് ലഭിക്കൂ. ഇവരുടെ ബന്ധുക്കൾക്ക് ഈ മാസം 24 വരെ രേഖകൾ ഹാജരാക്കാൻ സമയം നൽകിയിട്ടുണ്ട്. അവിടന്നങ്ങോട്ട് ആരോഗ്യ ഇൻഷൂറൻസ് പരിരക്ഷയുണ്ടാകില്ലെന്ന് കാട്ടി കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനസർക്കാരുകൾക്ക് കത്ത് നൽകി. 

അതേസമയം, വാർത്ത തെറ്റിദ്ധാരണാജനകമാണെന്നാണ് പ്രസ് ഇൻഫോമേഷൻ ബ്യൂറോ പറയുന്നത്. ഇൻഷൂറൻസ് തുടരുന്ന കാര്യം ചർച്ചകളിലാണെന്നും, ഇക്കാര്യത്തിൽ അന്തിമതീരുമാനം പിന്നീടെടുക്കുമെന്നുമാണ് പിഐബി പുറത്തുവിട്ട ട്വീറ്റിൽ പറയുന്നത്. 

പ്രതിദിനകൊവിഡ് കേസുകൾ രാജ്യത്ത് രണ്ടരലക്ഷം കവിയുകയാണ്. കിടക്കകളും ഐസിയുകളും ഓക്സിജൻ സിലിണ്ടറുകളും ഇല്ലാതെ രാജ്യം കൊവിഡിന്‍റെ രണ്ടാം തരംഗത്തിന്‍റെ വ്യാപനത്തിൽ വിറങ്ങലിച്ച് നിൽക്കുമ്പോഴാണ്, ഇൻഷൂറൻസ് പോലുമില്ലാതെ ആരോഗ്യപ്രവർത്തകർക്ക് ജോലി ചെയ്യേണ്ടി വരുന്നത്. 

ഇത് വരെ 50 ലക്ഷം രൂപയുടെ ഇൻഷൂറൻസ് ലഭിച്ചത് 287 പേർക്കാണെന്ന് കേന്ദ്രസർക്കാരിന്‍റെ ഉത്തരവിൽ പറയുന്നത്. മരിച്ച 287 പേരുടെ കുടുംബങ്ങൾക്ക് ഇൻഷൂറൻസ് തുക ഉറപ്പ് നൽകിയിട്ടുണ്ട്. സ്വകാര്യഏജൻസിയായ ന്യൂ ഇന്ത്യ അഷ്വറൻസുമായി ചേർന്നാണ് കേന്ദ്രസർക്കാർ ഈ പദ്ധതി നടപ്പാക്കിയത്. എന്നാൽ ഫെബ്രുവരി വരെത്തന്നെ സർക്കാർ രേഖകൾ പരിശോധിച്ചാൽ 313 ആരോഗ്യപ്രവർത്തകർ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. 162 ഡോക്ടർമാർ, 107 നഴ്സുമാർ, 44 ആശാ പ്രവർത്തകർ എന്നിങ്ങനെയാണ് മരണസംഖ്യ. എന്നാൽ ഡോക്ടർമാർ മാത്രം 734 പേർ മരിച്ചുവെന്നാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്‍റെ കണക്ക്. ഇതേക്കുറിച്ച് കേന്ദ്രസർക്കാർ ഇതേവരെ പ്രതികരിച്ചിട്ടില്ല. സംസ്ഥാനസർക്കാരുകളുടെ ശുപാർശയോടെയാണ് ഇൻഷൂറൻസിനായുള്ള അപേക്ഷകൾ കേന്ദ്രസർക്കാർ പരിഗണിച്ചിരുന്നത്. 

സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ആരോഗ്യപ്രവർത്തകർ, കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളിലേക്ക് തിരിച്ച് വന്ന വിരമിച്ച ജീവനക്കാർ, സന്നദ്ധപ്രവർത്തകർ എന്നിവർക്കായി കഴിഞ്ഞ വർഷം മാർച്ച് 30 മുതലാണ് പ്രധാനമന്ത്രി ഗരീബ് കല്യാൺ പാക്കേജിൽ ഉൾപ്പെടുത്തി ആരോഗ്യ ഇൻഷൂറൻസ് പ്രഖ്യാപിച്ചത്. പിന്നീട് സെപ്റ്റംബറിൽ കേസുകൾ കുത്തനെ കൂടിയപ്പോൾ, പദ്ധതി ഈ വർഷം മാർച്ച് വരെയാക്കി നീട്ടിയിരുന്നു.

എന്നാൽ വാക്സീൻ വിതരണത്തിന്‍റെ ഒന്നാംഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്കെല്ലാം വാക്സീൻ നൽകിയത് പരിഗണിച്ചാണ്, പദ്ധതി നിർത്തിവച്ചതെന്നാണ് കേന്ദ്രസർക്കാർ നൽകുന്ന വിശദീകരണം. വാക്സീൻ ലഭിച്ചതിനാൽ കൊവിഡ് രോഗബാധയിൽ നിന്ന് ആരോഗ്യപ്രവർത്തകർ സുരക്ഷിതരാണെന്ന കണക്കുകൂട്ടലിലാണ് നടപടി. കൊവിഡ് പോരാളികൾക്കായി പുതിയ പദ്ധതി നടപ്പാക്കാൻ മറ്റ് ഇൻഷൂറൻസ് കമ്പനികളുമായി അടക്കം ചർച്ച നടക്കുന്നുണ്ടെന്നും കേന്ദ്രസർക്കാർ വിശദീകരിക്കുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios