രണ്ടാം തരംഗം, രോഗമുക്തി കുത്തനെ താഴോട്ട്, സംസ്ഥാനങ്ങൾ അലംഭാവം കാട്ടിയെന്ന് മന്ത്രി

വാക്സീന്‍ ക്ഷാമത്തെ ചൊല്ലി കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള പോരും മുറുകുകയാണ്. മഹാരാഷ്ട്ര, ഒഡീഷ, ഛത്തിസ്ഗഡ്, ആന്ധ്രയടക്കം ആറ് സംസ്ഥാനങ്ങള്‍ മരുന്ന് ഇല്ലാത്തതിനാല്‍ മൂന്ന് ദിവസത്തിനുള്ളില്‍ വാക്സിനേഷന്‍ നിര്‍ത്തി വയ്ക്കേണ്ടി വരുമെന്നറിയിച്ചിരിക്കുകയാണ്

Covid 19 India Recovery rate is down in second wave says Health Minister Harsh Vardhan

ദില്ലി: കൊവിഡ് രണ്ടാം തരംഗത്തിൽ രാജ്യത്തെ രോഗമുക്തി നിരക്ക് ആശങ്കാജനകാം വിധം താഴുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹർഷവർധൻ. 96% രോഗമുക്തി ഉണ്ടായിരുന്നത് തൊണ്ണൂറ്റിയൊന്ന് ശതമാനത്തിലെത്തിയതായി കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി. രണ്ടാം തരംഗത്തിൽ മരണനിരക്ക് കുറവാണന്നും ഡോ ഹർഷ് വർധൻ പറയുന്നു. മഹാരാഷ്ട്ര, പഞ്ചാബ്. കേരളമടക്കം പതിനൊന്ന് സംസ്ഥാനങ്ങളില്‍ രോഗവ്യാപനം തീവ്രമായത് ഉദാസീന മനോഭാവം മൂലമാണെന്ന് കൊവിഡ് സാഹചര്യം വിലയിരുത്താന്‍ ചേര്‍ന്ന ഉന്നത തല യോഗത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി കുറ്റപ്പെടുത്തി. 

വാക്സീന്‍ ക്ഷാമത്തെ ചൊല്ലി കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള പോരും മുറുകുകയാണ്. മഹാരാഷ്ട്ര, ഒഡീഷ, ഛത്തിസ്ഗഡ്, ആന്ധ്രയടക്കം ആറ് സംസ്ഥാനങ്ങള്‍ മരുന്ന് ഇല്ലാത്തതിനാല്‍ മൂന്ന് ദിവസത്തിനുള്ളില്‍ വാക്സിനേഷന്‍ നിര്‍ത്തി വയ്ക്കേണ്ടി വരുമെന്നറിയിച്ചിരിക്കുകയാണ്. ക്ഷാമമെന്ന പരാതി അടിസ്ഥാന രഹിതമാണെന്നും 19 മില്യണ്‍ ഡോസ് വാക്സീന്‍ വിതരണത്തിന് നല്‍കിയിട്ടുണ്ടെന്നും 24 മില്യണ്‍ ഡോസ് സ്റ്റോക്കുണ്ടെന്നുമാണ് ആരോഗ്യമന്ത്രാലയത്തിന്‍റെ വിശദീകരണം. 

വിഷയം ഏറ്റെടുത്ത രാഹുല്‍ഗാന്ധി വാക്സീന്‍ ഉത്സവം നടത്താതെ ക്ഷാമം പരിഹരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്ന് കുറ്റപ്പെടുത്തി. രാഹുല്‍ഗാന്ധിയുടെ വാക്കുകള്‍ ആര് മുഖവിലക്കെടുക്കുമെന്ന് ബിജെപി തിരിച്ചടിച്ചു.

രണ്ടാംതരംഗത്തില്‍ രാജ്യത്ത് അതിവേഗമാണ് രോഗവ്യാപനം. 24 മണിക്കൂിനിടെ 1,31,968 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കൊവിഡ് വ്യാപനത്തില്‍ ഇതുവരെ രാജ്യത്ത് രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും ഉയര്‍ന്ന വര്‍ധനയാണ് ഇത്. ഒരു ദിവസത്തിനിടെ 780 പേര്‍ കൂടി മരിച്ചു. ആകെ ചികിത്സയിലുള്ള 9,79,608 പേരില്‍ ഇരുപത്തി മൂവായിരത്തോളം പേരുടെ നില ഗുരുതരമെന്നാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്. രോഗവ്യാപനം തീവ്രമായ സാഹചര്യത്തില്‍ ദില്ലിയിലെ എയിംസ്, രാജീവ് ഗാന്ധി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികള്‍ കൊവിഡിതര ചികിത്സ നിര്‍ത്തി വച്ചിരിക്കുകയാണ്. 

Latest Videos
Follow Us:
Download App:
  • android
  • ios