കുറയാതെ കൊവിഡ് കണക്ക്; രാജ്യത്ത് 24 മണിക്കൂറിനിടെ 3,68,147 കേസുകൾ, 3417 മരണം
ഓക്സിജൻ ക്ഷാമം തുടരുന്നതായുള്ള വാർത്തകൾ ഇന്നും പുറത്ത് വന്നു. ഉത്തർപ്രദേശിലെ മീററ്റിലെ സ്വാകാര്യ ആശുപത്രിയിൽ 5 രോഗികൾ മരിച്ചത് ഓക്സിജൻ ദൗർലഭ്യം കാരണമെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. പ്രതിദിന കണക്ക് ഇന്നും മൂന്നരലക്ഷത്തിന് മുകളിലാണ്. 24 മണിക്കൂറിനിടെ 3,68,147 പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 3417 മരണം കൂടി സർക്കാർ ഔദ്യോഗികമായി കണക്കിൽപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2,18,959 പേരാണ് ഇത് വരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ 34,13,642 പേരാണ് രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളതെന്നും ആരോഗ്യമന്ത്രാലയം കണക്ക് പറയുന്നു.
ഓക്സിജൻ ക്ഷാമം തുടരുന്നതായുള്ള വാർത്തകൾ ഇന്നും പുറത്ത് വന്നു. ഉത്തർപ്രദേശിലെ മീററ്റിലെ സ്വാകാര്യ ആശുപത്രിയിൽ 5 രോഗികൾ മരിച്ചത് ഓക്സിജൻ ദൗർലഭ്യം കാരണമെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ആരോപണം അന്വേഷിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പ്രക്ഷുബ്ധരായ ബന്ധുക്കളും ആശുപത്രി അധികൃതരും തമ്മിൽ നേരിയ സംഘർഷം ഉണ്ടായി.