രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷം; 24 മണിക്കൂറിനിടെ 4,12,262 പുതിയ കേസുകൾ, 3980 മരണം
കൊറോണ വൈറസിന് സംഭവിച്ച ഇരട്ട ജനിതകമാറ്റമാണ് രണ്ടാം തരംഗത്തിന് കാരണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നു. ബി. 1. 617 എന്ന വൈറസ് വകഭേദമാണ് രോഗവ്യാപനം അതിതീവ്രമാക്കുന്നതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷം. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 24 മണിക്കൂറിനിടെ 4,12,262 പേർക്ക് രോഗം സ്ഥിരീകരിച്ചു. 3980 പേർ കൊവിഡ് ബാധമൂലം മരിച്ചുവെന്നാണ് കണക്ക്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 2,30,168 ആയി. ഇപ്പോൾ 35,66,398 പേരാണ് രാജ്യത്ത് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. 1.09 ശതമാനമാണ് മരണ നിരക്ക്. ഇപ്പോൾ രാജ്യത്ത് രോഗബാധ രൂക്ഷമായ ആദ്യ അഞ്ച് സംസ്ഥാനങ്ങളിൽ കേരളവും ഉണ്ട്.
കൊറോണ വൈറസിന് സംഭവിച്ച ഇരട്ട ജനിതകമാറ്റമാണ് രണ്ടാം തരംഗത്തിന് കാരണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നു. ബി. 1. 617 എന്ന വൈറസ് വകഭേദമാണ് രോഗവ്യാപനം അതിതീവ്രമാക്കുന്നതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ജനിതകമാറ്റവും, രണ്ടാം തരംഗവും തമ്മിൽ ബന്ധമുണ്ടെന്ന് പറയാനാവില്ലെന്നായിരുന്നു മുൻ നിലപാട്. അതിവേഗമാണ് രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നത്.
രാജ്യത്തെ കൊവിഡ് മരണസംഖ്യ ജൂണിൽ 4 ലക്ഷത്തിന് മുകളിലാകുമെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് മുന്നറിയിപ്പ് നൽകി കഴിഞ്ഞു. ജൂലൈ അവസാനത്തോടെ 10 ലക്ഷം കവിയുമെന്ന് വാഷിംഗ്ടൺ സർവ്വകലാശാലയുടെ പഠനവും പറയന്നു.