കൊവിഡില്‍ ഞെട്ടി ഇന്ത്യ; രോഗികളുടെ എണ്ണത്തില്‍ റഷ്യയെ മറികടന്ന് മൂന്നാമതെന്ന് വേള്‍ഡോ മീറ്റര്‍

ഇന്നലെ മഹാരാഷ്ട്രയിൽ 6555 കേസുകളും 151 മരണവും റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ 63 പേർ മരിച്ചതോടെ ആകെ മരണസംഖ്യ 1500 കടന്നു. 

Covid 19 India became third highest positive cases

ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. സംസ്ഥാനങ്ങൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം പ്രതിദിന കണക്ക് 25,000 കടന്നേക്കും. വേൾഡോ മീറ്ററിന്റെ കണക്ക് പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ ഉള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മൂന്നാമതാണ്. പുതിയ കണക്ക് പ്രകാരം റഷ്യയെക്കാള്‍ രോഗികള്‍ ഇന്ത്യയില്‍ ഉണ്ടെന്നാണ് വേള്‍ഡോ മീറ്റര്‍ രേഖപ്പെടുത്തുന്നത്.

ഇന്നലെ മഹാരാഷ്ട്രയിൽ 6555 കേസുകളും 151 മരണവും റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ 63 പേർ മരിച്ചതോടെ ആകെ മരണസംഖ്യ 1500 കടന്നു. ദില്ലിയിൽ ഇന്നലെ 2244 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 99,444 ആയി. കർണാടകയിലും കൊവിഡ് കേസുകൾ അനിയന്ത്രിതമായി ഉയരുകയാണ്. ഇന്നലെ മാത്രം 1925 പേർക്ക് രോഗം സ്ഥിരീകരിച്ചു. ദില്ലി, ഗുജറാത്ത്‌, ഉത്തർപ്രദേശ് തുടങ്ങി 21 സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളിൽ രോഗമുക്തി നിരക്ക് ദേശിയ ശരാശരിയേക്കാൾ മുന്നിലാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 

ചെന്നൈ ഉൾപ്പടെ തമിഴ്നാട്ടിൽ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്ന നാല് ജില്ലകളിൽ ഇന്ന് മുതൽ കൂടുതൽ ഇളവുണ്ട്. പച്ചക്കറി, പലചരക്ക് കടകൾ വൈകിട്ട് ആറ് വരെ തുറന്ന് പ്രവർത്തിക്കും. നിയന്ത്രണങ്ങളോടെ ഓട്ടോ ടാക്സി സർവീസുകൾക്ക് അനുമതിയുണ്ട്. മാളുകൾ ഒഴികെ മറ്റ് കടകൾ 50 ശതമാനം ജീവനക്കാരുമായി തുറന്ന് പ്രവർത്തിക്കും. ബാർബർഷോപ്പുകൾക്കും ബ്യൂട്ടിപാർലറുകൾക്കും മത്സ്യവിൽപ്പന കടകൾക്കും തുറക്കാം. ഹോട്ടലുകളിൽ നിന്ന് പാഴ്സൽ അനുവദിക്കും. ഐടി സ്ഥാപനങ്ങൾക്കും സ്വകാര്യ ഓഫീസുകൾക്കും അമ്പത് ശതമാനം ജീവനക്കാരുമായി പ്രവർത്തിക്കാം. ഗ്രാമീണ മേഖലയിൽ ചെറിയ ആരാധനാലയങ്ങൾ തുറക്കാനും അനുമതിയുണ്ട്.

അതേസമയം രാജ്യത്തെ ഏറ്റവും വലിയ കൊവിഡ് ചികിത്സാകേന്ദ്രമായ ദില്ലി ഛത്തർപൂരിലെ സർദാർ പട്ടേൽ കൊവിഡ് കെയർ സെന്ററിൽ രോഗികളെ പ്രവേശിപ്പിച്ചു തുടങ്ങി. പതിനായിരത്തിലേറെ കിടക്കകളാണ് ഇവിടെ സജ്ജമാക്കുന്നത്. 10 ശതമാനം കിടക്കകൾക്ക് ഓക്സിജൻ സൗകര്യമുണ്ട്. പരിചരിക്കാൻ മൂവായിരത്തോളം ആരോഗ്യപ്രവർത്തകരും 57 ആംബുലൻസും ഇ റിക്ഷകളും സജ്ജം. കൊവിഡ് സെന്‍ററിന്‍റെ നടത്തിപ്പ് ചുമതല ഇന്തോ ടിബറ്റൻ അതിർത്തി പൊലീസിനാണ്. 

Read more: 'ഇനിയുള്ള നാളുകൾ നിർണ്ണായകം, നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം'; ന്യൂസ് അവറിൽ ആരോഗ്യമന്ത്രി

Latest Videos
Follow Us:
Download App:
  • android
  • ios