ചോദ്യചിഹ്നമായി യുപിയില്‍ നിന്നുള്ള രോഗി; കേരള മോഡലിലേക്ക് ഉറ്റുനോക്കി തമിഴ്‍നാട്

ഉത്തര്‍പ്രദേശില്‍ നിന്നും ചെന്നെയില്‍ എത്തിയ ഒരു യുവാവിന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചതോടെ ആശങ്കയുടെ നിഴലിലാണ് തമിഴ്‍നാട്. ദില്ലിയില്‍ നിന്നും തീവണ്ടി മാര്‍ഗ്ഗമെത്തിയ ഇയാള്‍ക്ക് എങ്ങനെ രോഗബാധയുണ്ടായെന്ന് കണ്ടെത്താന്‍ ഇതുവരെ തമിഴ്‍നാട് സര്‍ക്കാരിനായിട്ടില്ല. വ്യാപകമായി പരിശോധനകള്‍ നടത്തുന്നതിലും രോഗലക്ഷങ്ങള്‍ കാണിക്കുന്നവരെ നിരീക്ഷിക്കുന്നതിലും സര്‍ക്കാര്‍ പരാജയമാണെന്ന വിമര്‍ശനം തമിഴകത്ത് ശക്തിപ്പെടുമ്പോള്‍ അയല്‍പക്കത്തേക്ക് നോക്കുകയാണ് തമിഴകം - ചെന്നൈയില്‍ നിന്നും ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ മനുശങ്കര്‍ എഴുതുന്നു. 

covid 19 How Tamil Nadu is handling the crisis and why many praise the kerala model manu sankar writes

സമൂഹവ്യാപനം എന്ന സംശയം പരിശോധിക്കുന്നുവെന്ന് തമിഴ്നാട് ആരോഗ്യവകുപ്പ് സെക്രട്ടറി ബീല രാജേഷ് പ്രസ് ക്ലബ്ബിന് സമീപത്ത് വച്ച് മാധ്യമങ്ങളോട് വെളിപ്പെടുത്തുന്നത് ഉച്ചയ്ക്ക് ഒരു മണിയോടെ. ഇവിടെ നിന്ന് രണ്ട് കിലോമീറ്റര്‍ മാത്രം അകലെ ചെപ്പോക്കില്‍ പെട്ടി പായ്ക്ക് ചെയ്ത് നാട്ടിലേക്ക് മടങ്ങുന്നുവെന്ന് അറിയിക്കാന്‍ അപ്പോഴേക്കും ഒരു ചെന്നൈ മലയാളിയുടെ വിളിയെത്തി. വീട്ടുടമസ്ഥന്‍ ദുബായില്‍ നിന്ന് മടങ്ങി എത്തിയിട്ട് നാല് ദിവസം കഴിഞ്ഞെന്നും കടുത്ത പനിയായിട്ട് പോലും ആശുപത്രിയില്‍ പോകുന്നിലെന്നും നിങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ എന്നുമായിരുന്നു ചോദ്യം. അന്വേഷിച്ചപ്പോള്‍ വീട്ടുടമസ്ഥന്‍ ഭരണകക്ഷിയില്‍ നല്ല സ്വാധീനമുള്ള, പ്രദേശിക സുഹൃത്ത് വലയങ്ങളുള്ള ഖദര്‍ ധാരികൂടിയാണ്. 

ചീഫ് സെക്രട്ടറി കെ ഷണ്‍മുഖത്തിന്‍റെ നേതൃത്വത്തിലുള്ള ദൗത്യസംഘത്തിന്‍റെ ഓഫീസില്‍ വിളിച്ച് അറിയിച്ചപ്പോള്‍ മറുപടി അതിലും വിചിത്രമായിരുന്നു. പനിയുള്ള മുഴുവന്‍ പേരെയും സംശയിച്ചു കൊണ്ടിരുന്നാല്‍ അതിനേ സമയം കാണുകയുള്ളൂ എന്നായിരുന്നു മറുപടി. വിദേശത്ത് നിന്നെത്തിയ ആള്‍ക്ക് ഹോം ക്വാറന്‍റൈല്‍ പോലും കൃത്യമായി പാലിക്കപ്പെടുന്നില്ലെന്ന സ്ഥിതി. തമിഴ്നാട് കൊവിഡ് മുക്ത സംസ്ഥാനമെന്ന് അവകാശപ്പെട്ടിരുന്ന ആരോഗ്യവകുപ്പ് രാജ്യത്ത് ആദ്യമായി  സമൂഹവ്യാപനം എന്ന സംശയം ഉന്നയിക്കുന്നതിലേക്ക് വഴിവച്ചത് എന്താണ്? ചില കണക്കുകള്‍ നോക്കാം.
                                                                      
ആരോഗ്യമന്ത്രി വിജയഭാസ്ക്കര്‍ നല്‍കുന്ന വിവരം അനുസരിച്ച് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മൂന്ന് പോസിറ്റീവ് കേസുകള്‍. ആദ്യം കൊവിഡ് സ്ഥരീകരിച്ചത് കാഞ്ചീപുരം സ്വദേശിക്ക്. മലേഷ്യയില്‍ നിന്ന് മടങ്ങിയെത്തിയ ഇദേഹത്തിന് മധുര വിമാനത്താവളത്തില്‍ വച്ചുള്ള പരിശോധനയിലാണ് രോഗലക്ഷണങ്ങള്‍ കണ്ടത്. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്തത് ചെന്നൈ വിമാനത്താവളത്തില്‍ എത്തിയ അയര്‍ലന്‍ഡുകാരനായ വിദ്യാര്‍ത്ഥിക്കാണ്. ഇതുവരെ സ്ക്രീന്‍ ചെയ്തത് 1,94,236 പേരെ. ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്നത് 1120 പേര്‍. ഇതുവരെ പരിശോധിച്ചത് 320 സാമ്പിളുകള്‍. ഇതില്‍ 232 എണ്ണം നെഗറ്റീവ്. 86 സാമ്പിളുകള്‍ ഫലം വരാനിരിക്കുന്നു.

രണ്ട് ലക്ഷത്തോളം പേരെ സ്ക്രീന്‍ ചെയ്തിട്ട് ഫോളോ അപ്പ് ചെയ്തത് 320 കേസുകള്‍ മാത്രം എന്നതാണ് ശ്രദ്ധേയം. ഇതുവരെ വീടുകളില്‍ ഉള്‍പ്പടെ നിരീക്ഷണത്തിലുള്ളത് 1,890 പേര്‍. ഹോം ക്വാറന്‍റൈന്‍ എന്ന് വിശേഷിപ്പിക്കുമ്പോഴും എത്രമാത്രം പാലിക്കപ്പെടുന്നുണ്ടെന്ന പരിശോധന സര്‍ക്കാര്‍ തലത്തില്‍ വിരളമാണ്.  വിദേശത്ത് നിന്നെത്തുന്നവര്‍ ഹോം ക്വാറന്‍റൈനില്‍ കഴിയണമെന്ന നിര്‍ദേശം കേട്ടിട്ടുപോലുമില്ലെന്ന സമീപനമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍. ചെന്നൈ മലയാളികള്‍ പലരും നാട്ടിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതരാകുന്നതും ഈ കണക്കുകളിലെ ആശങ്ക ചൂണ്ടികാട്ടി തന്നെ.

വിമാനത്താവളത്തിലെ നിരീക്ഷണത്തിനപ്പുറം മറ്റ് ഇടങ്ങളിലേക്ക് വിശദപരിശോധനയ്ക്ക് ഒരുങ്ങാന്‍ രണ്ട് ദിവസം മുമ്പ് വരെ സര്‍ക്കാര്‍ തയാറായിരുന്നില്ല. ദക്ഷിണേന്ത്യയില്‍ ഏറ്റവുമധികം യാത്രക്കാര്‍ എത്തുന്ന ചെന്നൈ റെയില്‍വേസ്റ്റേഷനില്‍ പേരിന് പോലും മെഡിക്കല്‍ സംഘം ഉണ്ടായിരുന്നില്ല. ദില്ലിയില്‍ നിന്ന് ട്രെയിനില്‍ ചെന്നൈയിലെത്തിയ യുപി സ്വദേശിക്ക് കൊവിഡ് സ്ഥരീകരിച്ചതോടെയാണ് എംജിആര്‍ സ്റ്റേഷനിലെങ്കിലും കൃത്യമായ പരിശോധനയ്ക്ക് സര്‍ക്കാര്‍ തയാറായത്. യുപി സ്വദേശി ചെന്നൈയിലെത്തുന്നത് മാര്‍ച്ച് 12ന്. 

നാല് ദിവസങ്ങള്‍ക്ക് ശേഷം പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടതോടെയാണ് ഇയാള്‍ ആശുപത്രിയിലെത്തുന്നത്. അതുവരെ ഈ യുവാവ് സഞ്ചരിച്ച സ്ഥലങ്ങള്‍, അറിയാതെ ഇടപഴകേണ്ടി വന്ന നൂറ് കണക്കിന് ആളുകള്‍. ഇവരെയെല്ലാം കണ്ടെത്തുന്നതിനും ബോധവത്കരണത്തിനുമായുള്ള റൂട്ട് മാപ്പ് പോലും മണിക്കൂറുകള്‍ പിന്നിട്ടിട്ടും സര്‍ക്കാര്‍ പരസ്യപ്പെടുത്തിയിട്ടില്ല. ട്രെയിന്‍ ഏതെന്ന് പോലും ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. മൂന്ന് കേസുകള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂവെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നിടത്ത് പുറത്തുവരാനിരിക്കുന്നത് എത്രയോ വലിയ കണക്കുകള്‍ എന്ന് ആശങ്കപ്പെടുന്നവര്‍ ഏറെ.

യുപി സ്വദേശിക്ക് എങ്ങനെ കൊവിഡ് ബാധിച്ചു എന്ന കാര്യത്തില്‍ ആരോഗ്യവകുപ്പിന് ഇപ്പോഴും വ്യക്തത ഇല്ല. വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടില്ലാത്ത, വിദേശികളുമായി ഇടപെടാത്ത യുവാവിന് എങ്ങനെ കൊവിഡ് ബാധിച്ചെന്ന കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങളുമായി ചേര്‍ന്ന് പരിശോധനയ്ക്ക് നിര്‍ബന്ധിതരായിരിക്കുകയാണ് സര്‍ക്കാര്‍ ഒടുവില്‍. തമിഴ്നാട്ടിലെ ജനങ്ങള്‍ ആശങ്കപ്പെടേണ്ടെന്ന് പറഞ്ഞിരുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ ജാഗ്രതാ നിര്‍ദ്ദേശവും പരസ്യവും വിപുലമാക്കാനുള്ള ഒരുക്കത്തിലാണ്.

ചെറിയ രോഗലക്ഷണങ്ങള്‍ കാണുന്നവരെ പോലും വിശദ പരിശോധനയ്ക്ക് നിര്‍ദേശിക്കുന്ന, യുകെ പൗരന്‍ നിരീക്ഷണത്തില്‍ നിന്ന് മാറിപ്പോകാന്‍ ശ്രമിച്ചത് പോലും വലിയ ചര്‍ച്ചയാകുന്ന കേരളത്തിന്‍റെ പ്രവര്‍ത്തനത്തെയാണ് തമിഴ്നാട്ടിലെ ഇതുവരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തില്‍ ഇകഴ്ത്തി കാട്ടാന്‍ ശ്രമിക്കുന്നതെന്നത് ചെന്നൈ മലയാളികളെ ആശ്ചര്യപ്പെടുത്തുന്നുണ്ട്. 

1890 പേര്‍ നിരീക്ഷണത്തിലുള്ള തമിഴ്നാടിന്‍റെ പകുതി ജനസംഖ്യ മാത്രമുള്ള കേരളത്തില്‍ നിരീക്ഷണത്തിലുള്ളത് 31,173 പേരാണ്. 30,936 പേര്‍ വീടുകളിലും 237 ആശുപത്രികളിലും. ആറായിരത്തിലധികം പേരെ ദിനംപ്രതി നിരീക്ഷണത്തിലാക്കുന്നു. 320 സാമ്പിളുകളാണ് തമിഴ്നാട് പരിശോധനയ്ക്ക് അയച്ചതെങ്കിൽ കേരളത്തിലെ കണക്ക് ഇതിന്‍റെ എത്രയോ ഇരട്ടിയാണ്, 2921 സാമ്പിളുകള്‍ .പ്രവാസികള്‍ ഏറെയുള്ള സംസ്ഥാനം എന്നതിനപ്പുറം, കേരളത്തില്‍ കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് ആഴത്തിലുള്ള പരിശോധന കാരണമെന്ന് വ്യക്തമാണ്.

കൊവിഡ് രോഗബാധ സംശയിക്കുന്ന കുടുംബങ്ങള്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതിന് അംഗങ്ങളെ നിയോഗിക്കുന്ന കേരളം, ടെലഫോണ്‍ കൗണ്‍സിലിങ്ങ് ഏര്‍പ്പെടുത്തുന്ന സംവിധാനം .കൊവിഡ് 19നെ പ്രതിരോധിക്കാനുള്ള ബ്രേക്ക് ദ ചെയിന്‍ ക്യാമ്പെയിന് ചൊവാഴ്ച്ച തുടക്കമിട്ട തമിഴ്നാട്, കേരള മാതൃക ഏറ്റെടുക്കണമെന്ന ട്വീറ്റുകളാണ് തമിഴകത്തെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ടുകളില്‍ ഇന്ന് നിറയെ.

Latest Videos
Follow Us:
Download App:
  • android
  • ios