വ്യാജ പിപിഇ കിറ്റുകളുടെ വിൽപന: ദില്ലി സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു, ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട്
സർക്കാർ അംഗീകരിച്ച ഗുണമേന്മയുള്ള കിറ്റുകൾ നിലവിലുള്ളപ്പോള്‍ വിലകുറഞ്ഞ ഗുണനിലവാരം ഇല്ലാത്ത പിപിഇ കിറ്റുകളാണ് പല ആശുപത്രികളും ആരോഗ്യപ്രവർത്തകർക്ക് നൽകുന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസിന്റെ അന്വേഷണത്തിൽ വ്യക്തമായി.
ദില്ലി: വ്യാജ പിപിഇ കിറ്റുകളുടെ വിൽപനയെ കുറിച്ച് ദില്ലി സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. എൻഎസ്‍യു ദേശീയ നവമാധ്യമ വിഭാഗം കോർഡിനേറ്ററും സാമൂഹിക പ്രവർത്തകനുമായ വിനീത് തോമസ് നൽകിയ പരാതിയെ തുടര്‍ന്നാണ് നടപടി. ഗവർണർക്ക് നൽകിയ പരാതി ആരോഗ്യ വകുപ്പിന് കൈമാറി.
ദില്ലിയിലെ മാർക്കറ്റുകളിൽ തുഛമായ വിലയ്ക്ക് വ്യാജ പിപിഇ കിറ്റുകൾ വിൽക്കുന്നത് ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുകൊണ്ടുവന്നത്. അതേസമയം, സർ ഗംഗാറാം ആശുപത്രിയിൽ കൊവിഡ് പരിശോധന നടത്താൻ ദില്ലി സർക്കാർ വീണ്ടും അനുമതി നൽകി. പരിശോധന മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സർ ഗംഗാറാം ആശുപത്രിയിലെ കൊവിഡ് പരിശോധനക്കുള്ള അനുമതി ദില്ലി സർക്കാർ റദ്ദാക്കിയിരുന്നു.
സർക്കാർ അംഗീകരിച്ച ഗുണമേന്മയുള്ള കിറ്റുകൾ നിലവിലുള്ളപ്പോള്‍ വിലകുറഞ്ഞ ഗുണനിലവാരം ഇല്ലാത്ത പിപിഇ കിറ്റുകളാണ് പല ആശുപത്രികളും ആരോഗ്യപ്രവർത്തകർക്ക് നൽകുന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസിന്റെ അന്വേഷണത്തിൽ വ്യക്തമായി. രാജ്യത്ത് അയ്യായിരത്തിലേറെ ആരോഗ്യപ്രവർത്തകർ കൊവിഡ് ബാധിതരാകുമ്പോഴാണ് ഗുണനിലവാരമില്ലാത്ത പിപിഇ കിറ്റുകള്‍ വ്യാപകമാകുന്നത്. ഗുണനിലവാരമുള്ള സർക്കാർ അംഗീകരിച്ച ഒരു ഗ്രേഡ് 3 പിപിഇ കിറ്റിന് 650 രൂപ മുതൽ 1000 രൂപ വരെയാണ് വില. 200 രൂപ മുതല്‍ 350 രൂപ വരെയാണ് അംഗീകാരമില്ലാത്തവയ്ക്ക് വില.
Also Read: വ്യാജ പിപിഇ കിറ്റുകള്‍ തെരുവില്‍ വില്‍പ്പനയ്ക്ക്; ആശുപത്രികളടക്കം വാങ്ങുന്നുവെന്ന് വിൽപ്പനക്കാർ
ഈ ഗുണനിലവാരമില്ലാത്ത കിറ്റുകൾ ആശുപത്രികൾക്ക് കൊടുക്കാറുണ്ടെന്ന് കച്ചവടക്കാരൻ തന്നെ പറയുന്നു. ടെക്സ്റ്റൈല്‍, പ്രതിരോധ മന്ത്രാലയങ്ങളുടെ കീഴിലുള്ള സിത്രയും (sitraയും) ഡിആർഡിഇയും (DRDEയും) അംഗീകരിച്ച സ്ഥാപനങ്ങൾക്കാണ് പിപിഇ കിറ്റുകൾ നിർമ്മിക്കാൻ അനുമതി. സർക്കാരിന്റെ യുണീക്ക് സർട്ടിഫിക്കേഷൻ കോഡ് (Unique Certification Code) ഉൾപ്പടെ കിറ്റിൽ രേഖപ്പെടുത്തണം എന്നാൽ ഇതൊന്നുമില്ലാത്ത കിറ്റുകള്‍ ഇവിടെ കൂട്ടിയിട്ട് വില്‍ക്കുന്നു. കൂടുതൽ ആശുപത്രികളും ആവശ്യപ്പെടുന്നത് വിലകുറഞ്ഞ ഈ പിപിഇ കിറ്റുകളാണെന്ന് മെഡിക്കൽ സാധനങ്ങൾ വിൽക്കുന്ന ഇടനിലക്കാരൻ വെളിപ്പെടുത്തുന്നു. ആരോഗ്യപ്രവർത്തകരിലേക്ക് ഈ കിറ്റുകൾ എത്തുവെന്ന് ആരോഗ്യവിദഗ്ധരും സമ്മതിക്കുന്നു.
Also Read: ആരോഗ്യ പ്രവര്‍ത്തകരുടെ ജീവന് ഭീഷണിയായി വ്യാജ പിപിഇ കിറ്റുകൾ; നടപടിയില്ല