രോഗികള്‍ കുത്തനെ ഉയരുന്നു; ദില്ലിയില്‍ ഹോട്ടലുകളും കൊവിഡ് ചികിത്സാ കേന്ദ്രങ്ങൾ ആക്കുന്നു
രോഗബാധിതരുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് ദില്ലി സർക്കാർ നടപടി. അഞ്ച് സ്വകാര്യ ആശുപത്രികളേയും കൊവിഡ് ആശുപത്രികളാക്കി മാറ്റിയിട്ടുണ്ട്.
ദില്ലി: കൊവിഡ് വ്യാപനം ഗുരുതരമായ ദില്ലിയിൽ ഹോട്ടലുകളും കൊവിഡ് ചികിത്സാ കേന്ദ്രങ്ങൾ ആകുന്നു. ദില്ലി സർക്കാർ പുറത്തിറക്കിയ കൊവിഡ് ആശുപത്രികളുടെ പുതിയ പട്ടികയിൽ അഞ്ച് ഹോട്ടലുകളാണുള്ളത്. ഹോട്ടൽ ക്രൗൺ പ്ലാസ, സൂര്യ, സിദ്ധാർത്ഥ, ഷെറാട്ടൻ, ജിവിതേഷ് എന്നീ ഹോട്ടലുകളാണ് ചികിത്സ കേന്ദ്രങ്ങളാകുന്നത്. രോഗബാധിതരുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് ദില്ലി സർക്കാർ നടപടി. അഞ്ച് സ്വകാര്യ ആശുപത്രികളേയും കൊവിഡ് ആശുപത്രികളാക്കി മാറ്റിയിട്ടുണ്ട്.
ദില്ലിയില്‍ 16281 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 7495 പേര്‍ രോഗമുക്തി നേടി. 316 പേര്‍ മരണപ്പെട്ടു. രാജ്യത്തൊട്ടാകെ 165799 പേര്‍ക്ക് രോഗം പിടിപെട്ടെന്നും 4706 ആളുകള്‍ മരണപ്പെട്ടെന്നുമാണ് ഔദ്യോഗിക കണക്ക്. ആശുപത്രി ബെഡുകളുടെ അഭാവം ദില്ലിയില്‍ വലിയ പ്രതിസന്ധി സൃഷ്‌ടിച്ചിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഹോം ക്വാറന്‍റീന് കൂടുതല്‍ പ്രധാന്യം കൊടുക്കാന്‍ ദില്ലി സര്‍ക്കാര്‍ ഒരുങ്ങുന്നതായും വാര്‍ത്തയുണ്ട്.
Read more: ലോക്ക് ഡൗണ്‍ നീട്ടിയേക്കും; തീരുമാനം ഇന്ന്
അതേസമയം, കർണാടകത്തിൽ പുതിയ കൊവിഡ് പരിശോധന നയം രൂപീകരിച്ചു. മുഴുവൻ വിമാന യാത്രക്കാരെയും അന്തർ സംസ്ഥാന ട്രെയിൻ യാത്രികരെയും നിർബന്ധമായും പരിശോധനക്ക് വിധേയരാക്കും. സ്വകാര്യ ലാബുകളിൽ ആവും പരിശോധന. ഇതിനായി യാത്രക്കാരിൽ നിന്ന് 650 രൂപ വീതം ഈടാക്കും.
Read more: ലോകത്ത് കൊവിഡ് രോഗികള്‍ 60 ലക്ഷം; പിടിവിട്ട് അമേരിക്കയും ബ്രസീലും; യുകെയും ആശങ്കയില്‍