തമിഴ്‌നാട്ടില്‍ കൊവിഡ് മരണനിരക്ക് ഉയരുന്നു; 24 മണിക്കൂറിനിടെ 97 മരണം
കേരളത്തില്‍ നിന്നെത്തിയ 6 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കന്യാകുമാരി ഉള്‍പ്പടെ അതിര്‍ത്തി ജില്ലകളില്‍ രോഗബാധിതര്‍ വര്‍ധിച്ചു.
ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് മരണനിരക്ക് ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 97 പേര്‍ മരിച്ചു. ഇതോടെ മൊത്തം മരണസംഖ്യ 3828 ആയി ഉയര്‍ന്നു. തലസ്ഥാന നഗരമായ ചെന്നൈയില്‍ മാത്രം 18 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. തൂത്തുക്കുടി, തിരുനെല്‍വേലി, കോയമ്പത്തൂര്‍, തേനി ജില്ലകളില്‍ മരണനിരക്ക് കൂടി.
തമിഴ്‌നാട്ടില്‍ 5864 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതര്‍ 239978 ആയി. കേരളത്തില്‍ നിന്നെത്തിയ 6 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കന്യാകുമാരി ഉള്‍പ്പടെ അതിര്‍ത്തി ജില്ലകളില്‍ രോഗബാധിതര്‍ വര്‍ധിച്ചു.
രാജ്യതലസ്ഥാനമായ ദില്ലിയില്‍ ഇന്ന് 1093 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 29 പേര്‍ മരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 1,34,403 ആയി. ആകെ മരണം 3936. നിലവില്‍ 10,743 രോഗികളാണ് ചികിത്സയില്‍ ഉള്ളത്. ആന്ധ്ര പ്രദേശില്‍ ഇന്നും രോഗികള്‍ പതിനായിരം കടന്നു. ഇന്ന് 10167 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 68 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഈസ്റ്റ് ഗോദാവരില്‍ വിശാഖപട്ടണം കുര്‍ണൂല്‍ ജില്ലകളില്‍ ആയിരത്തിലധികം രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തു. 69252 പേരാണ് സംസ്ഥാനത്തു ചികിത്സയിലുള്ളത്. 130557 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. ആകെ 1281 മരണം.