കൊവിഡ് കണക്കിൽ ആശ്വാസം; ഇരുപതിനായിരത്തിൽ താഴെ പ്രതിദിന വർദ്ധന
നാല് സംസ്ഥാനങ്ങളില്‍ നാളെ കൊവിഡ് കുത്തിവെപ്പിന്‍റെ ഡ്രൈ റണ്‍ നടത്തും. വാക്സിനായുള്ള ശീതികരണ സംവിധാനം അടക്കമുള്ളവയുടെ പരിശോധനയും ഇതോടൊപ്പം നടക്കും.
ദില്ലി: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗബാധ ആറ് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. ഇന്നലെ 18,732 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്നാണ് സർക്കാർ പുറത്ത് വിട്ട കണക്ക്. ആറ് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,01,87,850 ആയി. 279 മരണം കൂടി ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചതോടെ ഔദ്യോഗിക മരണസംഖ്യ 1,47,622 ആയി.
നാല് സംസ്ഥാനങ്ങളില്‍ നാളെ കൊവിഡ് കുത്തിവെപ്പിന്‍റെ ഡ്രൈ റണ്‍ നടത്തും. വാക്സിനായുള്ള ശീതികരണ സംവിധാനം അടക്കമുള്ളവയുടെ പരിശോധനയും ഇതോടൊപ്പം നടക്കും. പഞ്ചാബ്, അസം, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് നാളെ ഡ്രൈ റണ്‍ നടക്കുക. ഓരോ സംസ്ഥാനത്തെ രണ്ട് ജില്ലകളിലും അഞ്ച് വ്യത്യസ്ഥ കുത്തിവെപ്പ് കേന്ദ്രങ്ങളിലുമാണ് ഡ്രൈ റണ്‍ നടത്തേണ്ടത്.
കുത്തിവയ്പ്പിനെ തുടർന്ന് ഏന്തെങ്കിലും പ്രത്യാഘാതം ഉണ്ടായാല്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്നതും കുത്തിവെപ്പ് കേന്ദ്രങ്ങളിലെ അണുബാധ നിയന്ത്രണം തുടങ്ങിയവയും ഡ്രൈ റണ്‍ നടത്തുമ്പോൾ നിരീക്ഷിക്കപ്പെടും. ഡ്രൈ റണ്ണിലെ അന്തിമ വിലയിരുത്തല്‍ സംസ്ഥാനങ്ങളുമായും കേന്ദ്രസർക്കാരുമായി പങ്ക് വെക്കും. നാളെയും നാളെ കഴിഞ്ഞുമാണ് ഡ്രൈ റണ്‍ നടക്കുന്നത്.
അതേസമയം അടിയന്തര ഉപയോഗത്തിനുള്ള അനുമതിക്കായി വാക്സിന്‍ കമ്പനികൾ സമര്‍പ്പിച്ച അപേക്ഷകള്‍ അവസാന ഘട്ട പരിഗണനയിലാണ്. ഓക്സഫഡ് വാക്സിനായ കൊവിഷീല്‍ഡ് മാത്രമാണ് നിര്‍ദേശിച്ച എല്ലാ പരീക്ഷണ രേഖകളും സമർപ്പിച്ചിട്ടുള്ളത്. മൂന്നാംഘട്ട പരീക്ഷണം നടക്കുന്ന ഭാരത് ബയോടെക്കിന്‍റെ കൊവാക്സിന്‍ ഇനിയും രേഖകള്‍ സമര്‍പ്പിക്കണം. അനുമതി തേടിയ ഫൈസറും പരീക്ഷണ വിവരങ്ങള്‍ വിദഗ്ധസമിതിക്ക് സമർപ്പിച്ചിട്ടില്ല.