പ്രതിദിനം 5000ത്തിന് മുകളില്‍ കൊവിഡ് രോഗികള്‍; രാജ്യത്ത് അവസ്ഥ വളരെ ഗുരുതരം
രോഗബാധിതരുടെ എണ്ണം കുതിച്ച് ഉയരുന്ന സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരും. അതേസമയം, ജൂൺ ഒന്ന് മുതൽ രാജ്യത്ത് ട്രെയിൻ സർവ്വീസ് ഭാഗികമായി പുന:രാരംഭിക്കാന്‍ തീരുമാനമായി
ദില്ലി: കൊവിഡിൽ രാജ്യത്തെ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തിപതിനായിരം പിന്നിട്ടു. പ്രതിദിനം 5000ത്തിന് മേൽ വർധനയാണ് രോഗബാധിതരുടെ എണ്ണത്തിൽ ഉണ്ടാകുന്നത്. ലോകാരോഗ്യസംഘടനയുടെ കണക്ക് അനുസരിച്ച് ഇന്ത്യയിലെ കൊവിഡ് രോഗികളുടെ എണ്ണം 112,028 ആണ്. ഇതുവരെ 3,434 പേരാണ് കൊവിഡ‍് ബാധിച്ച് രാജ്യത്ത് മരണപ്പെട്ടു.
രോഗബാധിതരുടെ എണ്ണം കുതിച്ച് ഉയരുന്ന സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരും. അതേസമയം, ജൂൺ ഒന്ന് മുതൽ രാജ്യത്ത് ട്രെയിൻ സർവ്വീസ് ഭാഗികമായി പുന:രാരംഭിക്കാന്‍ തീരുമാനമായി. ആഭ്യന്തര-ആരോഗ്യ മന്ത്രാലയങ്ങളുമായുള്ള ചർച്ചക്ക് ശേഷമാണ് തീരുമാനമെന്ന് റയിൽവേ മന്ത്രാലയം അറിയിച്ചു.
ജൂൺ ഒന്നു മുതൽ സർവ്വീസ് ആരംഭിക്കുന്ന 200 ട്രെയിനുകളുടെ പട്ടികയും സർക്കാർ പുറത്തുവിട്ടു. ഇന്ന് മുതൽ ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കുമെന്നും സർക്കാർ അറിയിച്ചു. ഒപ്പം രാജ്യത്ത് ആഭ്യന്തര വിമാനസർവ്വീസുകൾ ഈ മാസം 25 മുതൽ ആരംഭിക്കും. സർവ്വീസ് ആരംഭിക്കുന്നതിനായി എല്ലാ വിമാനത്താവളങ്ങളും സജ്ജമായിട്ടുണ്ട്. യാത്രക്കാർക്കുള്ള നിർദ്ദേശങ്ങൾ ഉടൻ പുറത്തിറങ്ങുമെന്നും വ്യോമയാന മന്ത്രി അറിയിച്ചിരുന്നു.
35 ശതമാനം വിമാന സർവീസുകളാണ് ആദ്യഘട്ടത്തിലുണ്ടാകുക. അന്താരാഷ്ട്ര സർവ്വീസുകൾ എപ്പോൾ തുടങ്ങുമെന്ന് ഇപ്പോൾ പറയാനാവില്ല. സാധാരണക്കാർക്ക് താങ്ങാവുന്ന തുക മാത്രമേ ടിക്കറ്റ് നിരക്കായി ഈടാക്കൂ എന്നും മന്ത്രി പറഞ്ഞു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെത്തുടർന്ന് മാർച്ച് അവസാനത്തോടെയാണ് ആഭ്യന്തര വിമാനസർവ്വീസുകൾ നിർത്തി വച്ചത്.