അകലാതെ കൊവിഡ് ആശങ്ക: മഹാരാഷ്ട്രയിൽ പുതുതായി 3427 രോഗികൾ, തമിഴ്നാട്ടില് മരണനിരക്ക് ഉയരുന്നു

മഹാരാഷ്ട്രയിൽ ഇന്ന് 3427 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തുടർച്ചയായ നാലാം ദിവസമാണ് 
സംസ്ഥാനത്ത് മൂവായിരത്തിലേറെ പേ‍ർക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,04,568 ആയി. 

covid 19 cases and death in india update

ദില്ലി: രാജ്യത്ത് കൊവിഡ് രോഗികൾ മൂന്ന് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ പതിനൊന്നായിരത്തി നാനൂറ്റി അൻപത്തിയെട്ട് പേർ കൂടി രോഗബാധിതരായി. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന കണക്കാണിത്. 24 മണിക്കൂറിനിടെ 386 പേര്‍ക്ക് കൂടി വൈറസ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് മരണം എണ്ണായിരത്ത് എണ്ണൂറ്റി എൺപത്തിനാലായി.

ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകളുള്ള ‍മഹാരാഷ്ട്രയിൽ ഇന്ന് 3427 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തുടർച്ചയായ നാലാം ദിവസമാണ് സംസ്ഥാനത്ത് മൂവായിരത്തിലേറെ പേ‍ർക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,04,568 ആയി. ഇതിൽ 5,1379 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 113 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ, മഹാരാഷ്ട്രയിൽ കൊവിഡ് മരണം 3830 ആയി. അതേസമയം, തെലങ്കാനയിൽ ഇന്ന് 253 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എട്ട് പേര്‍ മരിച്ചു. ഹൈദരാബാദിൽ മാത്രം 179 പുതിയ കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ, ആകെ രോഗികൾ 4737 ആയി. നിലവിൽ 2203 പേരാണ് ചികിത്സയിലുള്ളത്. 

രാജ്യതലസ്ഥാനത്തും കൊവിഡ് ആശങ്കയേറുകയാണ്. ദില്ലിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2134 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 57 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ, ആകെ കൊവിഡ് മരണം 1271 ആയി.  38958 പേര്‍ക്കാണ് രാജ്യതലസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ചത്. നിലവിൽ, 22742 പേരാണ് സംസ്ഥാനത്ത് കൊവിഡ് ചികിത്സയിലുള്ളത്. അതേസമയം, ദില്ലിയിലെ തീവ്രബാധിത മേഖലകളുടെ എണ്ണം 241 ആയി ഉയർന്നു. കര്‍ണാടകയിലും കൊവിഡ് ആശങ്കയേറുകയാണ്. കർണാടകത്തിൽ ഇന്ന് 308 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. മൂന്ന് മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ, ആകെ കേസുകൾ 6284 ആയി. 3092 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്.

അതേസമയം, തമിഴ്നാട്ടിൽ കൊവിഡ് മരണനിരക്ക് ഉയരുകയാണ്. 24 മണിക്കൂറിനിടെ 30 പേരാണ് തമിഴ്നാട്ടിൽ ബാധിച്ച് മരിച്ചത്. ഇതില്‍ 25 മരണവും ചെന്നൈയിലാണ് റിപ്പോര്‍ട്ട് ചെയ്തത്. തമിഴ്നാട്ടിൽ 1989 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ, ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 42687 ആയി. അതേസമയം, ചെന്നൈയിൽ കൊവിഡ് ബാധിതർ 30000 കടന്നു. രോഗവ്യാപനം കൂടുന്ന സാഹചര്യത്തില്‍ ചെന്നൈയില്‍ കൂടുതല്‍ നിയന്ത്രണം കൊണ്ടുവരാനൊരുങ്ങുകയാണ് തമിഴ്നാട് സര്‍ക്കാര്‍. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നടപ്പാക്കുന്നത് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു. ചെന്നൈയില്‍ നിന്ന് തമിഴ്നാട്ടിലെ മറ്റ് ജില്ലകളിലേക്ക് ഇ പാസ് നല്‍കുന്നത് നിര്‍ത്തി വച്ചു. 

അതേസമയം ഒരു എംഎല്‍എക്ക് കൂടി തമിഴ്നാട്ടില്‍ കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിത മേഖലയില്‍ അണ്ണാഡിഎംകെയുടെ സഹായ വിതരണത്തിന് മുന്‍നിരയിലുണ്ടായിരുന്ന എംഎല്‍എ കെ പളനിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ശ്രീപെരുമ്പത്തൂരിലെ കണ്ടൈന്‍മെന്‍റ് സോണുകളില്‍ ഉള്‍പ്പടെ എംഎല്‍എ സന്ദര്‍ശിച്ചിരുന്നു. കടുത്ത ശ്വാസ തടസം അനുഭവപ്പെട്ടതോടെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊവിഡ് ബാധിതര്‍ ഇരട്ടിക്കുന്ന സാഹചര്യത്തില്‍ വീണ്ടും ലോക്ക് ഡൗണ്‍ നടപ്പാക്കണമെന്ന ആവശ്യം ശക്തമായി. കുറഞ്ഞത് 14 ദിവസത്തേക്ക് അടച്ചിടണമെന്നാണ് നിര്‍ദേശം. ഏകോപന ചുമതലയുള്ള മന്ത്രിമാരും ഡോകടര്‍മാരുടെ വിദഗ്ധ സമിതിയും ഇക്കാര്യം ആവശ്യപ്പെട്ടു. 

Latest Videos
Follow Us:
Download App:
  • android
  • ios