കൊവിഡിനെ ചെറുത്ത് തോൽപ്പിച്ച് വയോധിക ദമ്പതികൾ; പിന്നാലെ വരണമാല്യം ചാർത്തി വീണ്ടും ‘വിവാഹിതരായി‘ !
ഇവരുടെ പത്തോളം കുടുംബാംഗങ്ങള്‍ ദിവസങ്ങള്‍ക്ക് മുമ്പ് രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു. വീട്ടമ്മയ്ക്കാണ് ഏറ്റവും ഒടുവില്‍ രോഗം ഭേദമായത്.
ഭോപ്പാൽ: കൊവിഡിനെ ചെറുത്ത് തോൽപ്പിച്ച വയോധിക ദമ്പതികൾ ആശുപത്രി വിട്ടത് പരസ്പരം വരണമാല്യം അണിയിച്ച്. മധ്യപ്രദേശിലാണ് സംഭവം. ഇത് തങ്ങളുടെ രണ്ടാം ജീവിതമാണെന്നും അതിനാലാണ് പരസ്പരം വരണമാല്യം അണിഞ്ഞതെന്നും 62കാരിയായ വീട്ടമ്മ പറഞ്ഞു.
ഗുരുഗ്രാമില്‍ നിന്ന് 20 അംഗ സംഘത്തിനൊപ്പം കഴിഞ്ഞ മാസമാണ് ദമ്പതികൾ ദമോഹയിലെ റാസില്‍പൂര്‍ ഗ്രാമത്തില്‍ മടങ്ങിയെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആദ്യം വീട്ടമ്മയ്ക്ക് രോഗം സ്ഥിരീകരിച്ചു. മെയ് 19നാണ് അവരുടെ പരിശോധനാ ഫലം പുറത്തുവന്നത്. ഇതിന് പിന്നാലെ ഭര്‍ത്താവിനും കൊവിഡ് സ്ഥിരീകരിച്ചു. വീട്ടമ്മയുടെ ഭര്‍ത്താവ് അടക്കം സംഘത്തിലുണ്ടായിരുന്ന 13 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
ഇവരുടെ പത്തോളം കുടുംബാംഗങ്ങള്‍ ദിവസങ്ങള്‍ക്ക് മുമ്പ് രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു. വീട്ടമ്മയ്ക്കാണ് ഏറ്റവും ഒടുവില്‍ രോഗം ഭേദമായത്. കൊവിഡ് ഭേദമായി ആശുപത്രി വിടുന്നവര്‍ക്ക് സന്തോഷകരമായ യാത്രയയപ്പ് നല്‍കുന്നതിന്‍റെ ഭാഗമായി ആശുപത്രി അധികൃതര്‍ തന്നെയാണ് മാലയും മറ്റും സംഘടിപ്പിച്ചത്. ആശുപത്രി അധികൃതര്‍ നല്‍കിയ മാല ദമ്പതികൾ വരണമാല്യമാക്കുകയായിരുന്നു.