ലക്ഷങ്ങൾ വിലയുള്ള ലിവർ പരിശോധന യന്ത്രമടങ്ങിയ ട്രോളിയടക്കം ട്രെയിനിൽ നിന്ന് മോഷ്ടിച്ചു; ദമ്പതികൾ അറസ്റ്റിൽ
മോഷണം വിവരം അറിഞ്ഞതോടെ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചു. ഒരു സ്ത്രീ തന്റെ കൂട്ടാളിയോടൊപ്പം സ്‌കൂട്ടറിൽ ട്രോളി ബാഗ് കൊണ്ട് പോകുന്നത് കണ്ടെത്തിയത് നിര്‍ണായകമായി
ഭോപ്പാൽ: ട്രെയിനില്‍ നിന്ന് ട്രോളി ബാഗുകള്‍ മോഷ്ടിച്ച ദമ്പതികള്‍ അറസ്റ്റിൽ. മധ്യപ്രദേശിലെ ഇൻഡോറില്‍ റെയില്‍വേ പൊലീസാണ് ഇവരെ പിടികൂടിയത്. അഹല്യനഗരി എക്‌സ്‌പ്രസ് ട്രെയിനിൽ വെച്ച് രണ്ട് കൂട്ടാളികളുടെ സഹായത്തോടെ ട്രോളി ബാഗുകൾ ദമ്പതികള്‍ മോഷ്ടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഒരു ബാഗിൽ ലക്ഷങ്ങൾ വിലമതിക്കുന്ന കരൾ പരിശോധന യന്ത്രം ഉണ്ടായിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
മോഷണം വിവരം അറിഞ്ഞതോടെ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചു. ഒരു സ്ത്രീ തന്റെ കൂട്ടാളിയോടൊപ്പം സ്‌കൂട്ടറിൽ ട്രോളി ബാഗ് കൊണ്ട് പോകുന്നത് കണ്ടെത്തിയത് നിര്‍ണായകമായി. തുടർന്ന് പ്രതിയായ പൂജ വർമ്മയെയും പങ്കാളി രാജ്കുമാർ യാദവിനെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവരും കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു. ഇവരുടെ പക്കൽ നിന്ന് കരൾ പരിശോധനാ യന്ത്രവും മോഷ്ടിച്ച മറ്റ് സാധനങ്ങളും കണ്ടെടുത്തു.
അതേസമയം, ഇവരുടെ മറ്റ് രണ്ട് കൂട്ടാളികളെ തിരച്ചിൽ പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. അറസ്റ്റിലായ ദമ്പതികള്‍ മുമ്പും ട്രോളി ബാഗുകൾ മോഷ്ടിച്ചതിന് പിടിയിലായിട്ടുണ്ടെന്ന് ഒരു റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു. മുമ്പ് ഇത്തരം നാല് സംഭവങ്ങളിലാണ് ഇവർ ഉള്‍പ്പെട്ടിട്ടുള്ളത്. അതേസമയം, തിരക്കേറിയ നഗരത്തിലെ ജ്വല്ലറി ഷോറൂമില്‍ നിറ തോക്കുമായി മോഷ്ടിക്കാന്‍ കയറിയ കള്ളനെ ജീവനക്കാര്‍ പിടികൂടാന്‍ ശ്രമിച്ചതോടെ പുറത്തിറങ്ങി വെടിയുതിര്‍ത്ത സംഭവവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
അഹമ്മദാബാദിലെ മണിനഗറില്‍ നടന്ന സംഭവത്തിന്റെ നടുക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. തോക്കുമായി ഓടുന്ന ഇയാളെ പിടികൂടാനായി ആളുകള്‍ പിന്നാലെ ഓടുന്നതും വീഡിയോയില്‍ കാണാം. ചൊവ്വാഴ്ച തിരക്കേറിയ സമയത്താണ് എല്‍.ജി ഹോസ്‍പിറ്റലിന് സമീപത്തുള്ള ജ്വല്ലറിയില്‍ ഇയാള്‍ മോഷ്ടിക്കാന്‍ കയറിയത്. കൈയില്‍ കരുതിയിരുന്ന പിസ്റ്റള്‍ ചൂണ്ടി ജീവനക്കാരെയും ജ്വല്ലറി ഉടമയെയും ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അവര്‍ എതിര്‍ക്കാന്‍ ശ്രമിച്ചതോടെ ഇയാള്‍ ഭയന്നു. പിടിക്കപ്പെടുമെന്ന് പേടിച്ച് ഷോപ്പില്‍ നിന്ന് പുറത്തിറങ്ങി. എന്നാല്‍ പ്രതീക്ഷിച്ച പോലെ മോഷ്ടിക്കാന്‍ സാധിക്കാത്തതിന്റെ ദേഷ്യത്തില്‍ ഇയാള്‍ ഏതാനും റൗണ്ട് വെടിയുതിര്‍ക്കുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം