മൃതദേഹങ്ങള്‍ ഹാളില്‍, രോഗികള്‍ തറയില്‍; ആശങ്കയോടെ മുംബൈ
മഹാരാഷ്ട്രയിലാണ് രാജ്യത്തെ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍. മഹാരാഷ്ട്രയില്‍ തന്നെ മുംബൈയിലാണ് കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മുംബൈ: കൊവിഡ് രോഗികളുടെ ആധിക്യത്താല്‍ മുംബൈയിലെ ആശുപത്രികളില്‍ അടിസ്ഥാന സൗകര്യം പോലുമില്ലെന്ന് റിപ്പോര്‍ട്ട്. രോഗം ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ഹാളിലും രോഗികള്‍ തറയിലുമാണ് കിടക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മറ്റ് രോഗങ്ങളുമായി എത്തുന്നവര്‍ക്ക് ചികിത്സ ലഭ്യമാകുന്നില്ലെന്നും ആരോപണമുയര്‍ന്നു. തലക്ക് ഗുരുതര പരിക്കേറ്റ് എത്തിയ സ്ത്രീക്ക് ചികിത്സ നിഷേധിച്ചതിനാല്‍ മരിച്ച സംഭവവും റിപ്പോര്‍ട്ട് ചെയ്തു. മിക്ക ആശുപത്രികളിലും മതിയായ ഐസിയു, വെന്റിലേറ്റര്‍ സൗകര്യം ലഭ്യമല്ലാത്തത് ഡോക്ടര്‍മാരെ വലക്കുന്നുണ്ട്. മുംബൈയിലെ പൊതുജനാരോഗ്യ സംവിധാനത്തിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.
'ഓരോ ദിവസവും പുതിയ വാര്‍ഡുകള്‍ തുറക്കും. മണിക്കൂറുകള്‍ക്കുള്ളില്‍ വാര്‍ഡില്‍ രോഗികള്‍ നിറയും'- സെന്‍ട്രല്‍ മുംബൈയിലെ എഡ്വേര്‍ഡ് മെമോറിയല്‍ ആശുപത്രിയിലെ ഡോക്ടര്‍ സാദ് അഹമദ് പറഞ്ഞു. എല്ലാ വാര്‍ഡുകളും ഇപ്പോള്‍ കൊവിഡ് വാര്‍ഡുകളാണെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് മുക്തമാണെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കാതെ ചില ആശുപത്രികള്‍ രോഗികളെ പ്രവേശിപ്പിക്കുന്നില്ലെന്നും ആരോപണമുയര്‍ന്നു. കൊവിഡ് രോഗബാധയേറ്റവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും പലയിടത്തും സാമൂഹിക വിലക്ക് ഏര്‍പ്പെടുത്തുന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗം ഭേദമായാല്‍ പോലും ഇവര്‍ക്ക് പുറത്തിറങ്ങാനാകാത്ത അവസ്ഥയാണ്.
മഹാരാഷ്ട്രയിലാണ് രാജ്യത്തെ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍. മഹാരാഷ്ട്രയില്‍ തന്നെ മുംബൈയിലാണ് കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കയോടെയാണ് രാജ്യം നോക്കിക്കാണുന്നത്.