കൊറോണ സ്വാഭാവിക വൈറസല്ല, ലാബില്‍ സൃഷ്ടിച്ചത്: നിതിന്‍ ഗഡ്കരി
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അടക്കമുള്ള നേതാക്കള്‍ ഇതേ അഭിപ്രായം പറഞ്ഞിരുന്നു. എന്നാല്‍, ഇന്ത്യയില്‍നിന്ന് ആദ്യമായാണ് ഇത്തരമൊരു അഭിപ്രായം പറയുന്നത്.
ദില്ലി: കൊറോണവൈറസ് പ്രകൃതിയില്‍ സ്വാഭാവികമായി ഉണ്ടായതല്ലെന്നും ലാബില്‍ നിര്‍മിച്ചതാണെന്നും കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനം. കൊറോണവൈറസ് പ്രകൃതിയില്‍ സ്വാഭാവികമായി ഉണ്ടായതല്ലെന്ന് ബോധ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അടക്കമുള്ള നേതാക്കള്‍ ഇതേ അഭിപ്രായം പറഞ്ഞിരുന്നു. എന്നാല്‍, ഇന്ത്യയില്‍നിന്ന് ആദ്യമായാണ് ഇത്തരമൊരു അഭിപ്രായം പറയുന്നത്.
'കൊറോണവൈറസിനോടൊപ്പം ജീവിക്കുന്നതിന്റെ കല നാം സ്വായത്തമാക്കണം. ഇത് സ്വാഭാവിക വൈറസല്ല. കൃത്രിമമായി സൃഷ്ടിച്ചതാണ്. ലോകത്താകമാനമുള്ള രാജ്യങ്ങള്‍ വാക്‌സിന്‍ കണ്ടുപിടിക്കാനായി ഗവേഷണം നടത്തുന്നു. എന്നാല്‍ ഇതുവരെ വാക്‌സിന്‍ ലഭ്യമല്ല. സമീപകാലത്ത് വാക്‌സിന്‍ കണ്ടെത്തിയേക്കാം. എങ്കില്‍ മാത്രമേ പ്രശ്‌നം ഒഴിവാകുകയുള്ളൂ'-ഗഡ്കരി പറഞ്ഞു.
വൈറസിനെ വേഗത്തില്‍ തിരിച്ചറിയാനുള്ള സാങ്കേതികത ആവശ്യമാണ്. ലാബില്‍ സൃഷ്ടിക്കപ്പെട്ടതിനാല്‍ വൈറസ് വ്യാപനം അപ്രതീക്ഷിതമായിരുന്നു. ലോകവും ഇന്ത്യയും ശാസ്ത്രവുമെല്ലാം വൈറസിനെതിരെ തയ്യാറായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനൊരു പരിഹാരമായാല്‍ നമുക്ക് ആത്മവിശ്വാസം വര്‍ധിക്കുമെന്നും വാക്‌സിന്‍ കണ്ടെത്തിയാല്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു.
വൈറസ് വുഹാനിലെ വൈറോളജി ലാബില്‍ സൃഷ്ടിക്കപ്പെട്ടതാണെന്നും അബദ്ധത്തില്‍ പുറത്തുചാടിയതാണെന്നും വാദമുയര്‍ന്നിരുന്നു. എന്നാല്‍ ഈ വാദത്തെ ചൈന തള്ളി. വൈറസ് മനുഷ്യ നിര്‍മിതമല്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു.