ബംഗാളില്‍ നിന്ന് കൊറോണ പോയി, ലോക്ക്ഡൗണ്‍ ബിജെപിയെ ഭയന്ന്: ബിജെപി അധ്യക്ഷന്‍
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ബിജെപി കൂറ്റന്‍ റാലി നടത്തിയതെന്നും ആരോപണമുണ്ട്. റാലിയില്‍ പങ്കെടുത്ത നേതാക്കളും മാസ്‌ക് ധരിച്ചിട്ടില്ല.
കൊല്‍ക്കത്ത: ബംഗാളില്‍ നിന്ന് കൊറോണവൈറസ് പോയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലിപ് ഘോഷ്. ഹൂഗ്ലിയില്‍ സംഘടിപ്പിച്ച റാലിയിലാണ് ദിലിപ് ഘോഷ് ഇക്കാര്യം പറഞ്ഞത്. 'ജനക്കൂട്ടം സന്തോഷം തരുന്നതാണ്. ഇവിടെ ഈ തിരക്കുകാണുന്നത് ദീദിക്കും(മമതാ ബാനര്‍ജി) സഹോദരങ്ങള്‍ക്കും അത്ര സുഖമുള്ള കാര്യമല്ല. ബംഗാളില്‍നിന്ന് കൊറോണ പോയി. ബിജെപി യോഗങ്ങളും റാലികളും സംഘടിപ്പിക്കാതിരിക്കാനാണ് സംസ്ഥാനത്ത് ഇപ്പോള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കുന്നത്ട- അദ്ദേഹം ആരോപിച്ചു.
നൂറുകണക്കിന് ആളുകളാണ് ബിജെപി നടത്തിയ റാലിയില്‍ പങ്കെടുത്തത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ബിജെപി കൂറ്റന്‍ റാലി നടത്തിയതെന്നും ആരോപണമുണ്ട്. റാലിയില്‍ പങ്കെടുത്ത നേതാക്കളും മാസ്‌ക് ധരിച്ചിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറില്‍ 95735 ആളുകള്‍ക്ക് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച അവസരത്തിലാണ് ബിജെപി നേതാവിന്റെ പ്രസ്താവന. ബുധനാഴ്ച 3107 പേര്‍ക്കാണ് ബംഗാളില്‍ കൊവിഡ് സ്ഥിരീകരിച്ചത്.
കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് 3000ത്തിലധികം കൊവിഡ് കേസുകളാണ് പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്നത്. ബംഗാളില്‍ ഇതുവരെ 3730 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. മൊത്തം 1.9 ലക്ഷം ആളുകള്‍ക്ക് രോഗം ബാധിച്ചു.