ക്ഷേത്രത്തിനുള്ളിൽ മാസ്ക് ധരിച്ചില്ല; കുടുംബാംഗങ്ങളുടെ മുന്നിലിട്ട് പൊലീസ് യുവാവിനെ തല്ലിച്ചതച്ചു
മകന് മർദ്ദനമേൽക്കുന്നത് കണ്ട പിതാവ്, മകനെ വിട്ടയക്കാനും ഇനി മേലിൽ തെറ്റ് ആവർത്തിക്കുകയില്ലെന്നും അപേക്ഷിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കാൻ പൊലീസ് ഉദ്യോഗസ്ഥർ തയ്യാറായില്ല.
ഒഡിഷ: ക്ഷേത്രത്തിനുള്ളിൽ മാസ്ക് ധരിച്ചില്ലെന്ന കാരണത്താൽ യുവാവിനെ കുടുംബാംഗങ്ങൾക്ക് മുന്നിലിട്ട് തല്ലിച്ചതച്ച് പൊലീസ്. ഒഡീഷയിലെ ഭദ്രക് ജില്ലയിലെ അറാഡി പൊലീസ് സ്റ്റേഷന് സമീപത്താണ് സംഭവം. ബത്താലി ഗ്രാമത്തിലെ ശുഭരജ്ഞൻ മേകാപ് എന്ന യുവാവിനാണ് മർദ്ദനമേറ്റത്. ഏപ്രിൽ 10നാണ് സംഭവം നടന്നത്. മകന് മർദ്ദനമേൽക്കുന്നത് കണ്ട പിതാവ്, മകനെ വിട്ടയക്കാനും ഇനി മേലിൽ തെറ്റ് ആവർത്തിക്കുകയില്ലെന്നും അപേക്ഷിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കാൻ പൊലീസ് ഉദ്യോഗസ്ഥർ തയ്യാറായില്ല.
സംഭവത്തിന്റെ വീഡിയോ മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്യാനുള്ള യുവാവിന്റെ പെട്ടെന്നുളള ശ്രമമാണ് പൊലീസുകാരെ കൂടുതൽ പ്രകോപിപ്പിച്ചത്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷിക്കാൻ സബ് ഡിവിഷണൽ ഓഫീസരം ചുമതലപ്പെടുത്തിയതായി ഭദ്രക് എസ് പി ചരൺ മീന പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം പൊലീസുകാർക്കെതിരെ വെറും വീഡിയോയുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.