ഹോസ്റ്റലിൽ മദ്യത്തിന്‍റെയും മാംസാഹാരത്തിന്‍റെയും മണം; പരിശോധന, വിദ്യാർഥിയെ പുറത്താക്കി ഗുജറാത്ത് വിദ്യാപീഠം

1920ൽ മഹാത്മാഗാന്ധി സ്ഥാപിച്ച സർവ്വകലാശാലയുടെ അഡ്മിനിസ്ട്രേഷൻ, ഹോസ്റ്റൽ മാനേജ്‌മെന്റ് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് നടപടിയെടുത്തത്.

consuming non veg food and alcohol phd student expelled from Gujarat Vidyapith btb

അഹമ്മദാബാദ്: ഹോസ്റ്റൽ മുറിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കുകയും മാംസാഹാരം ഭക്ഷിക്കുകയും ചെയ്ത പിഎച്ച്ഡി വിദ്യാര്‍ത്ഥിയെ ഗുജറാത്ത് വിദ്യാപീഠം പുറത്താക്കി. സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികളല്ലാത്ത സുഹൃത്തുക്കളുമായാണ് പിഎച്ച്ഡി വിദ്യാര്‍ത്ഥി മദ്യപിക്കുകയും മാംസാഹാരം ഭക്ഷിക്കുകയും ചെയ്തത്. 1920ൽ മഹാത്മാഗാന്ധി സ്ഥാപിച്ച സർവ്വകലാശാലയുടെ അഡ്മിനിസ്ട്രേഷൻ, ഹോസ്റ്റൽ മാനേജ്‌മെന്റ് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് നടപടിയെടുത്തത്.

യൂണിവേഴ്സിറ്റിയുടെ ആശ്രാമം റോഡ് ക്യാമ്പസിലെ ആൺകുട്ടികളുടെ ഹോസ്റ്റലിനുള്ളിലെ പിഎച്ച്ഡി വിദ്യാർത്ഥിയുടെ മുറിയിൽ വിദ്യാർത്ഥികളല്ലാത്ത ചിലര്‍ ഒത്തുകൂടിയതായി ഹോസ്റ്റലില്‍ താമസിക്കുന്ന മറ്റ് വിദ്യാര്‍ത്ഥികള്‍ അധികൃതരെ അറിയിക്കുകയായിരുന്നു. ഹോസ്റ്റലിലെ ഒരു മുറിയിൽ നിന്ന് നോൺ-വെജിറ്റേറിയൻ ഭക്ഷണത്തിന്റെയും മദ്യത്തിന്റെയും മണം വന്നതായിട്ടായിരുന്നു പരാതി.

ഹോസ്റ്റൽ മാനേജ്‌മെന്റ് കമ്മിറ്റി അധികൃതര്‍ ഇതോടെ പരിശോധന നടത്തുകയായിരുന്നുവെന്ന് ഗുജറാത്ത് വിദ്യാപീഠത്തിന്റെ ആക്ടിംഗ് വൈസ് ചാൻസലർ ഭരത് ജോഷി പറഞ്ഞു. പിഎച്ച്ഡി വിദ്യാർത്ഥിയും മറ്റ് ചില സുഹൃത്തുക്കളും ചേർന്ന് സസ്യേതര ഭക്ഷണവും മദ്യവും കഴിക്കുന്നതായി അധികൃതര്‍ കണ്ടെത്തി. ഹോസ്റ്റൽ പരിസരം ഉൾപ്പെടെയുള്ള ക്യാമ്പസിൽ മാംസാഹാരം ഗുജറാത്ത് വിദ്യാപീഠം വിലക്കിയിട്ടുണ്ട്.

ഗുജറാത്ത് സംസ്ഥാനത്ത് മദ്യത്തിനും നിരോധനമുണ്ട്. അതേസമയം, കയ്യോടെ പിടിക്കപ്പെട്ടതോടെ പിഎച്ച്ഡി വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ നിന്ന് പോയെന്നും ഭാരത് ജോഷി പറഞ്ഞു. ഉടൻ തന്നെ ഹോസ്റ്റല്‍ മുറി അധികൃതര്‍ സീല്‍ ചെയ്യുകയും ചെയ്തു. അതേസമയം, വിദ്യാർത്ഥിക്കെതിരെ ഔദ്യോഗികമായി പൊലീസിൽ പരാതിയൊന്നും ലഭിച്ചിട്ടില്ല.

പക്ഷേ വിദ്യാർത്ഥികളല്ലാത്തവർക്ക് ഹോസ്റ്റൽ പരിസരത്ത് എങ്ങനെ പ്രവേശനം ലഭിച്ചുവെന്ന് കണ്ടെത്താൻ സർവകലാശാല ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിഷയത്തിൽ അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് സർവ്വകലാശാലാ അഡ്മിനിസ്ട്രേഷന് സമർപ്പിക്കാനുള്ള ചുമതല ഹോസ്റ്റൽ മാനേജ്‌മെന്റ് കമ്മിറ്റിയെ ഏൽപ്പിച്ചു. ഈ സംഭവത്തിന്റെ വെളിച്ചത്തിൽ സർവകലാശാല നിയന്ത്രണങ്ങൾ ശക്തമാക്കുമെന്നും അധികൃതർ വിശദീകരിച്ചു. 

എല്ലാം ഇനി 'മായ'യുടെ കൈകളിൽ; പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം സജ്ജം, വമ്പൻ മുന്നേറ്റവുമായി പ്രതിരോധ മന്ത്രാലയം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios